20 June 2025, 09:08 PM IST

ഇർഷാദ് അലി, ഇർഷാദ് അലിയും ഫഹദ് ഫാസിലും | Photo: Facebook/ Irshad Ali
ഫഹദ് ഫാസില്‍ സൗഹൃദങ്ങളില്‍ കാണിക്കുന്ന ഊഷ്മളതയെക്കുറിച്ചും അദ്ദേഹം പിന്നിട്ട വഴികളെക്കുറിച്ചും ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലി. ഫഹദിന്റെ വിവിധ ചിത്രങ്ങളിലെ ഓട്ടങ്ങളെക്കുറിച്ച് പറഞ്ഞാണ് ഇര്‍ഷാദ് അലി കുറിപ്പ് പങ്കുവെച്ചത്. കരിയറില്‍ ഫഹദ് ഇപ്പോള്‍ തിരക്കുപിടിച്ച ഓട്ടക്കാരനാണെന്ന് ഇര്‍ഷാദ് പറയുന്നു. ഏത് ഓട്ടത്തിനിടയിലും കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേര്‍ത്തുപിടിക്കല്‍ ഊര്‍ജം പകരുകയും സ്‌നേഹം നിറയ്ക്കുകയുംചെയ്യുന്നു. അയാള്‍ ഓടിതീര്‍ത്ത വഴികള്‍ക്ക് പറയാന്‍ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ കൂടിയുണ്ടെന്നും ഇര്‍ഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇര്‍ഷാദ് അലിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എന്തൊരു ഭംഗിയാണ്
സിനിമയില്‍ ഈ മനുഷ്യന്റെ കഥാപാത്രങ്ങള്‍ ഓടുന്നത് കാണാന്‍....
കരിയറില്‍ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്.
ഒരു പാന്‍ ഇന്ത്യന്‍ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല.
ഒരു കൈ നെഞ്ചത്തമര്‍ത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാര്‍ത്ഥന്‍....
ഓട്ടത്തിനിടയിലും കൈവിട്ടുപോവാന്‍ പാടില്ലാത്ത ഒന്നയാള്‍ മുറുക്കെ പിടിക്കുന്നുണ്ട്!
ഞാന്‍ പ്രകാശനില്‍, ജീവിതത്തിനോട് ആര്‍ത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവന്‍ സ്വാര്‍ത്ഥതയും വായിച്ചെടുക്കാനാകും അതില്‍...
നോര്‍ത്ത് 24 കാതത്തിലെ 'അതി-വൃത്തിക്കാരന്‍' ഹരികൃഷ്ണന്‍ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവില്‍ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്...
ഇയ്യോബിന്റെ പുസ്തകത്തില്‍, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം....
ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്.
'മറിയം മുക്കി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ഓടി തളര്‍ന്നത് ഇന്നലെയെന്ന പോലെ മുന്നില്‍ ഉണ്ട്, അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയര്‍ന്നു പൊങ്ങുന്നുണ്ട് ഉള്ളില്‍...
ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേര്‍ത്തുപിടിക്കല്‍ ഉണ്ടല്ലോ, അതൊന്നുമതി ഊര്‍ജം പകരാന്‍, സ്‌നേഹം നിറയ്ക്കാന്‍....
എന്തെന്നാല്‍,
അയാള്‍ ഓടി തീര്‍ത്ത വഴികള്‍ക്ക് പറയാന്‍ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ കൂടിയുണ്ട്..
ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓര്‍ത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാന്‍ പോകുന്ന സിനിമയുടെ പേര് 'ഓടും കുതിര ചാടും കുതിര' എന്നാണല്ലോയെന്ന്...
പ്രിയപ്പെട്ട ഓട്ടക്കാരാ...
ഓട്ടം തുടരുക.
കൂടുതല്‍ കരുത്തോടെ,
Run FAFA Run!
Content Highlights: Irshad Ali`s Heartfelt Note connected Fahadh Faasil
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·