അബുദാബി ∙ ഇന്ത്യയുടെ 250–ാം രാജ്യാന്തര ട്വന്റി20 മത്സരം, ഒമാനെതിരെ ആദ്യ രാജ്യാന്തര മത്സരം, ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടം; അനായാസ വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് പോരാട്ടവീര്യത്തോടെ എത്തിയ ഒമാനെയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ ഒരുപോലെ ‘വിറപ്പിച്ച’ ശേഷമാണ് ഒമാൻ അടിയറവു പറഞ്ഞത്. ടൂർണമെന്റിൽ ഒരു മത്സരം പോലും വിജയിച്ചില്ലെങ്കിലും ഇനി അഭിമാനത്തോടെ ഒമാനു തിരിച്ചു നാട്ടിേക്കു വണ്ടി കയറാം.
ഇന്ത്യയ്‌ക്കെതിരെ 21 റൺസിനാണ് ഒമാന്റെ തോൽവി. ഇന്ത്യ ഉയർത്തിയ, ഈ ഏഷ്യാ കപ്പിലെ തന്നെ ഉയർന്ന ടോട്ടലായ 188 റൺസ് പിന്തുടർന്ന അവരുടെ ഇന്നിങ്സ്, 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് എയിൽ എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഒമാൻ പട്ടികയിൽ അവസാനവും. 21നു പാക്കിസ്ഥനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ മത്സരം.
മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ആമിർ കലീം (46 പന്തിൽ 64), ഹമ്മദ് മിർസ (33 പന്തിൽ 51) എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ഒമാൻ പൊരുതിയത്. ക്യാപ്റ്റൻ ജതീന്ദർ സീങ്ങും (33 പന്തിൽ 32), ആമിർ കലീമും ചേർന്ന് മികച്ച തുടക്കമാണ് ഒമാനു നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. ട്വന്റി20 ശൈലിയിൽ ബാറ്റു വീശിയില്ലെങ്കിലും വിക്കറ്റ് പോകാതെ പരാമധവി മുന്നോട്ടു പോകുകയായിരുന്നു ഒമാന്റെ ലക്ഷ്യം. അതു നടപ്പാകുകയും ചെയ്തു. ഒമാന്റെ ആദ്യ വിക്കറ്റ് എടുക്കാൻ ഇന്ത്യയ്ക്ക് ഒൻപതാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ജതീന്ദർ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ മൂന്നാമനായി ഹമ്മദ് മിർസ എത്തിയതോടെ ഒമാൻ സ്കോർ ബോർഡ് കുറച്ചുകൂടി വേഗത്തിൽ ചലിച്ചു. ഇരുവരും ചേർന്ന് നിശ്ചിത ഇടവേളകളിൽ സിക്സറുകളും ബൗണ്ടറികളും കണ്ടെത്തിയതോടെ ഒരു സമയത്ത് വൻ അട്ടിമറി വരെയുണ്ടാകുമെന്ന തോന്നലുമുണ്ടായി. എട്ടു ബോളർമാരെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനുമായില്ല. രണ്ടു സിക്സും ഏഴു ഫോറുമാണ് ആമിറിന്റെ ബാറ്റിൽനിന്നു പിറന്നത്. 18–ാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ കിടിലൻ ക്യാച്ചിലൂടെ ഹാർദിക് പാണ്ഡ്യ ആമിറിനെ പുറത്താക്കിയതാണ് ഒമാനു തിരിച്ചടിയായത്. തൊട്ടടുത്ത ഓവറിൽ മിർസയും പുറത്തായി. രണ്ടു സിക്സും അഞ്ച് ഫോറുമാണ് മിർസ നേടി. അവസാന ഓവറിൽ 34 റൺസാണ് ഒമാനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് നേടാനെ അവർക്കായുള്ളൂ.
ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ, അർഷ്‌ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിനെ ആദ്യ പന്തിൽ വിനായക് ശുക്ലയെ പുറത്താക്കി അർഷ്‌ദീപ് ട്വന്റി20യിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അർഷ്ദീപ് സീങ്.
∙ ഒ..മാൻ സഞ്ജുബാറ്റിങ്ങിൽ അടിമുടി പരീക്ഷണവും പരിശീലനവുമായി ഒമാനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. ബാറ്റിങ്ങിൽ എല്ലാവർക്കും അവസരം ലഭിക്കുന്നതിനായി ഓപ്പണർമാരൊഴികെ, ബാറ്റിങ് ഓർഡറിലാകെ പരീക്ഷണവുമായാണ് ഇന്ത്യ അബുദാബിയിൽ കളിക്കാനിറങ്ങിയത്. എങ്കിലും ഇന്ത്യയുടെ എട്ടു വിക്കറ്റ് വീഴ്ത്താനായത് ഒമാന് അഭിമാനമാണ്.
അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ ശുഭ്‍മാൻ ഗില്ലിനെ (8 പന്തിൽ 5) ഇന്ത്യയ്ക്കു നഷ്ടമായി. ഷാ ഫൈസലിന്റെ പന്തിൽ ഗിൽ ബൗൾഡാകുകയായിരുന്നു. മൂന്നാമനായി മലയാളി താരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. ടൂർണമെന്റിൽ, ഇതിനു മുൻപുള്ള രണ്ടു മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. അവസരം മുതലാക്കിയാണ് സഞ്ജു (45 പന്തിൽ 56) ഗ്രൗണ്ട് വിട്ടത്.
തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച സഞ്ജുവിന്റെ ‘സ്ലോ’ ഇന്നിങ്സിനാണ് അബുദാബി സാക്ഷ്യം വഹിച്ചത്. മൂന്നു സിക്സും മൂന്നു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പരമാവധി പിടിച്ചുനിന്ന സഞ്ജു, 18–ാം ഓവറിൽ ആറാമനായാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും (15 പന്തിൽ 38) ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. തനതുശൈലിയിലായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. 2 സിക്സും 5 ഫോറുമാണ് അഭിഷേക് അടിച്ചത്. എട്ടാം ഓവറിലാണ് അഭിഷേക് പുറത്തായത്. നാലാമനായി ക്രീസിലെത്തി ഹാർദിക് പാണ്ഡ്യ (1), റണ്ണൗട്ടായത് നിർഭാഗ്യമായി.
അക്ഷർ പട്ടേൽ (13 പന്തിൽ 26), ശിവം ദുബെ (8 പന്തിൽ 5), തിലക് വർമ (18 പന്തിൽ 29), അർഷ്ദീപ് സിങ് (1 പന്തിൽ 1), ഹർഷിത് റാണ (8 പന്തിൽ 13*), കുൽദീപ് യാദവ് (3 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴികെ എല്ലാവരും ബാറ്റിങ്ങിനിറങ്ങി. ഒമാനായി ഷാ ഫൈസൽ, ജിതേൻ രാമാനന്ദി, ആമിർ കലീം എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
∙ സൂര്യയ്‌ക്ക് ടോസ്
ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവും നടത്തി. പേസർ ജസ്പ്രീത് ബുമ്രയ്ക്കു പകരം ഹർഷിത് റാണ ടീമിലെത്തിയപ്പേോൾ വരുൺ ചക്രവർത്തിക്കു പകരം അർഷ്ദീപ് സിങ് എത്തി.
∙ പ്ലേയിങ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ഒമാൻ: ആമിർ കലീം, ജതീന്ദർ സിങ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല(വിക്കറ്റ് കീപ്പർ), ഷാ ഫൈസൽ, സിക്രിയ ഇസ്‌ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി
English Summary:








English (US) ·