21 September 2025, 06:25 PM IST

വൈഭവ് സൂര്യവംശി | AP
ബ്രിസ്‌ബെയ്ന്‍: യൂത്ത് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ ജയം. ഓസ്ട്രേലിയ അണ്ടര്‍ 19 ടീം ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുന്ദു എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അണ്ടര്‍ 19 ടീമിന് മികച്ച തുടക്കമാണ് വൈഭവ് സൂര്യവംശി സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാരെ തകര്‍ത്തടിച്ച വൈഭവ് ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. അഞ്ചോവറില്‍ തന്നെ ടീം അമ്പതിലെത്തി. 22 പന്തില്‍നിന്ന് 38 റണ്‍സെടുത്താണ് വൈഭവ് സൂര്യവംശി പുറത്തായത്. ഏഴു ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. നായകന്‍ ആയുഷ് മാത്രെ(6), വിഹാന്‍ മല്‍ഹോത്ര(9) എന്നിവര്‍ നിരാശപ്പെടുത്തി.
അതേസമയം, നാലാം വിക്കറ്റില്‍ വേദാന്ത് ത്രിവേദിയും അഭിഗ്യാന്‍ കുന്ദുവും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. പിന്നാലെ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വേദാന്ത് 69 പന്തില്‍നിന്ന് 61 റണ്‍സും അഭിഗ്യാന്‍ 74 പന്തില്‍നിന്ന് 87 റണ്‍സുമെടുത്തു.
ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണെടുത്തത്. ജോണ്‍ ജെയിംസിന്റെ അര്‍ധസെഞ്ചുറി പ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 68 പന്ത് നേരിട്ട താരം 77 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സ്റ്റീവന്‍ ഹോഗന്‍(39), ടോം ഹോഗന്‍(41) എന്നിവരും ഓസീസ് ഇന്നിങ്‌സിലേക്ക് സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ഹെനില്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Australia U19 vs India U19 younker odi vaibhav suryavanshi performance








English (US) ·