Published: December 11, 2025 07:46 AM IST
1 minute Read
മുംബൈ∙ ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസണെക്കാൾ ജിതേഷ് ശർമ വിക്കറ്റ് കീപ്പറായി കളിക്കുന്നതാണു നല്ലതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. സഞ്ജുവിന് ഓപ്പണർ സ്ഥാനം നൽകാതെ ബാറ്റിങ്ങിൽ താഴേക്ക് ഇറക്കിയുള്ള പരീക്ഷണം താരത്തിനും ടീമിനും ഗുണം ചെയ്യില്ലെന്നും ഇർഫാൻ പഠാൻ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. വൈസ് ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മൻ ഗില്ലിനു വഴിയൊരുക്കാൻ സഞ്ജു സാംസണെ ഓപ്പണർ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഓപ്പണറുടെ റോളിൽ ട്വന്റി20യിൽ മൂന്ന് സെഞ്ചറി നേടി തിളങ്ങി നില്‍ക്കുമ്പോഴാണ് ബിസിസിഐ സഞ്ജുവിനെ മാറ്റിയത്.
മധ്യനിരയിൽ ഫിനിഷറുടെ റോളിൽ സഞ്ജു കളിക്കുന്നതിനേക്കാൾ നല്ലത് ജിതേഷ് ശർമയാണെന്നും ഇർഫാൻ പഠാൻ വ്യക്തമാക്കി. ‘‘ഇതൊരു ശരിയായ തീരുമാനമാണ്. കാരണം സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുന്നത് പിന്നീടു ബുദ്ധിമുട്ടാകും. കരിയറിലാകെ സഞ്ജു ടോപ് ഓർഡറിൽ, ആദ്യ മൂന്നു സ്ഥാനങ്ങളിലാണു ബാറ്റു ചെയ്തിട്ടുള്ളത്. ആ സ്ഥാനങ്ങൾ നഷ്ടമായാൽ ബാറ്റിങ് എന്നതു തീർച്ചയായും ബുദ്ധിമുട്ടുള്ളതാകും.’’– ഇർഫാൻ പഠാൻ പ്രതികരിച്ചു.
‘‘രണ്ടുപേരിൽ ഒരാളെ തിരഞ്ഞെടുത്ത് ഒരു പ്ലാനുമായി മുന്നോട്ടു പോകുകയാണു വേണ്ടത്. ജിതേഷ് ശർമയെയാണ് വിക്കറ്റ് കീപ്പറായും മധ്യനിര ബാറ്ററായും തിരഞ്ഞെടുക്കുന്നതെങ്കിൽ അദ്ദേഹവുമായി മുന്നോട്ടുപോകുക. ഇനിയും മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും നിന്നാൽ അത് ഇന്ത്യൻ ടീമിനു ബുദ്ധിമുട്ടാകും.’’– ഇർഫാൻ വ്യക്തമാക്കി. കട്ടക്ക് ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 101 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. സഞ്ജുവിനെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയപ്പോൾ, ജിതേഷ് ശർമയായിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ.
ആദ്യ മത്സരത്തിൽ വമ്പൻ വിജയം നേടിയ സാഹചര്യത്തിൽ രണ്ടാം ട്വന്റി20യിലും ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്കു സാധ്യതയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ അവസരം ലഭിച്ചില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകൾക്കും തിരിച്ചടിയാകും.
English Summary:








English (US) ·