Published: November 01, 2025 09:10 AM IST Updated: November 01, 2025 11:22 AM IST
1 minute Read
-
മലയാളികളെ ഒളിംപിക്സ് മെഡൽ സ്വപ്നം കാണാൻ പ്രചോദിപ്പിച്ച മാനുവൽ ഫ്രെഡറിക്കിന് വിട...
കണ്ണൂർ ∙ ഹെൽമറ്റും മാസ്ക്കും സേഫ്റ്റി ഗാർഡും ഇല്ലാതെ നിന്ന് ഇന്ത്യൻ ഗോൾവല കാത്ത ധീരത. ഗോൾമുഖത്തെ പരാജയം മരണത്തിൽ കുറഞ്ഞതല്ലെന്നു പറഞ്ഞ, മാനുവൽ ഫ്രെഡറിക്കിനു മുൻപിൽ മരണംപോലും പകച്ചുനിന്നിട്ടുണ്ടാകും. ലഹോറിൽ 1977ലെ ഇന്ത്യ– പാക്കിസ്ഥാൻ പരമ്പര. പാക്കിസ്ഥാന്റെ സെന്റർ ഫോർവേഡ് ഹനീഫിന്റെ ഷോട്ട് വെടിയുണ്ടപോലെ പാഞ്ഞെത്തി. ഹോക്കി സ്റ്റിക് പൊക്കാനൊന്നും സമയമില്ല. ആ ഷോട്ട് മാനുവൽ തട്ടിത്തെറിപ്പിച്ചത് ഹെഡറിലൂടെ. കളിക്കാരും ഗാലറിയും അവിശ്വസനീയതയോടെ അതു കണ്ടുനിന്നു. ഹെൽമറ്റും മാസ്ക്കും സേഫ്റ്റി ഗാർഡും ഇല്ലാത്ത കാലമാണ്. പരമ്പര നഷ്ടപ്പെട്ട വേദനയിലും വെള്ളിത്താലം നൽകി പാക്കിസ്ഥാൻ ടീം അന്ന് മാനുവലിനെ ആദരിച്ചു.
കളിക്കളത്തിലെ പോരാട്ടവീര്യം പല വിളിപ്പേരുകളും മാനുവലിനു ചാർത്തി നൽകി. മുംബൈക്കാർ ടൈഗറെന്നും കൊൽക്കത്തക്കാർ ദാദയെന്നും വിളിച്ചു. ഏതു കോണിൽനിന്നുള്ള ഷോട്ടുകളും തട്ടിമാറ്റിയപ്പോൾ അദൃശ്യ കരങ്ങളുടെ ഉടമസ്ഥനെന്ന നിലയിൽ ഗോസ്റ്റെന്നും വിളിച്ചു. അടുത്തെത്തുന്ന എതിർ ടീം കളിക്കാർക്കെല്ലാം പരുക്കേറ്റു തുടങ്ങിയതോടെയാണ് ടൈഗറെന്ന പേരു വീണത്. മോഹൻ ബഗാൻ ഹോക്കി ടീമിനു വേണ്ടി ബേയ്റ്റൺ കപ്പ് നേടിയപ്പോൾ ബംഗാളികളുടെ ദാദയായി.
കണ്ണൂർ കന്റോൺമെന്റ് ബർണശ്ശേരിയിലെ വാവൂറിന്റെ മകൻ ഹോക്കിയിലേക്ക് ചുവടുവച്ചത് വീണുകിട്ടിയ ഒരു അവസരത്തിലൂടെയാണ്. സൈനികർ ഹോക്കി കളിക്കുന്നതുകണ്ട് ആകൃഷ്ടനായി ചെറുപ്രായത്തിൽതന്നെ സ്റ്റിക് കയ്യിലെടുത്തു. ബിഇഎം യുപി സ്കൂളിൽ ഹോക്കി ടീമിനു ഗോളിയില്ലാത്തപ്പോൾ കായികാധ്യാപകൻ നിർബന്ധിച്ചു ഗോളിയാക്കി. രാജ്യം കണ്ട മികച്ച ഗോൾകീപ്പറുടെ ഉദയം അവിടെ തുടങ്ങുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ടീമിലെത്തിയതോടെ മാനുവൽ ഹോക്കിയിൽ കൂടുതൽ സജീവമായി. 15–ാം വയസ്സിൽ ആർമി സ്കൂളിൽ എത്തിയതായിരുന്നു ഹോക്കി കരിയറിലെ വഴിത്തിരിവ്. 17–ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു.
വിഖ്യാത സിനിമാതാരങ്ങളായ സുനിൽ ദത്ത്, ധാരാസിങ് തുടങ്ങിയവരുമായുള്ള അടുപ്പവും അവരുടെ പ്രോത്സാഹനവും ഹോക്കിയിൽ തുടരാൻ മാനുവലിന് പ്രേരണയായി. ആ സമയത്ത് മുംബൈയിൽ നടന്ന രാജ്യാന്തര മത്സരത്തിൽ ആർമി ടീം വിജയിച്ചതോടെ താരമൂല്യം കൂടി. പിന്നെ രാജ്യത്തെ ഒട്ടുമിക്ക ടൂർണമെന്റുകളിലും സ്ഥിര സാന്നിധ്യമായി.
ഒളിംപിക് വെങ്കല മെഡൽ കഴുത്തിലണിഞ്ഞാണ് മാനുവൽ അവസാനകാലംവരെ പൊതു ചടങ്ങുകൾക്കെത്തിയിരുന്നത്. തന്റെ കഴുത്തിലെ മെഡൽ കാണുന്ന ആർക്കെങ്കിലും അതു പ്രചോദനമാകട്ടെയെന്നാണ് ഇതെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്.
English Summary:








English (US) ·