Published: November 08, 2025 10:20 PM IST Updated: November 08, 2025 10:57 PM IST
1 minute Read
കൊൽക്കത്ത∙ ഏകദിന വനിതാ ലോകകപ്പ് വിജയിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് ഗംഭീര സ്വീകരണമൊരുക്കി ബംഗാൾ സർക്കാർ. കൊൽക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ബംഗ ഭൂഷൺ പുരസ്കാരവും പൊലീസിൽ ഡിഎസ്പിയായി ജോലിയും സ്വർണ മാലയുമാണ് ബംഗാൾ സർക്കാർ റിച്ചയ്ക്കു നൽകിയത്. ലോകകപ്പ് ഫൈനലിൽ റിച്ച നേടിയ ഓരോ റണ്ണിനും ഒരു ലക്ഷം വച്ച് 34 ലക്ഷം രൂപ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൈമാറി.
ബംഗാളിൽനിന്നുള്ള ആദ്യ ലോകകപ്പ് ജേതാവാണ് റിച്ച ഘോഷ്. ഇതിഹാസ താരം സൗരവ് ഗാംഗുലി 2003 ൽ ലോകകപ്പ് ഫൈനലിലെത്തിയിരുന്നെങ്കിലും ഓസ്ട്രേലിയയോടു തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ ഏഴാം നമ്പരിൽ ബാറ്റിങ്ങിൽ ഇറങ്ങിയ റിച്ച ഘോഷ് 24 പന്തുകളിൽ 34 റണ്‍സാണ് അടിച്ചെടുത്തത്. സ്വര്‍ണം കൊണ്ടുള്ള ബാറ്റും പന്തും റിച്ചയ്ക്ക് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സമ്മാനിച്ചു. ഡിഎസ്പിയായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി മമതാ ബാനർജിയാണ് റിച്ച ഘോഷിനു കൈമാറിയത്.
റിച്ച ഘോഷ് ബംഗാളിന്റെ അഭിമാനമുയർത്തിയെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചു. ‘‘റിച്ച ഇനിയും മികച്ച പ്രകടനങ്ങൾ നടത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഒരിക്കൽ അവർ ഇന്ത്യൻ ടീം ക്യാപ്റ്റനായി കളിക്കും.’’– സൗരവ് ഗാംഗുലി പറഞ്ഞു. 22 വയസ്സുകാരിയായ റിച്ച ബംഗാളിലെ സിലിഗുരി സ്വദേശിയാണ്. ‘പവർഫുൾ’ ഷോട്ടുകളുമായി ലോകകപ്പിൽ തിളങ്ങിയ റിച്ച, എട്ട് ഇന്നിങ്സുകളിൽനിന്നായി 235 റൺസാണ് അടിച്ചെടുത്തത്.
English Summary:








English (US) ·