Published: June 28 , 2025 07:49 AM IST Updated: June 28, 2025 07:54 AM IST
1 minute Read
ബാർബഡോസ്∙ ആദ്യ ദിനവും രണ്ടാം ദിനവും അട്ടിമറിയുടെ ലക്ഷണങ്ങൾ പോലും കൽപ്പിക്കപ്പെട്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായപ്പോഴേക്കും വെസ്റ്റിൻഡീസ് ശരിക്കും വെസ്റ്റിൻഡീസായി; ഓസ്ട്രേലിയ യഥാർഥ ഓസ്ട്രേലിയയും! ഫലം, മൂന്നു ദിനം നീണ്ട പോരാട്ടത്തിലെ കളിക്കണക്കുകളെ അപ്രസക്തമാക്കി വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്ക് 159 റൺസിന്റെ ആധികാരിക വിജയം. 301 റൺസിന്റെ അസാധ്യമല്ലാത്ത വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ്, രണ്ടാം ഇന്നിങ്സിൽ വെറും 141 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേട്ടവുമായി മുന്നിൽനിന്ന് നയിച്ച ജോഷ് ഹെയ്‍സൽവുഡിന്റെ നേതൃത്വത്തിലാണ് ഓസീസ് ബോളർമാർ വിൻഡീസിനെ എറിഞ്ഞൊതുക്കിയത്. സ്കോർ: ഓസ്ട്രേലിയ – 180 & 310, വെസ്റ്റിൻഡീസ് – 190 & 141.
രണ്ട് ഇന്നിങ്സിലും അർധസെഞ്ചറികളുമായി ഓസീസ് ബാറ്റിങ്ങിനെ തോളിലേറ്റിയ ട്രാവിസ് ഹെഡാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പയിൽ ഓസീസ് 1–0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് അടുത്ത വ്യാഴാഴ്ച മുതൽ ഗ്രനാഡയിലെ സെന്റ് ജോർജസിലുള്ള നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഓസ്ട്രേലിയ ഉയർത്തിയ 301 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നിരയിൽ ഇത്തവണ രണ്ടക്കത്തിലെത്തിയത് നാലു പേർ മാത്രമാണ്. പത്താമനായി ഇറങ്ങി തോൽവി ഉറപ്പിച്ച ഘട്ടത്തിൽ തകർത്തടിച്ച് നാലു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്ത ഷമാർ ജോസഫാണ് വിൻഡീസിന്റെ ടോപ് സ്കോറർ.ഒരു ഘട്ടത്തിൽ എട്ടിന് 86 റൺസ് എന്ന നിലയിൽ തകർന്ന വിൻഡീസിനെ, ജസ്റ്റിൻ ഗ്രീവ്സുമൊത്ത് ഷമാർ ജോസഫ് കൂട്ടിച്ചേർത്ത 55 റൺസിന്റെ കൂട്ടുകെട്ടാണ് വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഗ്രീവ്സ് 53 പന്തിൽ എട്ടു ഫോറുകളോടെ 38 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണർ ജോൺ കാംബൽ (31 പന്തിൽ 23), കീസി കാർട്ടി (36 പന്തിൽ 20) എന്നിവരാണ് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ട മറ്റു രണ്ടു പേർ. ഓപ്പണർ ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (4), ബ്രാണ്ടൻ കിങ് (0), ക്യാപ്റ്റൻ റോസ്റ്റൺ ചേസ് (2), ഷായ് ഹോപ് (2), അൽസാരി ജോസഫ് (0), ജോമൽ വറീകൻ (3), ജെയ്ഡൻ സീൽസ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി ഹെയ്സൽവുഡ് 12 ഓവറിൽ 43 റൺസ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്. നേഥൻ ലയൺ രണ്ടും പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിങ്സിലും തുടക്കം തകർന്നെങ്കിലും അർധസെഞ്ചറികളുമായി കരുത്തുകാട്ടിയ ട്രാവിസ് ഹെഡ് (61), ബ്യൂ വെബ്സ്റ്റർ (63), അലക്സ് ക്യാരി (65) എന്നിവരുടെ മികവിലാണ് ഓസീസ് 310 റൺസെടുത്തത്. വിൻഡീസിനായി ഷമാർ ജോസഫ് അഞ്ച് വിക്കറ്റെടുത്തു. അൽസരി ജോസഫ് രണ്ടും ജയ്ഡൻ സീൽസ്, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചേസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
English Summary:








English (US) ·