Published: August 22, 2025 05:14 PM IST
1 minute Read
മുംബൈ∙ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയ സാഹചര്യത്തിൽ ഏഷ്യാകപ്പ് ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കാനാണു സാധ്യതയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ. സഞ്ജു കളിക്കുന്നതു കാണാൻ താൽപര്യമുണ്ടെന്നും പക്ഷേ ഗിൽ ടീമിലുള്ളതിനാൽ അതിനു സാധ്യതയില്ലെന്നും രഹാനെ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു. ഏഷ്യാ കപ്പിൽ ശുഭ്മൻ ഗിൽ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറാകുമെന്നും, ജിതേഷ് ശർമ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകുമെന്നാണ് രഹാനെയുടെ പ്രവചനം.
‘‘ശുഭ്മൻ ഗിൽ ടീമിലേക്കു തിരിച്ചെത്തി. അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. വ്യക്തിപരമായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കളിക്കുന്നതു കാണാൻ എനിക്കു താൽപര്യമുണ്ട്. കാരണം അദ്ദേഹം മികച്ച ഫോമിൽ കളിക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ ടീമിനൊപ്പം ചേർന്നു മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട്. പക്ഷെ എന്റെ അഭിപ്രായത്തിൽ സഞ്ജു ഏഷ്യാ കപ്പിൽ ബെഞ്ചിലാകാനാണു സാധ്യത. ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർമാരായി ഇറങ്ങും.’’
‘‘ജസ്പ്രീത് ബുമ്ര എത്രത്തോളം അപകടകാരിയാണെന്നു ഞാൻ പറയേണ്ടതില്ല. അർഷ്ദീപ് സിങ് നന്നായി കളിക്കുന്നുണ്ട്. സ്ട്രെയിറ്റ്, വൈഡ് യോര്‍ക്കറുകളും സ്വിങ് ബോളുകളും എറിയാൻ അർഷ്ദീപ് മിടുക്കനാണ്. ദുബായിലെ വിക്കറ്റിന്റെ സ്വഭാവം കൂടി പരിഗണിച്ചുവേണം ഇന്ത്യ ഏഷ്യാ കപ്പിലെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കാൻ.’’– രഹാനെ പ്രതികരിച്ചു. രാജസ്ഥാൻ റോയല്‍സിൽ സഞ്ജുവും അജിൻക്യ രഹാനെയും ഓപ്പണർമാരായി ഒരുമിച്ച് കളിച്ചിട്ടുണ്ട്.
അജിൻക്യ രഹാനെയുടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി/ ഹർഷിത് റാണ.
English Summary:








English (US) ·