Published: August 14, 2025 12:07 PM IST
1 minute Read
മുംബൈ∙ ഒളിംപിക് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗവും ടെന്നിസ് സൂപ്പർതാരം ലിയാണ്ടർ പേസിന്റെ പിതാവുമായ ഡോ. വീസ് പേസ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1972ലെ മ്യൂണിക് ഒളിംപിക്സിലാണ് ഡോ. വീസ് ഉൾപ്പെട്ട സംഘം വെങ്കലം നേടിയത്. സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷലിസ്‌റ്റ് ഡോക്‌ടറായ ഡോ.വീസ്, കായിക രംഗത്തും മെഡിക്കൽ രംഗത്തും ഒരുപോലെ ശോഭിച്ച അപൂർവം വ്യക്തികളിലൊരാളാണ്.
ടെന്നിസ് രംഗത്ത് ലിയാൻഡർ പെയ്സിന്റെ ഉയർച്ചയിൽ നിർണായക പങ്കുവഹിച്ചു. 1996ലെ അറ്റ്ലാന്റ ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസിൽ ലിയാൻഡർ പെയ്സും വെങ്കലം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഡോ.വീസിന്റെ ഭാര്യ ജെന്നിഫർ 1980ലെ ഏഷ്യൻ ബാസ്ക്കറ്റ് ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു.
1945ൽ ഗോവയിൽ ജനിച്ച ഡോ.വീസ്, ഹോക്കിക്കു പുറമേ ക്രിക്കറ്റിലും ഫുട്ബോളിലും റഗ്ബിയിലും ഉൾപ്പെടെ മികവു കാട്ടി. സംഘാടന രംഗത്തും മികവു കാട്ടിയ ഡോ.വീസ്, 1996–2002 കാലഘട്ടത്തിൽ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐയുമായും സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
English Summary:








English (US) ·