ഒറ്റരാത്രികൊണ്ട് പണം എവിടെനിന്ന്? ഉത്തരംമുട്ടുമ്പോള്‍ ജാതി കാര്‍ഡ്; ജീവനക്കാര്‍ക്ക് മറുപടിയുമായി ദിയ

7 months ago 7

diya

ദിയ കൃഷ്ണ | Photo: Facebook:Diya Krishna, Mathrubhumi News

തിരുവനന്തപുരം: സ്വന്തം ആഭരണക്കടയിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണ. ആരോപണങ്ങൾക്കൊന്നും പരാതിക്കാർ തെളിവ് ഹാജരാക്കിയില്ല. അവർ എന്ന് തെളിവ് നൽകുന്നോ അന്ന് ആരോപണങ്ങൾ ഏറ്റെടുക്കാമെന്നും ദിയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

എന്ത് പറഞ്ഞാലും അതിന് തെളിവ് ആവശ്യമാണല്ലോ. ഞാൻ എന്തൊക്കെ ആരോപണങ്ങൾ അവർക്കെതിരേ പറയേണ്ട അവസ്ഥ വന്നോ എല്ലാത്തിനുമുള്ള തെളിവ് പുറത്തുവിട്ടിട്ടുണ്ട്. ഇവർ പറയുന്നതുപോലെ ഒരു തെളിവും ഇവരുടെ കയ്യിൽ നിന്ന് മാധ്യമങ്ങൾക്കോ പോലീസിനോ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അവർ എന്ന് തെളിവ് നൽകുന്നോ അന്ന് ആരോപണങ്ങൾ ഏറ്റെടുക്കാം.

അവർ പണം നൽകി എന്ന് പറയുന്ന ദിവസം രാവിലെ ഞാൻ ഗർഭിണിയാണെന്ന കാര്യം അവരോട് പറഞ്ഞുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. ഇവരുടെ ഭർത്താക്കന്മാർ അന്ന് എന്റെ നമ്പറിൽ മാറി മാറി വിളിച്ചു. ഞാൻ എടുക്കാതെ വന്നപ്പോൾ എന്റെ ഭർത്താവിനേയും വിളിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഇവരുടെ ആവശ്യം. കൃഷ്ണകുമാറിനോട് വിഷയം പറയരുതെന്ന് സാമൂഹ്യമാധ്യമങ്ങളിൽ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.

ഇവർ ചെയ്ത തട്ടിപ്പ് ചെറുതല്ല എന്നതായിരുന്നു എന്റെ മറുപടി. ക്രിമിനൽ കുറ്റകൃത്യം ചെയ്തവരുടെ ചിത്രം പുറത്തുവരണമെന്നായിരുന്നു അന്ന് പറഞ്ഞത്. ഭാര്യമാർക്ക് തെറ്റുപറ്റിയതാണെന്നും എന്ത് നഷ്ടപരിഹാരവും നൽകാമെന്ന് ഇവർ പറഞ്ഞു.

പറ്റുന്ന പണം സംഘടിപ്പിച്ച് എനിക്ക് കൊണ്ടുതരാനായിരുന്നു അന്ന് അവരോട് പറഞ്ഞത്. അവരുടെ കയ്യിൽ ഇല്ല എന്ന് വിചാരിച്ചാണ് ഇതുപറഞ്ഞത്. എന്നാൽ, രാവിലെ മുതൽ ഭർത്താവിന് ഫോൺ കോളുകൾ വരാൻ തുടങ്ങി. പണം കൊണ്ട് വന്നിട്ടുണ്ടെന്നായിരുന്നു ഇവർ പറഞ്ഞത്. താഴെ എത്തിയപ്പോൾ അവർ താഴെ ഉണ്ട്. ഞാൻ അവരുടെ മുന്നിൽ കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.

അതിനിടെ, അമ്മയും സഹോദരിമാരും ഫ്‌ലാറ്റിൽ വന്നപ്പോൾ ഇവർ ഇങ്ങനെ ഇരിക്കുകയാണ്. വന്നുകയറി അവർ സംസാരിക്കാൻ തുടങ്ങി. ഈ സമയത്ത് ഇവർ എല്ലാ സത്യവും പറഞ്ഞു. പറ്റിപ്പോയി എന്നാണ് പറഞ്ഞത്. കണക്ക് ചോദിച്ചപ്പോൾ കുറേ ആയി പണം എടുക്കുകയാണെന്നും ക്ഷമിക്കണമെന്നും ആവർത്തിച്ച് പറഞ്ഞു.

അവർ ഒറ്റരാത്രികൊണ്ട് ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന് ചോദിക്കുമ്പോൾ അവർ മറുപടി പറയുന്നില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ പണം തന്നത്. അവർ പണം തരാൻ തയ്യാറായതുകൊണ്ടാണ് അത് ഞങ്ങൾ വാങ്ങിയത്.

അധികാരത്തോടെ സംസാരിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ അവർക്ക് ശമ്പളം നൽകുന്ന ആളാണ്. അതിന്റെ അധികാരം എനിക്കുണ്ടല്ലോ. ഉത്തരം മുട്ടുമ്പോൾ ജാതി കാർഡ് ഇറക്കുകയാണ്. ഇവരുടെ കൂടെയിരുന്നു ജോലി ചെയ്ത ആളാണ് ഞാൻ. ജാതിക്കു പ്രശ്‌നം ഉണ്ടെങ്കിൽ ഇവരെ ഞാൻ എന്തിനാണ് എടുത്തത്. ഈ മൂന്നുപേരെ ഞാൻ എന്തിന് എടുക്കണം. എന്തിനാണ് ഇതിൽ ജാതിയും മതവും കൊണ്ടുവരുന്നതെന്ന് എനിക്ക് അറിയില്ല.

നമ്മുടെ മുഖം പുറത്ത് വരരുതെന്നായിരുന്നു അവരുടെ ആവശ്യം. അവരുടെ ഭർത്താക്കന്മാരാണ് അവരേക്കാൾ കൂടുതൽ കരഞ്ഞത്. കേസ് ആയാൽ എവിടേയും ജോലി കിട്ടില്ല. ഭാര്യമാർക്ക് തെറ്റുപറ്റിയെന്നും അവർ ഇങ്ങനെ ഉള്ളവരാണെന്നും അറിഞ്ഞില്ല. പണം നൽകിയതിന്റെ തൊട്ടടുത്ത ദിവസം അവരിൽ ഒരാളുടെ ഭർത്താവ് എന്നെ വിളിച്ചു. അവർക്കെതിരേ കേസ് കൊടുക്കില്ല എന്ന് എഴുതിനൽകണമെന്നായിരുന്നു ആവശ്യം, ദിയ കൃഷ്ണ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Social media influencer Diya Krishna denies allegations

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article