'ഓഷോയുടെ ഇംഗ്ലീഷും വിരൽചലനവുമെല്ലാം പഠിച്ചു; പക്ഷേ, ആ സിനിമ മാത്രം നടന്നില്ല, അതിനുമുണ്ടൊരു ജാതകം'

7 months ago 10

ർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞമാസം ഞാൻ പുണെയിൽപ്പോയത്. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയായ ഹൃദയപൂർവ്വത്തിൽ അഭിനയിക്കാനായിരുന്നു ദീർഘമായ ഇടവേളയ്ക്കുശേഷമുള്ള ഈ യാത്ര.

വടവൃക്ഷങ്ങളും പച്ചപ്പുകളുംനിറഞ്ഞ പുണെ നഗരം. വൃക്ഷാരാധന ജീവിതത്തിന്റെ ഭാഗമാക്കിയ ജനത. വീട്ടിലെ വൃക്ഷം വെട്ടാൻപോലും പ്രത്യേക അനുമതിവേണം. മഴക്കാലത്ത് ഈ മാമരങ്ങളെല്ലാം നനഞ്ഞുകുതിർന്നുനിൽക്കുന്ന മനോഹരമായ കാഴ്ച മുൻപ്‌ ഒരുതവണ ഞാൻ കണ്ടിട്ടുണ്ട്. കാറ്റടിക്കുമ്പോൾ മരങ്ങൾ കുടയുന്ന തടിച്ച മഴത്തുള്ളികൾ കാറിന്റെ മുകളിൽ ശബ്ദത്തോടെ വീണുടയും. പക്ഷേ, ഇത്തവണ പുണെയിൽ കടുത്തചൂടായിരുന്നു.

പുണെ എനിക്ക് പ്രിയപ്പെട്ട നഗരമാവുന്നതിന് ഒരു പ്രധാന കാരണമുണ്ട് -ഓഷോ രജനീഷ് ജീവിച്ചതും ഒടുവിൽ ഭൂമിയിലെ സന്ദർശനം മതിയാക്കി തിരിച്ചുപോയതും ഈ നഗരത്തിൽവെച്ചാണ് (OSHO NEVER BORN, NEVER DIED. ONLY VISITED THIS PLANET EARTH BETWEEN DECEMBER 11, 1931 TO JANUARY 19, 1990 -എന്നാണ് അദ്ദേഹത്തിന്റെ സമാധിവാക്യം). ഈ നഗരത്തിലൂടെ പാഞ്ഞുപോവുന്ന കാറ്റിലെവിടെയൊക്കെയോ ഇപ്പോഴും ഓഷോയുടെ മൃദുവായ വാക്കുകളുടെ മർമരമുണ്ട്. കൊടുങ്കാറ്റുപോലെ വീശിയടിച്ച ഓഷോക്കാലം ഓർക്കുന്ന പലരും ഈ നഗരത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളിൽ ഒരുദിവസം മൂന്നുമണിക്കൂർ ഞാൻ സത്യേട്ടനോട് കടംവാങ്ങി.
‘‘എങ്ങോട്ടാണ് ഒരു മുങ്ങൽ?’’ -സത്യേട്ടൻ ചോദിച്ചു
‘‘ഓഷോാാാാ...’’ ഞാൻ സത്യേട്ടന്റെ ചെവിയിൽ മന്ത്രിച്ചു

വെയിലിന് വല്ലാതെ ചൂടുപിടിക്കുംമുൻപേ ഞാൻ ഓഷോ കമ്യൂൺ സ്ഥിതിചെയ്യുന്ന കൊറെഗൺ പാർക്കിലേക്കുപോയി. പ്രധാന റോഡിൽനിന്നു തിരിഞ്ഞാൽ ആകാശംമൂടി മരച്ചാർത്തുകളാണ്. വളഞ്ഞുതിരിഞ്ഞുപോവുന്ന ഈ വഴിയിലേക്ക് ഒരുകാലത്ത് ലോകം പ്രവഹിച്ചു. മഞ്ഞപ്പൂക്കൾക്കിടയിലൂടെ മറൂൺ വസ്ത്രധാരികളായ സന്ന്യാസിമാർ നടന്നു. അവർ ഓഷോയ്ക്ക് മുന്നിലിരുന്നു. അഗാധമായ മുഴക്കമുള്ള വാക്കുകൾ കേട്ടു. ചിരിച്ചു. ധ്യാനിച്ചു. നൃത്തംചെയ്തു. മരങ്ങളിൽനിന്ന് വസന്തം കൊഴിഞ്ഞുപോവുന്നതുപോലെ ഒരുദിവസം ആ കാലം കഴിഞ്ഞുപോയി.

മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് കമ്യൂണിന്റെ കവാടത്തിൽ സ്വാമി ദേവേന്ദ്രഭാരതിയും അമൃത് സാധനയും സ്വാമി ജായേഷും കാത്തുനിന്നിരുന്നു. ഓഷോയുടെ കാലത്തേ അവിടെ ഉണ്ടായിരുന്നവരാണവർ. അദ്ദേഹത്തിന്റെ പ്രകാശം അവരിൽ ഇപ്പോഴും ശേഷിക്കുന്നതുപോലെ എനിക്കുതോന്നി.

ഓഷോ ഉപയോഗിച്ചിരുന്ന തൊപ്പി മോഹൻലാലിന്റെ ശേഖരത്തിൽനിന്ന്

ദേവേന്ദ്രഭാരതിയും അമൃത് സാധനയും കമ്യൂണിന്റെ വഴികളിലൂടെ എന്നെ നടത്തി. ആശ്രമം എന്ന വാക്ക് അവർ ഉപയോഗിക്കുന്നില്ല. ഓഷോ ഇന്റർനാഷണൽ മെഡിറ്റേഷൻ റിസോർട്ട് എന്നാണ് വിളിക്കുന്നത്. പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു ചെറുവനം തന്നെയാണത്. മുളങ്കൂട്ടങ്ങൾ. ചെറിയ കുളങ്ങൾ. അവയ്ക്കുനടുവിൽ ധ്യാനബുദ്ധന്റെ പലവലുപ്പത്തിലുള്ള മാർബിൾപ്രതിമകൾ. ചുറ്റുപാടിന്റെ നിറത്തിനോടുചേർന്ന് ശ്യാമശിലയിൽത്തീർത്ത കെട്ടിടങ്ങൾ. ധ്യാനത്തിന്റെ വ്യത്യസ്തമായ കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് താമസിക്കാനുള്ള കുടീരങ്ങൾ. അതിഥിമന്ദിരങ്ങൾ, നീന്തൽക്കുളങ്ങൾ. പശ്ചാത്തലത്തിൽ നിലയ്ക്കാതെ പക്ഷികളുടെ പാട്ടുകൾ... മനുഷ്യന്റെ ശബ്ദം ചുറ്റുപാടിനെ മുറിവേൽപ്പിക്കുന്നേയില്ല.

ഓഷോയുടെ ആ നികുഞ്ജത്തിലൂടെ നടക്കുമ്പോൾ ഓർമ്മയിലൂടെ ഞാൻ ഒരുപാട് പുറകോട്ടുപോയി. ഓഷോ രജനീഷിനെ എന്നിലേക്ക്‌ ബന്ധിപ്പിച്ച ആ ചരടിന്റെ അറ്റം എത്രയെത്ര ദൂരെയാണ്! കാലാകാലങ്ങളിൽ ഏത് അദൃശ്യശക്തിയാണ് ആ ചരടിനെ മുറിയാതെ കാത്തുസൂക്ഷിച്ചത്?

ഒരുപാട്‌ ആലോചിച്ചപ്പോൾ എനിക്ക്‌ ആ ചരടിന്റെ തുമ്പ്‌ കിട്ടി.

മൂന്നരപ്പതിറ്റാണ്ടുമുൻപാണ്. ഞാൻ സിനിമയിൽ പച്ചപിടിച്ചുവരുന്ന കാലം. എനിക്ക്‌ കഠിനമായ ഒരു നടുവേദന വന്നു. മദ്രാസിലെ വിദഗ്ധനായ ഒരു ഡോക്ടറെക്കണ്ടു. നട്ടെല്ലിനു പറ്റിയ ക്ഷതമാണ് കാരണം എന്ന് അദ്ദേഹം കണ്ടെത്തി. നട്ടെല്ലിൽ ഒരു ബോൾട്ടിട്ടാൽ മാറും. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി. ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ ഇടത്തിൽത്തൊട്ടാണ് കളി. ഞാനതിന് വിസമ്മതിച്ചപ്പോൾ ഡോക്ടർ പറഞ്ഞു: ‘‘ലാൽ ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ ആറുമാസം കഴിയുമ്പോഴേക്കും ഇതിലും മോശമായ അവസ്ഥയിൽ ഇവിടെ വരേണ്ടിവരും.’’

എന്നിട്ടും ഞാൻ സമ്മതം മൂളിയില്ല. സമ്മതിക്കാൻ എനിക്ക്‌ പേടിയായിരുന്നു. എന്തു തീരുമാനമെടുക്കണം എന്നറിയാതെ ഞാൻ കുഴങ്ങി. ആ സമയത്ത് യാദൃച്ഛികമായി ഞാൻ ദാസേട്ടനെ (യേശുദാസ്) കണ്ടു. എന്റെ അവസ്ഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

‘‘ആയുർവേദം ഒന്ന് നോക്കിക്കൂടേ?’’ -ദാസേട്ടൻ ചോദിച്ചു.
അന്ന് ആയുർവേദത്തെക്കുറിച്ച് എനിക്കത്ര ധാരണയൊന്നുമുണ്ടായിരുന്നില്ല.
‘‘എവിടെപ്പോവും?’’ -ഞാൻ ചോദിച്ചു.
‘‘കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽച്ചെല്ലൂ. അവിടെ പി.വി. രാമവാര്യരും കൃഷ്ണകുമാറുമുണ്ട്. ഞാൻ വിളിച്ചുപറയാം.’’

ദാസേട്ടന്റെ ശുപാർശയിൽ ഞാൻ അവിടെയെത്തി. രണ്ടു ഘട്ടങ്ങളിലായി നാൽപ്പതു ദിവസത്തിലധികംനീണ്ട അല്പം കഠിനമായ ചികിത്സയായിരുന്നു അത്. ഒന്നും വായിക്കരുത്, കൂടുതലായി നടക്കുകയോ ഇരിക്കുകയോ ചെയ്യരുത്, കഴിയുന്നതും കണ്ണടച്ചു കിടക്കണം. ദിവസവും വാര്യർസാർ വരും, മാനേജിങ് ഡയറക്ടറായ പി.ആർ. കൃഷ്ണകുമാർജി വരും. അവർ പോയാൽ മുറിയിൽ ഞാൻ തനിച്ചാവും.

ലക്ഷൻ സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ ഓഷോയായി മോഹൻലാൽ

തനിച്ചു കിടക്കുമ്പോൾ ഒരുപാട് ആലോചനകൾ മനസ്സിൽ നിറയും -അസുഖത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച്, തുടർജീവിതത്തെക്കുറിച്ച്... ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ ഉയർന്നുയർന്ന് വന്നുകൊണ്ടേയിരുന്നു. ഒരുദിവസം കൃഷ്ണകുമാർജി ഒരു കാസറ്റുമായിട്ടാണ് വന്നത്. അതെന്റെ കൈയിൽത്തന്നിട്ട് പറഞ്ഞു: ‘‘ലാൽ ഇതൊന്ന് കേട്ടുനോക്കൂ’’.

ഏതോ വിഷയത്തെക്കുറിച്ചുള്ള ഓഷോ രജനീഷിന്റെ പ്രഭാഷണമായിരുന്നു അത്. തനിച്ച് ആ പ്രഭാഷണം കേട്ട് കണ്ണടച്ചു കിടന്നപ്പോൾ എന്റെയുള്ളിൽ ഒരു പ്രഭാതം വിടരുന്നതുപോലെതോന്നി. തുടർന്നുള്ള ദിവസങ്ങളിൽ പലപല വിഷയങ്ങളിലുള്ള ഓഷോ പ്രഭാഷണങ്ങൾ കേട്ടു. മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിത്തുടങ്ങി. ഉള്ളിലെ ആകാശത്തിൽ മറ്റൊരു നിലാവ്, നക്ഷത്രങ്ങൾ... കോയമ്പത്തൂരിലെ ആ ആയുർവേദ ആശുപത്രിയിൽവെച്ച് ഓഷോ എന്നെവന്നു തൊട്ടു. ആന്തരികമായ ഒരു സൂക്ഷ്മബന്ധം അവിടെ തുടങ്ങുകയായിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

ചികിത്സ കഴിഞ്ഞതോടെ എന്റെ അസുഖം മാറി. ഞാൻ ജീവിതത്തിന്റെയും സിനിമയുടെയും മലവെള്ളപ്പാച്ചിലിലേക്ക് പതിച്ചു. പക്ഷേ, എപ്പോഴും ഓഷോ നിഴലുപോലെ എനിക്കൊപ്പമുണ്ടായിരുന്നു. കുറെ പുസ്തകങ്ങൾ വായിച്ചു, അതിലധികം പ്രഭാഷണങ്ങൾ കേട്ടു. പുണെയിൽ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്കു ചെന്നപ്പോൾ എന്റെ ആഗ്രഹമറിഞ്ഞ് സംഘാടകരിൽ ആരോ എന്നെ ഓഷോ കമ്യൂണിൽക്കൊണ്ടുപോയി. ഓഷോ അമേരിക്കയിലെ ഒറിഗോണിലായിരുന്നു അപ്പോൾ. വളരെ മങ്ങിയ ഓർമ്മ മാത്രമേ ആ സന്ദർശനത്തെക്കുറിച്ച് ഇപ്പോൾ എന്റെ മനസ്സിലുള്ളൂ. അവിടെയുള്ളവരിൽ ആരൊക്കെയോ ആദ്യമായി വരച്ച ചിത്രങ്ങൾ കണ്ടതോർക്കുന്നു. ഏറെ സങ്കീർണമായ വരകൾ, നിറങ്ങൾ. എല്ലാ മനുഷ്യരിലും എല്ലാ കലകളും ഉൾക്കൊണ്ടിട്ടുണ്ടാവണം. ഏതാണോ കണ്ടെടുത്ത് വികസിപ്പിക്കുന്നത്‌ അത് പ്രകാശിക്കുന്നു. ആശ്രമം എന്ന സ്ഥിരം സങ്കല്പങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായ ഓഷോ കമ്യൂൺ എനിക്കന്ന് വേറിട്ട അനുഭവമായിരുന്നു.

കാലം ഏറെ പറന്നുപോയി; എന്റെ ജീവിതം ഏറെ മുന്നോട്ടുപായി. ഓഷോയുടെ രചനകൾ മാത്രം പ്രസിദ്ധീകരിക്കാൻ കോഴിക്കോട്ടുനിന്നും സൈലൻസ് എന്ന ഒരു പുസ്തകശാല തുടങ്ങി. കൊടുങ്ങല്ലൂർ സ്വദേശിയായ ജോസിയായിരുന്നു ഉടമ. ജോസി ഒരുദിവസം കുറെ പുസ്തകങ്ങളും മറൂൺനിറത്തിലുള്ള ഗൗണും ഓഷോ ലോക്കറ്റുള്ള മാലയുമായി ചേർത്തലയിൽ എന്നെക്കാണാൻ വന്നു. അതും ഒരു സത്യൻ അന്തിക്കാട് ചിത്രമായിരുന്നു- ഇന്നത്തെ ചിന്താവിഷയം. 12 വാല്യങ്ങളിലുള്ള ധർമപദ വ്യാഖ്യാനം തന്നു, ഓഷോയുടെ ആത്മകഥകളായ AUTOBIOGRAPHY OF A SPIRITUALY INCORRECT MYSTIC, GLIMPSES OF A GOLDEN CHILDHOOD എന്നിവ തന്നു, ഭഗവദ് ഗീതാ വ്യാഖ്യാനവും വിജ്ഞാന ഭൈരവ തന്ത്രയും തന്നു... ഓഷോയുടെ വാക്കുകൾ എനിക്കുചുറ്റും ചിത്രശലഭങ്ങളായി. ഒരു ദിവസം ജോസി ചോദിച്ചു: ‘‘ഓഷോ പുസ്തകങ്ങളുടെ പരസ്യമായി ഞാൻ താങ്കളുടെ ചിത്രം ഉപയോഗിച്ചോട്ടേ?’’.

ഓഷോ സന്യാസിമാരുടെ ഗൗണ്‍ ധരിച്ച് മോഹന്‍ലാല്‍

ഞാൻ സന്തോഷത്തോടെ സമ്മതിച്ചു, പിരിയാതെ ഓഷോ എനിക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്നങ്ങളിലും അതെനിക്ക് ഒരു താങ്ങായിനിന്നു. ധ്യാനത്തിന്റെ അഭയസങ്കേതമായി.

ലക്ഷന്റെ വരവും ഓഷോയുടെ തൊപ്പിയും

ലക്ഷൻ സുകാമേലി എന്ന ഇറ്റാലിയൻ പൗരൻ ഒരുദിവസം ഏതോ സിനിമയുടെ സെറ്റിൽ എന്നെക്കാണാൻ വന്നു. അദ്ദേഹം ഓഷോയുടെ നേർശിഷ്യൻ (direct deciple) ആയിരുന്നു. ഒറിഗോണിൽ ഫിസിയോ തെറാപ്പിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഓഷോയെക്കുറിച്ച് ഒരു ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. ഞാൻ ഓഷോ രജനീഷായി അഭിനയിക്കണം എന്ന് ലക്ഷൻ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. എവിടെയോ തുടങ്ങിയ ഒരു യാത്ര ഏതൊക്കെയോ വഴികളിലൂടെ, എങ്ങോട്ടൊക്കെയോ തുടരുന്നു...

സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. മേക്കപ്പ് ടെസ്റ്റും ഓഡിഷൻ ടെസ്റ്റും കഴിഞ്ഞു. ഇംഗ്ലീഷ് വാക്കുകൾ ഓഷോ ഉച്ചരിക്കുന്ന രീതി ശ്രദ്ധിച്ചുപഠിച്ചു, അദ്ദേഹത്തിന്റെ കൈവിരലുകളുടെ സവിശേഷമായ ചലനങ്ങൾ പരിശീലിച്ചു... പക്ഷേ, ആ സിനിമ നടന്നില്ല. ജീവിതംപോലെത്തന്നെയാണ് സിനിമ, അതിനുമൊരു ജാതകമുണ്ട്.

ലക്ഷൻ ഇന്ത്യവിട്ടുപോയി. പോകുമ്പോൾ അദ്ദേഹം എനിക്ക് അസാധാരണമായ ഒരു സമ്മാനം തന്നു- ഓഷോ ഉപയോഗിച്ചിരുന്ന ഒരു രോമത്തൊപ്പി. അദ്ദേഹത്തിന് ഓഷോ നൽകിയതായിരുന്നു അത്. കുറച്ചു മാസങ്ങൾക്കു മുൻപ്‌ ലക്ഷൻ മരിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി അദ്ദേഹം വിടപറയുന്ന ദൃശ്യം വേദനയോടെ ഞാൻ കണ്ടു... ഒരു ശ്വാസത്തിന്റെ നൂലിഴയിൽത്തൂങ്ങിയാടുന്ന മനുഷ്യജീവിതം. ആ രോമത്തൊപ്പിയിൽത്തൊടുമ്പോൾ ഓഷോയെ തൊടുന്നതുപോലെ എനിക്കു തോന്നാറുണ്ട്.

***

മോഹൻലാൽ പുണെയിലെ ഓഷോ കമ്യൂണിൽ ഓഷോ സന്ന്യാസിമാർക്കൊപ്പം

എന്റെ ഓർമ്മകൾ മുറിഞ്ഞു.

ദേവേന്ദ്രഭാരതിയും അമൃത് സാധനയും ജായേഷും എന്നെ കമ്യൂണിന്റെ എല്ലാ വഴികളിലൂടെയും നടത്തി. കമ്യൂണിൽ ഏറ്റവും ആദ്യം നിർമിച്ച കെട്ടിടത്തിനുമുന്നിൽ എന്നെ അവർ നിർത്തി. ഓഷോ താമസിച്ചിരുന്ന മുറി അതിനകത്താണ്‌. മുറിക്കുമുന്നിൽ ഓഷോയുടെ പ്രിയപ്പെട്ട റോൾസ് റോയ്‌സ് കാറുകളിലൊന്ന് പൊയ്‌പ്പോയ വസന്തകാലത്തിന്റെ ഓർമ്മകളുമായി കിടപ്പുണ്ട്. ഒരു ആത്മീയപുരുഷൻ ആഡംബരത്തിന്റെ പരമാവസ്ഥയായ റോൾസ് റോയ്‌സിൽ (ഒന്നും രണ്ടുമല്ല, 99) സഞ്ചരിക്കുന്നതിൽ വൈരുധ്യംകണ്ട ലോകത്തിനോട് സ്വതഃസിദ്ധമായ ശൈലിയിൽ ഓഷോ പറഞ്ഞു: ‘‘കാളവണ്ടിയെക്കാൾ റോൾസ് റോയ്‌സാണ് ധ്യാനിക്കാൻ പറ്റിയ വാഹനം’’.

എനിക്കതിന് മുന്നിൽനിന്ന് ഒരു ഫോട്ടോ എടുക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അത് കമ്യൂണിന്റെ നിയമങ്ങൾക്കെതിരായതുകൊണ്ട് നിരാശയോടെ ഞാനത്‌ ഉപേക്ഷിച്ചു.

‘‘ദാ അവിടെയാണ് ഓഷോയുടെ പ്രഭാഷണസ്ഥലം. ദൂരമിത്രയേ ഉള്ളൂവെങ്കിലും നടക്കാൻ അദ്ദേഹത്തിന് മടിയായിരുന്നു. ഈ കാറിൽ അവിടെവരെപ്പോയി ഇതിൽത്തന്നെ മടങ്ങും’’ -ചിരിച്ചുകൊണ്ട് തൊട്ടപ്പുറത്തെ തുറസ്സിലേക്ക്‌ വിരൽചൂണ്ടി അമൃത് സാധന പറഞ്ഞു.

‘‘താങ്കൾക്ക്‌ അമൂല്യമായ ഒരു കാഴ്ച ഞങ്ങൾ കരുതിവെച്ചിട്ടുണ്ട്‌’’ -ദേവേന്ദ്രഭാരതി പറഞ്ഞു. പൊടിപിടിച്ച ഒരു മരഗോവണി കയറ്റി അവരെന്നെ ഒരു പഴയ കെട്ടിടത്തിന്റെ മുകളിലേക്കു കൊണ്ടുപോയി. അധികമാരും അവിടെ വരാറില്ല എന്ന് ചുറ്റുപാടുകളിൽനിന്നു വ്യക്തം. വാതിൽ തുറന്നപ്പോൾ പഴയകാലത്തെപ്പോലെ കുത്തുകളായുള്ള മൊസൈക്കിട്ട ഒരു മുറി. തിരുവനന്തപുരത്തെ എന്റെ വീടിന്റെ പഴയകാലത്തെ നിലം ഓർമ്മവന്നു.

 ഓഷോ ഉപയോഗിച്ചിരുന്ന റോൾസ്റോയ്‌സ് കാർ

‘‘ഈ മുറിയിൽവെച്ചാണ് ഓഷോ ഗുരുനാനാക്കിനെക്കുറിച്ചുള്ള തന്റെ പ്രഭാഷണങ്ങൾ തുടങ്ങിയത്’’ -അമൃത് സാധന പറഞ്ഞു.

ഇരുട്ടിലാണ്ടുകിടക്കുന്ന പടികളിറങ്ങി ഞങ്ങൾ ആ കെട്ടിടത്തിന്റെ താഴത്തെ നിലയിലെത്തി. അവിടെയായിരുന്നു കാത്തുവെച്ച അദ്‌ഭുതം- ഓഷോയുടെ സ്വകാര്യ ലൈബ്രറി. തിരമാലകൾപോലെ പുസ്തകങ്ങൾ. അദ്ദേഹം വായിച്ച എൺപത്തയ്യായിരം (85,000) പുസ്തകങ്ങളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്‌. മതം, തത്ത്വചിന്ത, മനഃശാസ്ത്രം, സാഹിത്യം, കവിത, ചരിത്രം, ആത്മകഥകൾ, ജീവചരിത്രങ്ങൾ തുടങ്ങി മുല്ലാ നസറുദ്ദീൻ കഥകൾവരെ അക്കൂട്ടത്തിലുണ്ടായിരുന്നു.

‘‘ഓഷോയെ തീരേ ബഹുമാനമില്ലാതെ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻവന്ന എഴുത്തുകാരൻ ഖുഷ്‌‌വന്ത് സിങ് ഈ അലമാരകൾക്കുമുന്നിലാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഈ പുസ്തകങ്ങൾകണ്ട് അദ്ദേഹം മാനസാന്തരപ്പെട്ടു. പിന്നീട് ഓഷോയെപ്പറ്റി പഠിച്ച് ഒട്ടേറെ ലേഖനങ്ങളെഴുതി’’- ദേവേന്ദ്രഭാരതി പറഞ്ഞു.

‘‘അക്കാലത്ത് ഓൺലൈൻ പർച്ചേസിങ്ങൊന്നുമില്ല. ഒരുദിവസം ഓഷോ ചുരുങ്ങിയത് ആറു പുസ്തകങ്ങൾ വായിക്കുമായിരുന്നു. കാലം കഴിയുന്നതിനനുസരിച്ച് വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂടിക്കൂടിവന്നു. പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുക വലിയ പ്രയാസമായിരുന്നു’’ -അമൃത് സാധന ഓർത്തു.

കടലോളം വായിച്ചുതീർന്നപ്പോൾ ഒരു ദിവസം ഓഷോ പെട്ടെന്ന് വായന നിർത്തി. ഈ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ അറിവിന്റെ സാക്ഷ്യമായി ബാക്കിയായി. വായിച്ച പുസ്തകങ്ങളിൽ പ്രിയപ്പെട്ടവയെപ്പറ്റിയുള്ള ഓഷോയുടെ ഓർമ്മകളായ ‘BOOKs I HAVE LOVED’ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.

ഓഷോയുടെ കിടപ്പുമുറി തൊട്ടടുത്താണ്. ആ മുറിയിൽനിന്ന് കുറച്ചുദൂരം മാറി അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നു.

‘‘മരിച്ച് രണ്ടുമണിക്കൂറിനകം തന്നെ ദഹിപ്പിക്കണം എന്നദ്ദേഹം പറഞ്ഞിരുന്നു. തന്നെ കാണാനുള്ളവരെല്ലാം ജീവിക്കുന്നകാലത്ത് വന്നുകണ്ടുകഴിഞ്ഞെന്നും മരിച്ചിട്ട് ആരും കാണാൻവരേണ്ട എന്നുമായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ആഹ്ളാദത്തോടെയായിരുന്നു ഞങ്ങളദ്ദേഹത്തെ യാത്രയാക്കിയത്. മരണത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ ബോധവാന്മാരാക്കിയിരുന്നു.’’- അമൃത് സാധന ആ ദിവസത്തെ ഓർത്തു.

ഓഷോയുടെ സ്വകാര്യ പുസ്തകശേഖരത്തിന്റെ ഒരു ഭാഗം

എല്ലാം കണ്ട് ഉച്ചയോടെ ഞാൻ മടങ്ങി. കുറെ പുസ്തകങ്ങൾ അവരെനിക്ക്‌ സമ്മാനമായിത്തന്നു. രാത്രി ജോലികഴിഞ്ഞ് ഹോട്ടൽമുറിയിലെത്തികിടന്നിട്ടും ആ പകലനുഭവത്തിന്റെ മായാവലയത്തിൽനിന്ന് എനിക്ക്‌ രക്ഷപ്പെടാൻ പറ്റിയില്ല. Red String Theory എന്നൊന്നുണ്ട്. അത് ഒരു പൂർവേഷ്യൻ സംസ്‌കാരമാണ്. വ്യക്തികൾ തമ്മിൽ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനതത്ത്വം. സ്ഥല-കാല-സമയ-സാഹചര്യങ്ങൾക്കുമപ്പുറത്താണ് ഈ ബന്ധത്തിന്റെ നൂലിഴകൾ. അഗാധമായ ഈ ബന്ധത്തിന്റെ കാരണങ്ങൾ നമുക്ക് അറിയണമെന്നില്ല. ആലോചിക്കുമ്പോൾ തോന്നുന്നു ഏതൊക്കെയോ അദൃശ്യമായ ചരടുകൾ ഓഷോയെ ഞാനുമായി ഹൃദയപൂർവം ചേർത്തുനിർത്തുന്നുണ്ട്‌. എന്റെ ഏകാന്തതകളിലും മനോവിഷമങ്ങളിലും ഞാൻ ഈ മനുഷ്യനെയും അദ്ദേഹത്തിന്റെ വാക്കുകളെയും ധ്യാനിക്കുന്നു; അതെന്നെ സാന്ത്വ​നപ്പെടുത്തുന്നു- ആ വെളിച്ചത്തിൽ ഞാൻ മുന്നോട്ടുനടക്കുന്നു.

ഓഷോയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ കേള്‍ക്കാം:

Read Entire Article