ഇത്തവണ ഓണം ആഘോഷിക്കാന്‍ മലയാളികളെ കാത്തിരിക്കുന്നത് നാലു ചിത്രങ്ങള്‍. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന നാലു ചിത്രങ്ങള്‍ ഈയാഴ്ച രണ്ടുദിവസങ്ങളിലായി പുറത്തിറങ്ങും. മോഹന്‍ലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ 'ഹൃദയപൂര്‍വ്വം', കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര', ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനംചെയ്ത 'ഓടും കുതിര ചാടും കുതിര', ഹൃദു ഹാറൂണ്‍- പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'മേനേ പ്യാര്‍ കിയ' എന്നീ ചിത്രങ്ങളാണ് ഓണത്തിന് തീയേറ്ററുകളില്‍ എത്തുന്നത്.
'ഹൃദയപൂര്‍വ്വ'വും 'ലോക'യും വ്യാഴാഴ്ച തീയേറ്ററുകളില്‍ എത്തും. 'ഓടും കുതിര ചാടും കുതിര'യും 'മേനേ പ്യാര്‍ കിയ'യും വെള്ളിയാള്ചയാണ് റിലീസ്. ഓണത്തിന് പുറത്തിറങ്ങാനിരുന്ന ഷെയ്ന്‍ നിഗം ചിത്രം 'ബള്‍ട്ടി' പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.
ഓണത്തിനെത്തുന്ന നാലു ചിത്രങ്ങളില്‍ രണ്ടിലും കല്യാണി പ്രിയദര്‍ശനാണ് നായിക എന്ന പ്രത്യേകതയുണ്ട്. 'ലോക'യില്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍ 'ഓടും കുതിര ചാടും കുതിര'യില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വേഷമാണ് കൈകാര്യംചെയ്യുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 'ഹൃദയപൂര്‍വ്വം' നിര്‍മിക്കുന്നത്. മാളവിക മോഹനനാണ് നായിക. ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വ്വത്തിലെ മറ്റു പ്രധാനതാരങ്ങള്‍. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ജസ്റ്റിന്‍ പ്രഭാകര്‍ ആണ് സംഗീതം.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം സംവിധായകനും നടനുമായ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഓടും കുതിര ചാടും കുതിര'. പ്രേക്ഷകര്‍ക്ക് തീയേറ്ററില്‍ ആഘോഷിച്ചു കാണാന്‍ കഴിയുന്ന ഫണ്‍ ഫാമിലി മൂവി ആയിരിക്കും 'ഓടും കുതിര ചാടും കുതിര' എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ലാല്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. ചിത്രം റൊമാന്റിക് കോമഡി ത്രില്ലറാണെന്നാണ് സൂചന.
Content Highlights: Four Malayalam films acceptable for Onam release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·