കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ഏറെ നിര്‍ണായകമാണ്. ജയിച്ചില്ലെങ്കില്‍ ക്യാപ്റ്റനായുള്ള കന്നിപ്പരമ്പരതന്നെ നഷ്ടമാകുമെന്ന ഭീഷണി ഒരുഭാഗത്ത്. പരമ്പരയിലെ റണ്ണൊഴുക്ക് തുടര്‍ന്നാല്‍ സ്വന്തമാകാന്‍ സാധ്യതയുള്ള റെക്കോഡുകളുടെ പ്രതീക്ഷാഭാരം മറ്റൊരുഭാഗത്ത്. ഇതിനിടയിലേക്കാണ് ഗില്‍ ടീമിനെയും നയിച്ച് ഓവല്‍ മൈതാനത്തേക്കിറങ്ങുന്നത്.
വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. 2-1ന് മുന്നിലുള്ള ഇംഗ്ലണ്ടിന് തോല്‍ക്കാതിരുന്നാല്‍ പരമ്പര സ്വന്തമാക്കാം. ഓവലിലെ റെക്കോഡ് ഇന്ത്യക്ക് അത്ര അനുകൂലമല്ല. എന്നാല്‍, മുന്‍പുനടന്ന ഗ്രൗണ്ടുകളെക്കാള്‍ അല്‍പം മെച്ചമാണ്. ഇവിടെ നടന്ന 15 ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. ആറെണ്ണത്തില്‍ തോല്‍വിയായിരുന്നു ഫലം. ഏഴ് മത്സരം സമനിലയിലായി. മാഞ്ചെസ്റ്റര്‍ ടെസ്റ്റിലെ വീരോചിത ബാറ്റിങ്ങാണ് ശുഭ്മന്‍ ഗില്ലിന് പ്രതീക്ഷ നല്‍കുന്നത്. രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയുമായി ഗില്‍ മുന്നില്‍നിന്ന് ടീമിനെ നയിച്ചിരുന്നു. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറികളുമായി ഉറച്ചുനിന്നതോടെയാണ് തോല്‍വിമണത്തിരുന്ന ഇന്ത്യ സമനില പിടിച്ചെടുത്തത്.
കൂടുതല്‍ സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍
ഓവല്‍ ടെസ്റ്റില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ ശതകം തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡിനൊപ്പം ഗില്‍ എത്തും. വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവിലെ റെക്കോഡ്. 1955-ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ചു സെഞ്ചുറിയാണ് വാല്‍ക്കോട്ട് നേടിയത്. മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നാലാം സെഞ്ചുറി കണ്ടെത്തിയതോടെ ഗില്‍ ഇന്ത്യയുടെതന്നെ സുനില്‍ ഗാവസ്‌ക്കര്‍ (1978-79, വിന്‍ഡീസിനെതിരേ), ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്‍ (1947-48, ഇന്ത്യക്കെതിരേ) എന്നിവര്‍ക്കൊപ്പമെത്തിയിരുന്നു.
കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍
89 റണ്‍സുകൂടി നേടിയാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് ഗില്ലിന് സ്വന്തമാകും. നിലവില്‍ 722 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റനുള്ളത്. 1936-37 കാലത്ത് ഇംഗ്ലണ്ടിനെതിരേ 810 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് നിലവിലെ റെക്കോഡ്
കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം
ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറാണ്. 1971-ല്‍ വിന്‍ഡീസിനെതിരേ 774 റണ്‍സാണ് നേടിയത്. ഗില്ലിന് 43 റണ്‍സെടുത്താല്‍ റെക്കോഡ് സ്വന്തം പേരിലാക്കാം. 974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് നിലവിലെ ലോകറെക്കോഡ്
ടോസ്
ഓവലിലും ടോസ് നഷ്ടപ്പെട്ടാല്‍ അഞ്ചുമത്സരങ്ങളുടെ പരമ്പരയിലെ എല്ലാമത്സരങ്ങളിലും ടോസ് നഷ്ടപ്പെടുന്ന പത്താമത്തെ ക്യാപ്റ്റനാകും ഗില്‍.
Content Highlights: Shubman Gill faces important Oval Test. Can helium pb India to triumph and interruption records








English (US) ·