Kerala School Sports Meet
Published: October 27, 2026 07:14 PM IST Updated: October 28, 2026 09:29 AM IST
1 minute Read
കോഴിക്കോട്∙ ഫിനിഷിങ് പോയിന്റ് കടന്നപ്പോൾ, റോഷ്നിയുടെ നിശ്ചദാർഢ്യത്തിന്റെ പ്രതീകമായി ആ സ്പൈക്സ് ഷൂ ട്രാക്കിൽ തന്നെയുണ്ടായിരുന്നു. ഒറ്റക്കാലിൽ മാത്രം സ്പൈക്സുമായി അവൾ ഓടിക്കയറിയത് ആത്മവിശ്വാസത്തിന്റെ നെറുകയിലേക്കാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിനിടെ വലംകാലിലെ സ്പൈക്സ് ഊരിപ്പോയിട്ടും പതറാതെ ഫിനിഷ് ചെയ്തതിന്റെ സന്തോഷത്തിലാണ് പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സി.റോഷ്‌നി. തുടർച്ചയായ രണ്ടാം വർഷമാണ് ഇടുക്കിയെ പ്രതിനിധീകരിച്ച് റോഷ്നി സംസ്ഥാന സ്കൂൾ കായികമേളയിൽ എത്തുന്നത്. സമ്മാനം ലഭിച്ചില്ലെങ്കിലും പ്രതിസന്ധികൾക്കിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് താരം.
What you should work next
ചൊവ്വാഴ്ച നടന്ന മത്സരത്തിന്റെ രണ്ടാം റൗണ്ടിനിടെ, ഒപ്പമോടിയ മറ്റൊരു താരം പിന്നിൽനിന്നു തട്ടിയതിനെ തുടർന്നാണ് റോഷ്ടനിയുടെ വലംകാലിലെ സ്പൈക്സ് (ഓട്ടത്തിനായുള്ള പ്രത്യേക ഷൂ) ഊരിപ്പോയയത്. ഒരു നിമിഷം പകച്ചുപോയെങ്കിലും, ആത്മവിശ്വാസം കൈവിടാതെ ഒരു കാലിൽ മാത്രം സ്പൈക്ക് ധരിച്ച്, ചാത്തമംഗലം എൻഐടി ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലൂടെ ഫിനിഷിങ് ലൈൻ ലക്ഷ്യമാക്കി റോഷ്‌നി ഓട്ടം തുടർന്നു. ‘‘മത്സരത്തിനിടയിൽ സ്പൈക്സ് ഊരിപ്പോയപ്പോൾ ഞാൻ ഞെട്ടിപ്പോയി. എങ്ങനെയെങ്കിലും മത്സരം പൂർത്തിയാക്കണമെന്ന ചിന്ത മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ ഒന്നും ആലോചിക്കാതെ മുന്നോട്ട് ഓടാൻ തന്നെ ഞാൻ തീരുമാനിച്ചു.’’– മത്സരശേഷം റോഷ്നി പറഞ്ഞു.
ഇടുക്കി കുട്ടിക്കാനത്തിനടുത്തുള്ള പള്ളിക്കുന്ന് സ്വദേശി പി. ചന്ദ്രൻ, കെ.ഗീത. ദമ്പതികളുടെ മകളാണ് റോഷ്നി. ഒരു വർഷം മുൻപാണ് റോഷ്നി കായിക ജീവിതം ആരംഭിക്കുന്നത്. സ്കൂളിൽ 600 മീറ്റർ മത്സരത്തിൽ പങ്കെടുത്താണ് തുടങ്ങിയതെങ്കിലും പിന്നീട് 3000 മീറ്ററിലേക്ക് മാറുകയായിരുന്നു. ഉപജില്ലാ തലത്തിൽ നാലും ജില്ലാ തലത്തിൽ മൂന്നും മെഡലുകൾ വീതം നേടിയാണ് റോഷ്നി സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് യോഗ്യത നേടിയത്.
സ്കൂളിലെ കായിക അധ്യാപകനായ മജു മാനുവൽ ആണ് റോഷ്നിയുടെ കായിക പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയുടെ മകളായ റോഷ്നിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ മാജു, അവൾക്ക് ഒരു ജോടി സ്പൈക്ക്സ് വാങ്ങി നൽകി. മത്സരത്തിനിടയിൽ ഇതിലൊന്നാണ് ഊരിപ്പോയത്. ‘
‘അവളുടെ കഴിവ് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഞങ്ങളുടെ സ്കൂൾ ഗ്രൗണ്ട് വളരെ ചെറുതായതുകൊണ്ട് തന്നെ പരിമിതികൾക്കുള്ളിൽ നിന്നായിരുന്നു അവളുടെ പരിശീലനം. അവധി ദിവസങ്ങളിൽ വലിയ ഗ്രൗണ്ടുള്ള മറ്റൊരു അക്കാദമിയിലേക്ക് ഞാൻ അവളെ അയക്കാറുണ്ട്.’’– കോച്ച് പറഞ്ഞു.‘‘സംസ്ഥാന കായികമേളയിൽ ഇത് അവളുടെ രണ്ടാം വർഷമാണ്. വരും വർഷങ്ങളിൽ അവൾ തന്റെ പൂർണ മികവ് പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’– മജു കൂട്ടിച്ചേർത്തു.
ട്രാക്കിൽ മാത്രം ഒതുങ്ങുന്നതല്ല റോഷ്നിയുടെ വെല്ലുവിളികൾ . വീട്ടിലെ പ്രതിസന്ധികൾക്ക് പുറമെ, പരിശീലന സ്ഥലത്തെത്താൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടതായും വരുന്നുണ്ട്. ‘‘എനിക്കൊരു പ്രഫഷണൽ അത്‌ലീറ്റാകണം. മികച്ച രീതിയിൽ പരിശീലനം നേടി അടുത്ത വർഷം മെഡൽ സ്വന്തമാക്കണം.’’– റോഷ്‌നി കൂട്ടിച്ചേർത്തു. അടുത്തദിവസം നടക്കുന്ന 1500 മീറ്ററിലും റോഷ്‌നി മത്സരിക്കുന്നുണ്ട്.
English Summary:






English (US) ·