ഓരോ പന്തിലും ആകാംക്ഷ, സമാനതകളില്ലാത്ത ത്രില്ലർ; സമ്മർദം പരകോടിയിലെത്തിയ ആ ഒരു മണിക്കൂർ

5 months ago 6

siraj

മുഹമ്മദ് സിറാജിന്റെ വിജയാഘോഷം | AP

കെന്നിങ്ടൺ: അടിമുടി ത്രില്ലർ...ക്രിക്കറ്റ് ആരാധകരെ സമ്മർദത്തിന്റെ പരകോടിയിലെത്തിച്ച ഒരു മണിക്കൂർ. ഇതുപോലെയൊരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം സമീപകാലത്തുണ്ടായിട്ടില്ല. ഓരോ പന്തും ഹൃദയമിടിപ്പുയർത്തിയും സിരകളെ ത്രസിപ്പിച്ചുമാണ് കടന്നുപോയത്. സിറാജിന്റെ യോർക്കർ ഗസ് അറ്റ്കിറ്റ്‌സന്റെ വിക്കറ്റ് പിഴുതെടുക്കുമ്പോൾ ഓവൽ, ക്രിക്കറ്റ് പ്രേമികളുടെ ആഘോഷത്തിലലിഞ്ഞു. സിറാജിന്റെ ക്രിസ്റ്റ്യാനോ സ്റ്റൈൽ സെലിബ്രേഷനിൽ പര്യവസാനം. സൂപ്പർ ക്ലൈമാക്‌സിലേക്കുനീണ്ട അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറുറൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇതോടെ പരമ്പര 2-2ന് തുല്യതയിലായി. ഇന്ത്യയും ഇംഗ്ലണ്ടും ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി പങ്കിട്ടു.

അവസാനദിവസം കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കാൻ ഒരുപോലെ അവസരമുണ്ടായിരുന്നു. എന്നാൽ, അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ട് വാലറ്റത്തെ വീഴ്ത്തിയാണ് ജയം പിടിച്ചെടുത്തത്. പരിക്കേറ്റ ഇടതുകൈ ജാക്കറ്റിനുള്ളിലാക്കി ഇംഗ്ലീഷ് ബാറ്റർ ക്രിസ് വോക്‌സ് ബാറ്റുചെയ്യാനിറങ്ങിയതുതന്നെ മത്സരത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതായി.

ആറിന് 339 റൺസെന്നനിലയിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. നാലുവിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 35 റൺസ്. അഞ്ചാം ദിനത്തിലെ ആദ്യ ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ രണ്ടു ഫോറടിച്ച് ജാമി ഓവർട്ടൺ ഇംഗ്ലണ്ടിന് നല്ല തുടക്കംനൽകി. എന്നാൽ, തൊട്ടടുത്ത ഓവറിന്റെ മൂന്നാം പന്തിൽ സിറാജ്, ജാമി സ്മിത്തിനെ (2) ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് ആശിച്ച വിക്കറ്റുനൽകി. ഇതോടെ ഇംഗ്ലണ്ട് ഏഴിന് 347 എന്നനിലയിലായി. തൊട്ടടുത്ത പന്തിൽ ഗസ് അറ്റ്കിൻസൻ സ്ലിപ്പിൽ നൽകിയ ക്യാച്ചെടുക്കാൻ കെ.എൽ. രാഹുലിനായില്ല.

പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിൽ നാലുറൺസ് വന്നതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, 80-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജാമി ഓവർട്ടണിനെ (ഒൻപത്) വിക്കറ്റിനുമുന്നിൽ കുരുക്കി സിറാജ് ഇംഗ്ലണ്ടിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 83-ാം ഓവറിന്റെ അവസാനപന്തിൽ ജോഷ് ടങ്ങിനെ (പൂജ്യം) ബൗൾഡാക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. ടങ് പുറത്തായതോടെയാണ് വോക്‌സ് പരിക്കേറ്റ ഇടംകൈ ജാക്കറ്റിനുള്ളിലാക്കി ക്രിസിലേക്കെത്തിയത്. ഓവലിലെ തിങ്ങിക്കൂടിയ ജനം ഒന്നടങ്കം എഴുന്നേറ്റ് അദ്ദേഹത്തെ കൈയടികളോടെ വരവേറ്റു.

അടുത്ത ഓവറിൽ സിറാജിനെ സിക്‌സിനുപറത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിന് പ്രതീക്ഷനൽകി. തുടർന്ന് രണ്ടോവർ വോക്‌സിന് സ്‌ട്രൈക്ക് നൽകാതെ അറ്റ്കിൻസൻ കളിതുടർന്നു. ക്രീസില്‍ 16 മിനിറ്റ് ഉണ്ടായിരുന്നിട്ടും ഒരു പന്ത് പോലും നേരിട്ടില്ലെങ്കിലും, ഗസ് അറ്റ്കിന്‍സണെ സ്‌ട്രൈക്കില്‍ നിര്‍ത്താന്‍ സഹായിച്ച നിര്‍ണായകമായ രണ്ട് സിംഗിളുകള്‍ വോക്‌സ് ഓടിയെടുത്തു. മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും തന്ത്രപരമായ രണ്ട് നീക്കങ്ങളായിരുന്നു അത്. ഒടുവിൽ 86-ാം ഓവറിന്റെ ആദ്യപന്തിൽ മുഹമ്മദ് സിറാജ് തൊടുത്തുവിട്ട യോർക്കറിൽ അറ്റ്കിൻസന്റെ (17) പ്രതിരോധം തകർന്നു. പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷമാക്കി സിറാജും ഇന്ത്യൻ ടീമും വിജയാഘോഷം ആരംഭിച്ചു.

374 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് ഒരുഘട്ടത്തിൽ നാലിന് 301 എന്ന ശക്തമായനിലയിലായിരുന്നു. അവിടെനിന്നാണ് ഇന്ത്യൻ ബൗളർമാർ കളി തിരിച്ചുപിടിച്ചത്.ഇത്രയും സസ്‌പെന്‍സും ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറിമറിഞ്ഞ ഒരു ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ച് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. ലോര്‍ഡ്‌സില്‍ ഇതുപോലെ ടെന്‍ഷന്റെ പരകോടി കണ്ട കളിയില്‍ സിറാജ് പ്രതിരോധിച്ച പന്ത് ഉരുണ്ട് സ്റ്റംപില്‍ തട്ടി ബെയില്‍ ഇളകിയപ്പോള്‍ ഹൃദയഭേദകമായിരുന്നു. അതിന് സിറാജ് തന്നെ വിജയം കൊണ്ടുവരുന്ന കാവ്യനീതിക്കും ഓവല്‍ സാക്ഷ്യം വഹിച്ചു. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു നാല് വിക്കറ്റുകളില്‍ മൂന്നും സിറാജ് നേടിയപ്പോള്‍ ഒന്ന് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി.

Content Highlights: india england trial bid past time thriller

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article