Published: August 26, 2025 09:37 AM IST
1 minute Read
തിരുവനന്തപുരം∙ ശനിയാഴ്ച ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ 6–ാം നമ്പർ ബാറ്ററായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ നേടിയത് 22 ബോളിൽ 13 റൺസ്; സിംഗിളുകൾ മാത്രമുള്ള തണുപ്പൻ ഇന്നിങ്സ്. പക്ഷേ ആ പതുങ്ങൽ ഒരു കുതിപ്പിനായിരുന്നെന്ന് തെളിയിക്കാൻ 24 മണിക്കൂറേ വേണ്ടി വന്നുള്ളൂ. തലേ ദിവസത്തെ ആറാം നമ്പറിൽ നിന്ന് കൊല്ലം സെയ്‌ലേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു ആദ്യ പന്ത് മുതൽ ബോളർമാർക്കു മേൽ സംഹാര താണ്ഡവമാടുകയായിരുന്നു.
സെഞ്ചറി പിന്നിടും വരെ ഒരു ബോളറെയും സഞ്ജു നിലംതൊടാൻ അനുവദിച്ചില്ല. കൊല്ലം ഉയർത്തിയ 237 റൺസിന്റെ വമ്പൻ വിജയ ലക്ഷ്യം കൊച്ചിക്ക് എത്തിപ്പിടിക്കാനായത് ‘സഞ്ജു ഷോയുടെ’ ബലത്തിലായിരുന്നു. 16 പന്തിൽ കെസിഎലിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചറി കുറിച്ച സഞ്ജു പവർ പ്ലേയിൽ തന്നെ ടീം സ്കോർ100ൽ എത്തിച്ചിരുന്നു. 42 പന്തിൽ സെഞ്ചറിയും തൊട്ടു. ടീം സ്കോർ 205ൽ നിൽക്കെ അജയ് ഘോഷിന്റെ പന്തിൽ പുറത്താകും വരെ 7 സിക്സറുകളും14 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നു പിറന്നത്.
ന്നാലെ, പതറാതെ തകർത്തടിച്ച് അവസാന പന്തിൽ സിക്സർ പറത്തി ടീമിനെ വിജയിപ്പിച്ച മുഹമ്മദ് ആഷിക് ത്രില്ലർ പോരാട്ടത്തിലെ സൂപ്പർ ഫിനിഷറായി തിളങ്ങി. കെസിഎൽ രണ്ടാം സീസണിന്റെ മൂല്യമുയർത്തിയ ഇന്നിങ്സ് ആയിരുന്നു രാജ്യാന്തര താരമായ സഞ്ജുവിന്റേത്.ഏഷ്യാ കപ്പിൽ കളിക്കാനൊരുങ്ങുന്ന സഞ്ജു, ഇന്ത്യൻ ടീമിന്റെ ഓപ്പണർ സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ഈ ഒറ്റ ഇന്നിങ്സിലൂടെ തെളിയിച്ചു. ഈ ഇന്നിങ്സിന് വേദിയാകാൻ സഞ്ജുവിന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്തിന് അവസരം ലഭിച്ചത് മറ്റൊരു കാവ്യനീതി.
English Summary:









English (US) ·