ഒറ്റയ്ക്ക് നിര്‍ത്തിയ സ്വം, മായാത്ത സിഗ്‌നേച്ചര്‍, കാമറ വുമണ്‍; ഷാജി.എന്‍ കരുണിന്റെ പരീക്ഷണങ്ങള്‍

8 months ago 7

Shaji N Karun, Deedi Damodaran

ഷാജി എൻ കരുൺ, ദീദി ദാമോദരൻ

ഞാന്‍ ആറാമത്തെ കീമോ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികേയെത്തിയ കാലത്താണ് ഷാജി. എന്‍. കരുണ്‍ 'വെയ്റ്റിങ്' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിക്കുവേണ്ടി സമീപിക്കുന്നത്. മരണത്തെ കാത്തിരിക്കുന്നവരെക്കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. എങ്ങനെയാണ് ആ കാത്തിരിപ്പ് ഓരോരുത്തര്‍ക്കും വേറിട്ടതാവുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ക്യാമറയ്ക്കാവശ്യം. ആറാമത്തെ കീമോതെറാപ്പി എന്നുപറയുമ്പോള്‍തന്നെ അവസ്ഥ മനസ്സിലാവുമല്ലോ. അങ്ങനെയൊരു അവസ്ഥയില്‍ തുടങ്ങിയ ആ വ്യക്തിബന്ധം അവസാനം വരെ ആത്മാര്‍ഥമായി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ത്തന്നെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്. ആ കരുതല്‍ അദ്ദേഹം അവസാനം വരെ തന്നു.

ഷാജി.എന്‍. കരുണ്‍ അച്ഛനോടൊപ്പം (ടി.ദാമോദരന്‍) ജോലി ചെയ്തിരുന്നു. അച്ഛനുമായി വളരെ നല്ല അടുപ്പമായിരുന്നു. അദ്ദേഹം വരുന്നുവെന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠതയെക്കുറിച്ചായിരുന്നു. അദ്ദേഹം എത്തുന്ന സമയം പറഞ്ഞത് മൂന്നരയായിരുന്നു. ഞാന്‍ പുറത്തുപോയിരിക്കുകയായിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു; 'ഷാജിയായതുകൊണ്ട് ഒരിക്കലും നീയെത്തുന്ന സമയം മൂന്നേമുപ്പത്തിയഞ്ച് ആവരുത്.' അദ്ദേഹത്തിന്റെ കൃത്യനിഷ്ഠതയെ അച്ഛന്‍ ബഹുമാനിച്ചിരുന്നു.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാളസിനിമയെ വേറിട്ടുനിര്‍ത്തിയ സംവിധായകനാണ്‌ ഷാജി എന്‍ കരുണ്‍. സിനിമയുടെ പല ഒഴുക്കിലും വേറിട്ടുതുഴഞ്ഞ തുഴഞ്ഞ പ്രതിഭ. കുട്ടിസ്രാങ്കില്‍ ഒരു വനിതാ സിനിമാറ്റോഗ്രാഫറെ അദ്ദേഹത്തിന് കൊണ്ടുവരാന്‍ പറ്റി. അവര്‍ക്ക് ദേശീയ അവാര്‍ഡും ലഭിച്ചു. അന്നത്തെ അവാര്‍ഡ് പ്രഖ്യാപനവും വിചിത്രമായിരുന്നു; 'മികച്ച ക്യാമറാമാന്‍ അഞ്ജലി ശുക്ല' എന്നാണ് എഴുതിക്കാണിച്ചിരുന്നത്. ക്യാമറാവുമണ്‍ എന്നോ ക്യാമറാപേഴ്‌സണ്‍ എന്നോ നമ്മള്‍ അന്ന് പറഞ്ഞുതുടങ്ങിയിട്ടില്ലായിരുന്നു. ക്യാമറാമെന്‍ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയായിരുന്നു അത്. സിനിമാമേഖലയ്ക്കുള്ള വലിയൊരു സംഭാവനയായിട്ടാണ് കുട്ടിസ്രാങ്കിലെ ക്യാമറാവുമണിനെ ഞാന്‍ കാണുന്നത്. ഇന്ത്യന്‍ സിനിമകണ്ട മികച്ച ഛായാഗ്രാഹകനായിരുന്നിട്ടുകൂടി തന്റെ ഏറെ പ്രധാനപ്പെട്ട ഒരു സിനിമയ്ക്കായി ക്യാമറ അദ്ദേഹം ഒരു സ്ത്രീയെ വിശ്വസിച്ചു എന്നത് ഒരു ആര്‍ജ്ജവം കൂടിയാണ്.

എല്ലാ ചലച്ചിത്രമേളകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവുമായിരുന്നു. ഐഎഫ്എഫ്‌ഐയുടെ സിഗ്നേച്ചര്‍ ഫിലിമായി കുറേക്കാലം പ്രദര്‍ശിപ്പിച്ചിരുന്നത് ഷാജി.എന്‍. കരുണിന്റെ ചിത്രങ്ങളായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പലര്‍ക്കും ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സമചിത്തതയോടെ കേള്‍ക്കുന്ന ഒരാളായിരുന്നു എനിക്ക് അദ്ദേഹം. കെ.
എസ്.എഫ്.ഡിസിയുടെ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് വനിതാസംവിധായകരുടെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി സംസാരിക്കാന്‍ ഇരിക്കണം എന്നദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തയ്യാറായി. ഒരുദിവസം അതിനുവേണ്ടി നീക്കിവെക്കാം എന്നദ്ദേഹം പറഞ്ഞിരുന്നു. രണ്ടുഭാഗവും കേള്‍ക്കുക എന്നതായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. വനിതാ സംവിധായകര്‍ക്കും ഷാജി എന്‍ കരുണിനും അല്ലെങ്കില്‍ കെ.എസ്.എഫ്.ഡി.സിയിലെ
ഉത്തരവാദിത്തപ്പെട്ടവര്‍ക്കും പറയാനുള്ള കേള്‍ക്കാം, ചര്‍ച്ച ചെയ്യാം എന്നന തീരുമാനത്തിലെത്തിയിരുന്നു. പക്ഷേ ഇരിക്കാന്‍ പറ്റിയില്ല എന്നതില്‍ എനിക്ക് വിഷമമുണ്ട്.

അദ്ദേഹവുമായി വളരെയടുത്ത വ്യക്തിബന്ധം ഞാന്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഞാനുമായി ഒത്തുപോവുന്നതല്ലായിരുന്നിട്ടും സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ തലങ്ങള്‍ അദ്ദേഹം വിശദമാക്കുമ്പോഴായിരുന്നു ഞാന്‍ മനസ്സിലാക്കിയിരുന്നത്. 'സ്വം' എന്ന പദത്തിന് ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റില്ല എന്നും ആ സിനിമയ്ക്ക് സ്വം എന്ന പേരിടുന്നത് അതിലെ സ്ത്രീ ഒരു ഏകാകിയായതുകൊണ്ടാണ് എന്ന് അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സ്വം എന്ന പദം മറ്റുപദത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ആ പദത്തെ ഒറ്റയ്ക്കുനിര്‍ത്തി ഒരു സ്ത്രീകഥാപാത്രത്തിലൂടെ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ബൗദ്ധികമായ കഴിവ് തന്നെയാണ്.

അദ്ദേഹത്തിന്റെ സംവിധാനപാടവത്തിനും ഒരു പടി മുകളിലായിട്ടാണ് അദ്ദേഹത്തിലെ ഛായാഗ്രാഹകനെ ഞാന്‍ കണ്ടിട്ടുള്ളത്. വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ വേറിട്ട പരീക്ഷണങ്ങളായിരുന്നു. മമ്മൂട്ടിയുടെ ശരീരം ആദ്യമായി 'ഫീമെയില്‍ ഗേസി'ന് വിധേയമാകുന്നത് ഈ ചിത്രത്തിലൂടെയാണ്. അഞ്ജലി ശുക്ലയുടെ ക്യാമറക്കണ്ണുകളാണ് ആ 'ഗേസ്' പിടിച്ചെടുത്തത്. ബോക്‌സ്ഓഫീസ് എന്ന സംഗതി ഒട്ടും ആകര്‍ഷിക്കപ്പെടാത്ത സംവിധായകനായിരുന്നു അദ്ദേഹം. കമേഷ്യല്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് കനമുള്ള സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.

മലയാള സിനിമാപോളിസിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സിനിമയ്ക്കകത്തെ ഓരോ സംഘടനകളെയും അദ്ദേഹം നേരില്‍ കണ്ടിരുന്നു. ഡബ്ല്യുസിസിയെ വിളിച്ചപ്പോള്‍ ഞങ്ങള്‍ തയ്യാറെടുപ്പുകളോടെയായിരുന്നു പോയത്. പക്ഷേ അവിടെനിന്നും തിരിച്ചിങ്ങോട്ട് ഒരു സെറ്റ് ചോദ്യങ്ങള്‍ തരികയായിരുന്നു. അതില്‍ത്തന്നെ എനിക്ക് വിയോജിപ്പ് വന്നു - 'പൈതൃകം കാത്തുസൂക്ഷിക്കാന്‍' എന്ന ഒരു പ്രയോഗം അതിലുണ്ടായിരുന്നു. അതേച്ചൊല്ലി എനിക്ക് വിയോജിപ്പ് വന്നു. പൈതൃകം എന്നത് സമ്പൂര്‍ണമായിട്ടുള്ള പിതൃമേധാവിത്ത നാമകരണമാണെന്നും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ചുവരുന്ന ഞങ്ങള്‍ക്കില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു ഞാന്‍ വിയോജിച്ചത്. സാധാരണയായി ഇങ്ങനെയൊക്കെ പറഞ്ഞുതുടങ്ങുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമാവാറില്ല. സംഘര്‍ഷം അവിടെ നിന്ന് തുടങ്ങുകയാണ് പതിവ്. പക്ഷേ സഹിഷ്ണുതയോടെ അദ്ദേഹം അതെല്ലാം കേട്ടു. പൈതൃകം എന്ന വാക്ക് ഉപയോഗിച്ചുവരുന്നതിനെക്കുറിച്ച് സംസാരിച്ചു. എതിര്‍പ്പുകളെ സഹിഷ്ണുതയോടെ കാണാനും അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി വേദനനിറഞ്ഞതാണ്.

Content Highlights: deedi damadaran pays homage to shaji n karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article