Published: December 03, 2025 08:23 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ടീം കണ്ടെത്തിയതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗോവയ്ക്കായി തിളങ്ങി അർജുൻ തെൻഡുൽക്കർ. മധ്യപ്രദേശിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ അർജുൻ, മറുപടി ബാറ്റിങ്ങിൽ ഓപ്പണറായും ഇറങ്ങി. ഐപിഎൽ താരലേലത്തിനു മുന്നോടിയായി അർജുനെ മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്റ്സിനു കൈമാറിയിരുന്നു. മത്സരത്തിൽ ഗോവ ഏഴു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശ് 20 ഓവറിൽ ആറിന് 170 റൺസെടുത്തിരുന്നു. മറുപടിയിൽ ഗോവ 18.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
മധ്യപ്രദേശിനെതിരെ നാലോവറുകൾ പന്തെറിഞ്ഞ അർജുൻ 36 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്. മധ്യപ്രദേശ് ഓപ്പണര്‍മാരായ അങ്കുഷ് സിങ് (മൂന്ന്), ശിവാങ് കുമാർ (പൂജ്യം) എന്നിവരെ അതിവേഗം പുറത്താക്കിയ അർജുൻ ഗോവയ്ക്കു മികച്ച തുടക്കം നൽകി. മധ്യനിര താരം വെങ്കടേഷ് അയ്യരുടെ (ആറ്) വിക്കറ്റും അർജുൻ സ്വന്തമാക്കി. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ഹർപ്രീത് സിങ് ഭാട്യയുടെ പ്രകടനമാണ് മധ്യപ്രദേശിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട ഹർപ്രീത് 80 റൺസുമായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ സുയാഷ് പ്രഭുദേശായി (50 പന്തിൽ 75), അഭിനവ് തേജ്‍രാന (33 പന്തിൽ 55) എന്നിവരുടെ പ്രകടനങ്ങളാണ് ഗോവയെ അനായാസ വിജയത്തിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ അർജുൻ തെൻഡുൽക്കർ 10 പന്തിൽ മൂന്നു ബൗണ്ടറികളുൾപ്പടെ 16 റൺസെടുത്തു പുറത്തായി.
English Summary:








English (US) ·