ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്ത് ആരുവരും? പ്രസിഡന്റ് തിരഞ്ഞെടുപ്പ് വ്യാഴാഴ്ച

10 months ago 7

സെബാസ്റ്റ്യൻ കോ, കേഴ്സി കൊവെൻട്രി

സെബാസ്റ്റ്യൻ കോ, കേഴ്സി കൊവെൻട്രി

ലോകത്തെ ഏറ്റവും ബൃഹത്തായ കായികസംഘടനയായ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (െഎഒസി) പുതിയ അധ്യക്ഷനെ കണ്ടെത്താൻ സമയമായി. 11 വർഷമായി െഎഒസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ജർമൻകാരൻ തോമസ് ബാക്കിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നിർണായക യോഗം ചൊവ്വാഴ്ച ഗ്രീസിൽ തുടങ്ങും. 18 മുതൽ 21 വരെ കോസ്റ്റ് നോവറിനോയിൽ നടക്കുന്ന ഐഒസി സെഷന്റെ ഭാഗമായി വ്യാഴാഴ്ചയായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ്. സിംബാബ്‌വേക്കാരിയായ കേഴ്സ്റ്റി കോവെൻട്രി, ബ്രിട്ടീഷ് ഓട്ടക്കാരൻ സെബാസ്റ്റ്യൻ കോ, െഎഒസി യുടെ മുൻ അധ്യക്ഷൻ യുവാൻ അന്റോണിയോ സമരാഞ്ചിന്റെ മകൻ സമരാഞ്ച് ജൂനിയർ തുടങ്ങി ഏഴുപേർ മത്സരരംഗത്തുണ്ട്. എട്ടുവർഷത്തേക്കായിരിക്കും തിരഞ്ഞെടുപ്പ്. തുടർന്ന് നാലുവർഷംകൂടി അധികാരത്തിൽ തുടരാൻ ഭരണഘടന അനുവദിക്കുന്നു.

സെഷൻ മൂന്നുദിവസം നീണ്ടുനിൽക്കും. ജൂൺ 23-നാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കേണ്ടത്. 2013-ൽ അധികാരമേറ്റ തോമസ് ബാക്കിന്റെ കാലാവധി അന്ന് അവസാനിക്കും.

മത്സരാർഥികൾ

സെബാസ്റ്റ്യൻ കോ (68)- ബ്രിട്ടൺ

ഇപ്പോൾ ലോക അത്‌ലറ്റിക്സ് അധ്യക്ഷൻ. 1980, 1984 ഒളിന്പിക്സുകളിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി.

കേഴ്‌സ്റ്റി കോവെൻട്രി (41) സിംബാബ്‌വെ

ഐഒസി എക്സിക്യുട്ടീവ് ബോർഡ് അംഗം. 2004, 2008 ഒളിമ്പിക്സുകളിൽ 200 മീറ്റർ ബാക്‌സ്ട്രോക്ക് നീന്തലിൽ സ്വർണം നേടി. ഐഒസിയിലെ 109 അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുക.

ജൊഹാൻ എലിയാസ്‌ക് (63) ബ്രിട്ടൻ-സ്വീഡൻ

അന്താരാഷ്ട്ര സ്നോബോർഡ് ഫെഡറേഷൻ പ്രസിഡന്റ്

ഫൈസൽ അൽ ഹുസൈൻ (61)

ജോർദാൻ രാജകുമാരൻ. െഎഒസി എക്സിക്യുട്ടീവ് ബോർഡ് അംഗം

ഡേവിഡ് ലാപ്പാർട്ടിയെ (51) ഫ്രാൻസ്

അന്താരാഷ്ട്ര സൈക്ലിങ് യൂണിയൻ പ്രസിഡന്റ്

യുവാൻ അന്റോണിയോ സമരാഞ്ച് ജൂനിയർ (65) സ്‌പെയിൻ ഐഒസി വൈസ് പ്രസിഡന്റ്്. മുൻ പ്രസിഡന്റ് അന്റോണിയോ സമരാഞ്ചിന്റെ മകൻ.

മോറിനാറി വാട്ടനബെ (66) (ജപ്പാൻ)

അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ്.

കായികരംഗത്ത് എഐയുടെ ഉപയോഗം, വനിതകൾക്ക് കായികരംഗത്ത് കൂടുതൽ സുരക്ഷയും സാധ്യതയും, കാലാവസ്ഥാവ്യതിയാനം കായികരംഗത്ത് തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗം ചർച്ചചെയ്യും.

സാധ്യതയിൽ കേഴ്‌സ്റ്റി, കോ

കേഴ്‌സ്റ്റി കോവെൻട്രി അധ്യക്ഷയാകാൻ നല്ല സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കിൽ െഎഒസി യുടെ ആദ്യ വനിതാ അധ്യക്ഷയാകും. അതേസമയം, സെബാസ്റ്റ്യൻ കോയും സമരാഞ്ച് ജൂനിയറും കോവെൻട്രിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

അടുത്ത ഒളിമ്പിക്സ് നടത്തിപ്പിനുള്ള തീരുമാനം പുതിയ അധ്യക്ഷനുകീഴിലായിരിക്കും. 2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിന് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കേ പുതിയ ഭാരവാഹിത്വം ഇന്ത്യയ്ക്കും നിർണായകമാണ്.

Content Highlights: ioc presidente election

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article