
പ്രതീകാത്മകചിത്രം | ഫോട്ടോ: Facebook
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. സംഭവത്തെ ആസ്പദമാക്കി സിനിമ നിർമിക്കാനായി ഓപ്പറേഷൻ സിന്ദൂർ എന്ന പേര് രജിസ്റ്റർ ചെയ്യാൻ ബോളിവുഡ് ചലച്ചിത്ര നിർമാണ സ്റ്റുഡിയോകൾ തിരക്കുകൂട്ടുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
15 സിനിമാ നിർമാതാക്കളും ബോളിവുഡ് സ്റ്റുഡിയോകളും ഓപ്പറേഷൻ സിന്ദൂർ എന്ന പേര് രജിസ്റ്റർ ചെയ്യാൻ എത്തിയെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് ബി.എൻ. തിവാരി സ്ഥിരീകരിച്ചു. സിനിമയ്ക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേരുനൽകാൻ നിർമ്മാതാക്കളും സ്റ്റുഡിയോകളും ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അപേക്ഷ സമർപ്പിച്ചുവെന്നും വിവരമുണ്ട്. സിനിമയുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു സംഘടനയാണ് ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
വ്യാപാര വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മഹാവീർ ജെയിനിന്റെ കമ്പനിയാണ് ഈ പേര് ആദ്യമായി രജിസ്റ്റർ ചെയ്തത്. അശോക് പണ്ഡിറ്റ്, സംവിധായകൻ മധുർ ഭണ്ഡാർക്കർ എന്നീ സംവിധായകരും ടി-സീരീസ്, സീ സ്റ്റുഡിയോസ് തുടങ്ങിയ സ്റ്റുഡിയോകളും തങ്ങളുടെ വരാനിരിക്കുന്ന സിനിമകൾക്കായി ഇതേ പേരിന് അപേക്ഷ നൽകിയതായി റിപ്പോർട്ടുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസും പേര് രജിസ്റ്റർ ചെയ്യാനെത്തിയവരിൽ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഈ വാദം കമ്പനി നിഷേധിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന വാചകം വ്യാപാരമുദ്രയാക്കാൻ റിലയൻസ് ഇൻഡസ്ട്രീസിന് ഉദ്ദേശമില്ലെന്ന് അവർ പ്രസ്താവനയിലൂടെ അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ ജിയോ സ്റ്റുഡിയോസിന്റെ ഭാഗമായ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ അനധികൃതമായി തെറ്റായി ഫയൽ ചെയ്ത അപേക്ഷ പിൻവലിച്ചെന്നും അവർ അറിയിച്ചു.
"പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി നടന്ന ഓപ്പറേഷൻ സിന്ദൂറിൽ റിലയൻസ് ഇൻഡസ്ട്രീസും അതിന്റെ എല്ലാ പങ്കാളികളും അഭിമാനിക്കുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ നമ്മുടെ ധീരരായ സായുധ സേനയുടെ അഭിമാനകരമായ നേട്ടമാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരതയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ നമ്മുടെ സർക്കാരിനും സായുധ സേനയ്ക്കും റിലയൻസ് പൂർണ്ണ പിന്തുണ നൽകുന്നു. 'ഇന്ത്യ ഫസ്റ്റ്' എന്ന ഞങ്ങളുടെ മുദ്രാവാക്യത്തോടുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു." പ്രസ്താവനയിൽ റിലയൻസ് കൂട്ടിച്ചേർത്തു.
Content Highlights: 15 Bollywood filmmakers & studios contention to registry the "Operation Sindoor" title
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·