Published: November 09, 2025 08:16 AM IST
1 minute Read
ദുബായ്∙ ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുമ്പോൾ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനുള്ള സാധ്യതകൾ അടയുന്നു. ഒരു വൻകരയിൽനിന്ന് ഒരു മികച്ച ടീം ഒളിംപിക്സിൽ മത്സരിക്കുന്ന രീതിയിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ടീമുകളെ തിരഞ്ഞെടുക്കുന്നത്. ഇതോടെ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുമ്പോൾ പാക്കിസ്ഥാനു യോഗ്യത ലഭിക്കാൻ സാധ്യതയില്ല.
റാങ്കിങ്ങിലെ ആദ്യ ആറ് ടീമുകൾക്കു യോഗ്യത നൽകാനാണ് ഐസിസി ആദ്യം ആലോചിച്ചത്. എന്നാൽ ഈ രീതി വേണ്ടെന്നു ദുബായിൽ നടന്ന ഐസിസി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. അഞ്ച് വൻകരകളിൽനിന്നുള്ള മികച്ചവരെയും ആറാമത്തെ ടീമിനെ ഗ്ലോബൽ ക്വാളിഫയർ നടത്തിയും തീരുമാനിക്കാനാണു നിലവിലെ ധാരണ. പാക്കിസ്ഥാൻ ഗ്ലോബൽ ക്വാളിഫയർ കളിച്ചാലും ഏഷ്യയിലെ തന്നെ മറ്റു കരുത്തരായ ടീമുകളെയും തോൽപിച്ചു വേണം ഒളിംപിക്സിനു യോഗ്യത ഉറപ്പാക്കാൻ.
ഐസിസി നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിലവിലെ റാങ്കിങ് അനുസരിച്ച് ഏഷ്യയിൽനിന്ന് ഇന്ത്യ, ഓഷ്യാനിയയിൽനിന്ന് ഓസ്ട്രേലിയ, യൂറോപ്പിൽനിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയിൽനിന്ന് ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ യോഗ്യത നേടും. അമേരിക്കയില്‍നിന്ന് ആതിഥേയരായ യുഎസ് വേണോ, റാങ്കിങ്ങിൽ മുന്നിലുള്ള വെസ്റ്റിൻഡീസ് വേണോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടി വരും.
ക്രിക്കറ്റ് ടൂർണമെന്റുകളിൽ വൻ ഡിമാൻഡാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾക്ക് ഉണ്ടാകാറുള്ളത്. മത്സരത്തിനു മാസങ്ങൾക്കു മുൻപേ തന്നെ ടിക്കറ്റുകൾ വിറ്റു തീരാറുണ്ട്. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ഒളിംപിക്സ് ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായി 12 ടീമുകളാണു മത്സരിക്കുക. ആകെ 28 മത്സരങ്ങള്‍.
English Summary:








English (US) ·