30 July 2025, 12:35 PM IST

Photo: ANI
ഓവല്‍: വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്നാം ടെസ്റ്റിനു ശേഷം എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ന്ന് മൂന്നും നാലും ടെസ്റ്റുകള്‍ താരം കളിച്ചു. പരമ്പരയ്ക്ക് മുമ്പ്, ബുംറ അഞ്ച് മത്സരങ്ങളും കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ ആകാശ് ദീപ് പ്ലേയിങ് ഇലവനിലെത്തിയേക്കും.
പരിക്ക് ഭീഷണിയെക്കുറിച്ച് ബിസിസിഐ മെഡിക്കല്‍ ടീം ബുംറയോട് സംസാരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ബുംറയ്ക്ക് തുടര്‍ച്ചയായി പുറംവേദന അനുഭവപ്പെടാറുണ്ടായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ച് നേരത്തേ തന്നെ ചര്‍ച്ചകളും ഉണ്ടായിരുന്നു.
അതേസമയം അവസാന ടെസ്റ്റിനുള്ള ടീമിനെ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ബുംറ ഉള്‍പ്പെടെയുള്ള എല്ലാ ബൗളര്‍മാരും ഫിറ്റാണെന്നും ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പ്രതികരിച്ചിരുന്നു. ബുംറ കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ ബുംറ 33 ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. ഒരു ഇന്നിങ്‌സില്‍ താരം എറിഞ്ഞതില്‍വെച്ച് ഏറ്റവും കൂടുതല്‍ ഓവറുകളായിരുന്നു ഇത്. പരമ്പരയില്‍ ഇതുവരെ ബുംറ 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
നേരത്തേ അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവര്‍ക്ക് നാലാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റതോടെയാണ് ബുംറയ്ക്ക് തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകള്‍ കളിക്കേണ്ടിവന്നത്.
Content Highlights: Jasprit Bumrah whitethorn miss the important 5th Test against England astatine The Oval owed to wounded concerns








English (US) ·