മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി, സപ്പോർട്ട് സ്റ്റാഫിലെ ഒരംഗം കൂടി ടീം വിട്ടു. ഇന്ത്യൻ ടീമിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് പരിശീലകനായിരുന്ന സോഹം ദേശായിയാണ് ടീം വിട്ടത്. ഇന്ത്യൻ ടീമിനൊപ്പമുള്ള ജോലി അവസാനിപ്പിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് സോഹം ദേശായി പരസ്യമാക്കിയത്. ഇതിനു പിന്നാലെ, ദേശായിക്ക് ഹൃദ്യമായ യാത്രയയപ്പ് സന്ദേശം പങ്കുവച്ച് ഇന്ത്യൻ ടീമംഗം മുഹമ്മദ് സിറാജ് രംഗത്തെത്തി.
ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ തുടർച്ചയായി ഇന്ത്യൻ പരിശീലക സംഘത്തിൽ ബിസിസിഐ നടത്തിയ അഴിച്ചുപണിയുടെ തുടർച്ചയാണ് സോഹം ദേശായിയുടെ വിടവാങ്ങലെന്നാണ് വിവരം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം ചൂടിയെങ്കിലും ആ നേട്ടത്തിനും ഇവരുടെ ജോലി ഉറപ്പിച്ചു നിർത്താനായില്ല.
ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്ന അഭിഷേക് നായർ, ഫീൽഡിങ് പരിശീലകൻ ടി.ദിലീപ് തുടങ്ങിയവരും പുറത്തുപോയിരുന്നെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ദിലീപിനെ തിരിച്ചുവിളിച്ചതായി റിപ്പോർട്ടുണ്ട്. ടീം വിട്ട അഭിഷേക് നായർ തൊട്ടുപിന്നാലെ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് മടങ്ങിപ്പോയിരുന്നു.
ഇന്ത്യൻ ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, ജോലിയിൽ ഒപ്പം നിന്നവർക്ക് നന്ദിയറിയിച്ചുമാണ് ദേശായി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ‘‘ഇന്ത്യൻ ക്രിക്കറ്റിന് ഇത്രയധികം കാലം സേവനം ചെയ്യാൻ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നു. ഈ ജോലിയിൽ ആദ്യ ദിനം മുതൽ തന്നെ ലക്ഷ്യം വ്യക്തമായിരുന്നു. മാനസിക പിരിമുറുക്കം അയയ്ക്കുക, ലോക നിലവാരത്തിലേക്ക് ഉയരുക, മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കുക, പരാജയങ്ങളെ ഭയപ്പെടാതിരിക്കുക. എന്തൊക്കെ സംഭവിച്ചാലും ഇതിൽ അടിയുറച്ചാണ് ഞാൻ മുന്നോട്ടു പോയത്’ – ദേശായി കുറിച്ചു.
‘‘ടീമിനൊപ്പം ചേരാനെത്തിയ ആ ഇരുപത്തൊൻപതുകാരനെ അടിയുറച്ച പിന്തുണ നൽകിയ രവി ശാസ്ത്രിക്കും വിരാട് കോലിക്കും നന്ദി. രാഹുൽ ദ്രാവിഡ്, രോഹിത് ശർമ എന്നിവരെക്കുറിച്ച് എന്താണ് പറയേണ്ടത്. നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസവും നൽകിയ പിന്തുണയുമാണ് ഈ യാത്രയെ മനോഹരമാക്കിയത്. നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക’ – ദേശായി കുറിച്ചു.
‘‘എനിക്കൊപ്പമുണ്ടായിരുന്നു ഫിസിയോമാർക്കും സ്പോർട്സ് തെറപ്പിസ്റ്റുകൾക്കും ടീം ഡോക്ടറിനും എല്ലാവർക്കും ഹൃദ്യമായ നന്ദി. നിങ്ങളുടെ പിന്തുണകൊണ്ടാണ് എനിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാനായത്. എനിക്കൊപ്പമുണ്ടായിരുന്നത് നന്ദി’ – ദേശായി കുറിച്ചു.
ഈ കുറിപ്പിനുള്ള പ്രതികരണമായാണ് മുഹമ്മദ് സിറാജ് ദേശായിക്ക് നന്ദിയറിയിച്ചത്. ‘‘പരിശീലകൻ എന്നതിലുപരി മാർഗദർശിയും മെന്ററും സഹോദരനുമായിരുന്ന ഒരാളോട് യാത്ര പറയുന്നത് അത്ര എളുപ്പമല്ല. ഇത് ഒരിക്കലും ഒരു അവസാനമല്ല. നമ്മൾ വീണ്ടും കണ്ടുമുട്ടും. താങ്കൾ എന്നിൽ വരുത്തിയ മാറ്റങ്ങൾ എക്കാലവും നിലനിൽക്കും. ഡ്രസിങ് റൂമിലും ജിമ്മിലും ഞങ്ങളുടെ ഓരോ ചുവടിലും താങ്കളുടെ അസാന്നിധ്യം പ്രകടമാകും’ – സിറാജ് കുറിച്ചു.
English Summary:








English (US) ·