26 June 2025, 06:39 AM IST

Photo | AP
ഒസ്ട്രാവ: ചെക് റിപ്പബ്ലിക്കിൽനടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ മീറ്റിൽ ഒന്നാമനായതിൽ സന്തോഷമുണ്ടെങ്കിലും ത്രോയിൽ സംതൃപ്തിയില്ലെന്ന് ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര.
ചൊവ്വാഴ്ച രാത്രി ഒസ്ട്രാവയിൽനടന്ന മത്സരത്തിൽ 85.29 മീറ്റർ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്. മൂന്നാം ത്രോയിലാണ് 85.29 മീറ്റർ വന്നത്. 83.45, 82.17, 81.01 എന്നിങ്ങനെയായിരുന്നു മറ്റു ത്രോകൾ. രണ്ട് ഏറുകൾ ഫൗളായി.
കഴിഞ്ഞമാസം ദോഹയിൽ ഡയമണ്ട് ലീഗ് മത്സരത്തിനിടെ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച ദൂരവും ദേശീയ റെക്കോഡും കണ്ടെത്തിയിരുന്നു. അതിനേക്കാൾ അഞ്ചുമീറ്ററോളം കുറവാണ് ചൊവ്വാഴ്ചത്തെ ത്രോ എന്നതിനാലാണ് പ്രകടനത്തിൽ സംതൃപ്തിയില്ലെന്ന് പ്രതികരിച്ചത്. കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്താൻ ആഗ്രഹിച്ചിരുന്നെന്നും നീരജ് പറഞ്ഞു.
ജൂലായ് അഞ്ചിന് ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക്കാണ് അടുത്തമത്സരം. ലോകത്തെ പ്രമുഖതാരങ്ങളായ ആൻഡേഴ്‌സൻ പീറ്റേഴ്‌സ്, തോമസ് റോഹ്ലർ തുടങ്ങിയവർ മത്സരത്തിനെത്തും.
Content Highlights: Neeraj Chopra Wins Ostrava Golden Spike








English (US) ·