'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചു; വ്യാപകവിമർശനം, ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

8 months ago 6

10 May 2025, 02:06 PM IST

operation sindoor

ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്റർ | Photo: Instagram/ Viral Bhayani

'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കടുത്തവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ഉത്തം മഹേശ്വരി. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പ്രസ്താവനയില്‍ അറിയിച്ചു. ചിത്രം പ്രഖ്യാപിച്ചതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകന്‍ കുറിച്ചു.

ഇന്ത്യന്‍ സായുധ സേനയുടെ വീരോചിതമായ പ്രയത്‌നങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചതെന്ന് സംവിധായകന്‍ പറയുന്നു. സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും വളരെയധികം സ്പര്‍ശിച്ചു. ഈ ശക്തമായ കഥ വെളിച്ചത്തു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യം. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച സമയം ചിലര്‍ക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിരിക്കാമെന്ന് മനസിലാക്കുന്നു. അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും ഉത്തം മഹേശ്വരി അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയ്ക്ക് ഇന്ത്യന്‍ സൈന്യം നല്‍കിയ പേരാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍'. ഇതേപേരിലാണ് ഉത്തം മഹേശ്വരി സംവിധാനംചെയ്യാനിരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പഖ്യാപിച്ചത്. നിക്കി വിക്കി ഭഗ്നാനി ഫിലിംസും ദി കണ്ടന്റ് എന്‍ജിനീയറുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നു. സൈനിക യൂണിഫോമില്‍ റൈഫിളുമേന്തി പുറംതിരിഞ്ഞുനില്‍ക്കുന്ന വനിത നെറ്റിയില്‍ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്. 'ഭാരത് മാതാ കീ ജയ്' എന്ന് ത്രിവര്‍ണത്തില്‍ എഴുതിയിരിക്കുന്നതായും പോസ്റ്ററില്‍ കാണാം. ചിത്രത്തിലെ അഭിനേതാക്കള്‍ അടക്കമുള്ള മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Content Highlights: Operation Sindoor Director Issues Apology Over Film Announcement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article