ഒളിംപിക്സ് ക്രിക്കറ്റിൽ സ്വർണം ജയിക്കാൻ ചൈനയുടെ പരിശ്രമം; ‘വിചിത്ര വാദവുമായി’ ഓസ്ട്രേലിയൻ ഇതിഹാസ താരം

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 27 , 2025 03:07 PM IST

1 minute Read

ചൈനീസ് വനിതാ ക്രിക്കറ്റ് താരങ്ങൾ
ചൈനീസ് വനിതാ ക്രിക്കറ്റ് താരങ്ങൾ

സിഡ്നി∙ ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുമ്പോൾ സ്വർണം നേടാൻ ചൈന ടീമിനെ ഒരുക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ. ലണ്ടനിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് ഒളിംപിക്സിലെ ക്രിക്കറ്റ് മത്സരത്തേക്കുറിച്ച് സ്റ്റീവ് വോ പ്രതികരിച്ചത്. ക്രിക്കറ്റിന്റെ കടന്നുവരവ് ഗൗരവത്തോടെയാണു ചൈന കാണുന്നതെന്നും സ്റ്റീവ് വോ വ്യക്തമാക്കി. ‘‘ഒളിംപിക്സിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയപ്പോൾ തന്നെ ചൈന അതു ലക്ഷ്യമാക്കി ടീമിനെ തയാറാക്കുന്നുണ്ട്. സ്വർണം വിജയിക്കാൻ അവർ കാര്യമായി പരിശ്രമിക്കുന്നുണ്ട്’’– സ്റ്റീവ് വോ വ്യക്തമാക്കി.

128 വർഷത്തിനു ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് കടന്നുവരുന്നത്. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ആറു ടീമുകളായിരിക്കും മത്സരിക്കുക. ഒളിംപിക്സിലെ മെഡൽ നേട്ടത്തിൽ മുൻനിരയിലാണെങ്കിലും ക്രിക്കറ്റിൽ ചൈന ദുർബലരാണ്. ഒളിംപിക്സിലെ ക്രിക്കറ്റിൽ ചൈനയ്ക്ക് മത്സരിക്കാന്‍ യോഗ്യത ലഭിക്കുകയെന്നതും വിദൂര സാധ്യത മാത്രമാണ്. പുറത്തുവരുന്ന വിവരം അനുസരിച്ച് ലോകറാങ്കിങ്ങിലെ മികച്ച ആറു ടീമുകൾക്കു മാത്രമായിരിക്കും ഒളിംപിക്സ് ക്രിക്കറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ 89–ാം സ്ഥാനത്താണ് ചൈനയുള്ളത്. ആതിഥേയരായ യുഎസിന് സ്വാഭാവികമായും ക്രിക്കറ്റിൽ മത്സരിക്കാൻ അവസരമുണ്ടാകും. അതു കഴിഞ്ഞ് പുരുഷ, വനിതാ ക്രിക്കറ്റിലെ ആദ്യ അഞ്ച് സ്ഥാനക്കാർക്കും അവസരം ലഭിക്കും. ഈ മാനദണ്ഡം അനുസരിച്ചാണെങ്കിൽ, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ് തുടങ്ങിയ വമ്പൻമാരെ പിന്തള്ളി ചൈന റാങ്കിങ്ങിൽ മുന്നിലെത്തേണ്ടിവരും. ക്രിക്കറ്റ് വളർച്ചയ്ക്കു വേണ്ടി ചൈനീസ് സർക്കാർ പ്രതിനിധികൾ മുന്‍പ് ബംഗാളിന്റെ സഹായം തേടിയിരുന്നു.

English Summary:

Steve Waugh Puts China In Race For LA Olympic Gold In Cricket

Read Entire Article