Published: August 23, 2025 02:15 PM IST
1 minute Read
-
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതാ എ ടീമിന് 299 റൺസ്
-
ജോഷിതയും (72 പന്തിൽ 7 ഫോർ സഹിതം 51) രാഘ്‍വി ബിഷ്തും (93) തിളങ്ങി
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയൻ എ ടീമിനെതിരായ അനൗദ്യോഗിക വനിതാ ടെസ്റ്റിൽ മലയാളി താരം വി.ജെ.ജോഷിത ബാറ്റിങ്ങിനിറങ്ങുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യൻ എ ടീം. അവസാന 3 വിക്കറ്റുകൾ അതിവേഗത്തിൽ പിഴുത് ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന ആതിഥേയരുടെ മോഹങ്ങൾക്ക് മുന്നിൽ വയനാട്ടിൽനിന്നുള്ള 19 വയസ്സുകാരി ബാറ്റുകൊണ്ട് മതിൽകെട്ടി. വീരോചിത അർധ സെഞ്ചറിയുമായി ജോഷിത (51) വാലറ്റത്തെ ചെറുത്തുനിൽപിനു ചുക്കാൻ പിടിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ എ ടീം നേടിയത് 299 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എ ടീമിന്റെ 5 വിക്കറ്റുകൾ 158 റൺസിനിടെ പിഴുത ഇന്ത്യൻ വനിതകൾ രണ്ടാംദിനം അവസാനിക്കുമ്പോൾ കളിയിൽ പിടിമുറുക്കി. സ്കോർ: ഇന്ത്യ എ–299. ഓസ്ട്രേലിയ എ– 5ന് 158.
ഈ വർഷമാദ്യം അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ ജോഷിതയുടെ സീനിയർ എ ടീമിനൊപ്പമുള്ള ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. വൈസ് ക്യാപ്റ്റനായി മലയാളി താരം മിന്നു മണിയും ടീമിലുണ്ടായിരുന്നു. മിന്നുവിനൊപ്പം (28) എട്ടാം വിക്കറ്റിൽ 11 റൺസുമായി തുടങ്ങിയ ജോഷിത ഒൻപതാം വിക്കറ്റിൽ ടൈറ്റസ് സാധുവിനൊപ്പം (23) 75 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്നിങ്സിനെ താങ്ങിനിർത്തി. 72 പന്തുകൾ നേരിട്ട ജോഷിത 7 ഫോർ ഉൾപ്പെടെയാണ് അർധ സെഞ്ചറി തികച്ചത്.
നേരത്തേ 5ന് 93 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ എ വനിതകൾ മധ്യനിര ബാറ്റർ രാഘ്‍വി ബിഷ്തിന്റെ (93) മികവിലാണ് തകർച്ചയിൽനിന്നു രക്ഷപ്പെട്ടത്. രാഘ്‍വിയും മിന്നു മണിയും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 75 റൺസും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി.
English Summary:








English (US) ·