Published: August 27, 2025 02:42 PM IST Updated: August 27, 2025 04:12 PM IST
1 minute Read
മെൽബൺ ∙ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് കാൻസർ. ഇൻസ്റ്റഗ്രാമിൻ പങ്കുവച്ച പോസ്റ്റിൽ താരം തന്നെയാണ് തനിക്ക് ചർമ അർബുദം (സ്‌കിൻ കാൻസർ) സ്ഥിരീകരിച്ച് വിവരം വെളിപ്പെടുത്തിയത്. ‘‘സ്‌കിൻ കാൻസർ യഥാർഥ്യമാണ്! പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ. ഇന്ന് എന്റെ മൂക്കിൽനിന്നു അതിനെ മുറിച്ചുമാറ്റി. നിങ്ങളുടെ ചർമം ക്യത്യമായി പരിശോധിക്കണമെന്ന് ഓർമപ്പെടുത്തുന്നു. ചികിത്സയെക്കാൾ നല്ലത് പ്രതിരോധമാണ്. പക്ഷേ എന്റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള കണ്ടെത്തലും നിർണായകമായി.’’– മൈക്കൽ ക്ലാർക്ക് കുറിച്ചു.
2004 മുതൽ 2015 വരെയുള്ള കാലയളവിൽ ഓസ്ട്രേലിയയ്ക്കു വേണ്ടി 115 ടെസ്റ്റുകളും 245 ഏകദിനങ്ങളും 34 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മൈക്കൽ ക്ലാർക്ക്. ടെസ്റ്റിലും ഏകദിനത്തിലും ഓസീസിനെ നയിച്ചിട്ടുമുണ്ട്. ക്ലാർക്കിന്റെ ക്യാപ്റ്റൻസിയിലാണ് 2015 ഏകദിന ലോകകപ്പ് ഓസ്ട്രേലിയ നേടിയത്. 139 ഏകദിനങ്ങളിൽ ഓസീസിനെ നയിച്ചു. 74 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ച ക്ലാർക്ക് 47 എണ്ണത്തിലും വിജയിച്ചു. ക്ലാർക്കിന്റെ നേതൃത്വത്തിൽ, 2013-14ൽ ഓസ്ട്രേലിയ (5-0) ആഷസ് തിരിച്ചുപിടിക്കുകയും ചെയ്തു.
∙ ചർമകോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച മൂലമുണ്ടാകുന്ന രോഗമാണ് സ്കിൻ കാൻസർ. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് സ്ഥിരീകരിച്ചിട്ടുള്ള അർബുദ വിഭാഗമാണ് ഇത്. യുവി രശ്മികളുടെ ഉയർന്ന വികിരണ അളവ്, ഭൂമധ്യരേഖയോടുള്ള സാമീപ്യം, വെളുത്ത ചർമം ഉള്ളവരുടെ വലിയ ജനസംഖ്യ എന്നിവ കാരണം, ലോകത്തിലെ ഏറ്റവും ഉയർന്ന സ്കിൻ ക്യാൻസർ നിരക്ക് ഓസ്ട്രേലിയയിലാണ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/michaelclarkeofficiaൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·