അബുദാബി∙ തങ്ങളുടെ ബാറ്റിങ് കരുത്തു പരീക്ഷിക്കാനായിരുന്നു ഏഷ്യാകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീം ഇന്ത്യ ഒമാനെതിരെ ഇറങ്ങിയത്. എന്നാൽ ഒമാൻ ബോളർമാരുടെ ‘പരീക്ഷണമായിരുന്നു’ ഇന്ത്യയ്ക്ക് അബുദാബിയിൽ നേരിടേണ്ടിവന്നത്. ചിട്ടയോടെയുള്ള ബോളിങ്ങും ക്ഷമയോടെയുള്ള ബാറ്റിങ്ങുമായി പൊരുതിയ ഒമാനെതിരെ ഇന്ത്യൻ ജയം 21 റൺസിന്. തോൽവിയിലും തലയുയർത്തി തന്നെ ഒമാന് മടങ്ങാം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ ഒമാന്റെ മറുപടി ബാറ്റിങ് 167 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 8ന് 188. ഒമാൻ 20 ഓവറിൽ 4ന് 167. അർധ സെഞ്ചറിയുമായി പൊരുതിയ സഞ്ജു സാംസണാണ് (45 പന്തിൽ 56) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സഞ്ജു തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലദേശിനെ നേരിടും. നാളെ പാക്കിസ്ഥാനെതിരെയാണ് സൂപ്പർ ഫോറിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ഒമാന്റെ പോരാട്ടംഇന്ത്യൻ ബോളിങ് അറ്റാക്കിനെ വെല്ലുവിളിച്ച് ജയിക്കാൻ ശ്രമിക്കുന്നതിനെക്കാൾ 20 ഓവർ മുഴുവനായി ബാറ്റ് ചെയ്യുക എന്നതിനായിരുന്നു തുടക്കം മുതൽ ഒമാന്റെ ശ്രമം. വിജയലക്ഷ്യം 189 റൺസ് ആയിരുന്നിട്ടും കൂറ്റൻ അടികൾക്ക് ആദ്യം മുതലേ ഒമാൻ ശ്രമിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 44 എന്ന നിലയിലായിരുന്നു ഒമാൻ. സ്കോർ 56ൽ നിൽക്കെ ക്യാപ്റ്റൻ ജതിന്ദർ സിങ്ങിനെ (32) അവർക്കു നഷ്ടമായി.
കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ കരുതലോടെ കളിച്ച ആമിർ കലീം (46 പന്തിൽ 64)– ഹമ്മദ് മിർസ (33 പന്തിൽ 51) സഖ്യം 13.5 ഓവറിൽ സ്കോർ 100 കടത്തി. പിന്നാലെ ഗിയർ മാറ്റിയ സഖ്യം ഇന്ത്യൻ ബോളർമാരെ ആക്രമിച്ചു കളിക്കാൻ തുടങ്ങി. ഇതോടെ ഒമാൻ സ്കോർ പതിയെ കുതിച്ചു. 18–ാം ഓവറിലെ 4–ാം പന്തിൽ ആമിർ കലീമിനെ പുറത്താക്കിയ ഹർഷിത് റാണയാണ് ഒമാന്റെ കുതിപ്പിന് തടയിട്ടത്. രണ്ടാം വിക്കറ്റിൽ 55 പന്തിൽ 93 റൺസാണ് ഇരുവരും ചേർന്നു നേടിയത്. പിന്നാലെ ഹമ്മദും വീണതോടെ ഒമാന്റെ പ്രതീക്ഷകൾ അവസാനിച്ചു. 8 ബോളർമാരെയാണ് മത്സരത്തിൽ ഇന്ത്യ പരീക്ഷിച്ചത്.
ഇന്ത്യൻ തുടക്കംബോളിങ്ങിൽ ഒമാനെ വിലകുറച്ചു കാണാൻ കഴിയില്ലെന്ന ഉത്തമ ബോധ്യവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. കരുതലോടെ തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാരെ രണ്ടാമത്തെ ഓവറിൽ തന്നെ ഒമാൻ ഞെട്ടിച്ചു. ഇടംകൈ പേസർ ഫൈസൽ ഷായുടെ ഒരു പെർഫക്ട് ഇൻസ്വിങ്ങർ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ (5) ഓഫ് സ്റ്റംപുമായാണ് കടന്നുപോയത്. ഗില്ലിന്റെ പുറത്താകൽ ഇന്ത്യയെ അൽപം പ്രതിരോധത്തിലാക്കിയെങ്കിലും സഹ ഓപ്പണർ അഭിഷേക് ശർമ (15 പന്തിൽ 38) തന്റെ സ്ഥിരം ശൈലിയിൽ തന്നെ ബാറ്റ് വീശി.
മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ സഞ്ജു സാംസൺ അഭിഷേകിന് ഉറച്ച പിന്തുണ നൽകിയപ്പോൾ പവർപ്ലേയിൽ ഇന്ത്യൻ സ്കോർ 60ൽ എത്തി. 15 പന്തിൽ 2 സിക്സും 5 ഫോറുമായി കത്തിക്കയറിയ അഭിഷേകിനെ ജിതെൻ രാമാനന്ദി പുറത്താക്കിയതോടെ ഇന്ത്യൻ സ്കോറിങ് അൽപമൊന്നു കിതച്ചു. രണ്ടാം വിക്കറ്റിൽ 34 പന്തിൽ 66 റൺസാണ് ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത്.
അഭിഷേക് പുറത്തായ അതേ ഓവറിൽ ഹാർദിക് പാണ്ഡ്യ (1) റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ഇന്ത്യൻ ക്യാംപ് സമ്മർദത്തിലായി. നാലാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു – അക്ഷർ പട്ടേൽ (13 പന്തിൽ 26) സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് ആധിപത്യം തിരിച്ചുപിടിക്കാൻ ടീം ഇന്ത്യയെ സഹായിച്ചത്. ഇരുവരും ചേർന്ന 10 ഓവറിൽ സ്കോർ 100ൽ എത്തിച്ചു.
23 പന്തിൽ 45 റൺസ് ചേർത്ത് ഇന്ത്യയെ മുന്നോട്ടുനയിച്ച അക്ഷർ – സഞ്ജു സഖ്യത്തെ പൊളിച്ച് ഒമാന് പ്രതീക്ഷ നൽകിയത് സ്പിന്നർ ആമിർ കലീമാണ്. ആറാമനായി എത്തിയ ബിഗ് ഹിറ്റർ ശിവം ദുബെയിലായിരുന്നു (5) ഇന്ത്യൻ ആരാധകരുടെ അടുത്ത പ്രതീക്ഷ. എന്നാൽ കലീമിനെ സിക്സർ പായിക്കാനുള്ള ദുബെയുടെ ശ്രമം ലോങ് ഓഫിൽ ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ കൈകളിൽ അവസാനിച്ചു.
15 ഓവർ പൂർത്തിയാകുമ്പോൾ 140 റൺസായിരുന്നു ഇന്ത്യൻ സ്കോർ. അവസാന 5 ഓവറിൽ റൺ നിരക്ക് ഉയർത്താനായിരുന്നു ആറാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു – തിലക് വർമ (18 പന്തിൽ 29) സഖ്യത്തിന്റെ ശ്രമം. ഇതിനിടെ സഞ്ജു 41 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കി.
പിന്നാലെ കൂറ്റനടിക്കു ശ്രമിച്ച സഞ്ജുവിനെ ഫൈസൽ ഷാ വീഴ്ത്തി. സഞ്ജു പുറത്തായതിനു പിന്നാലെ തിലകിനെയും ഒമാൻ വീഴ്ത്തി. 8 പന്തിൽ പുറത്താകാതെ 13 റൺസ് നേടിയ ഹർഷിത് റാണയാണ് സ്കോർ 188ൽ എത്തിച്ചത്. എല്ലാവർക്കും ബാറ്റിങ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയില്ല.
English Summary:








English (US) ·