വിശാഖപട്ടണം ∙ വനിതാ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും മികച്ച ടീം ടോട്ടൽ, വനിതാ ഏകദിനത്തിൽ മുൻപ് ഒരു ടീമും കീഴടക്കിയിട്ടില്ലാത്ത വിജയലക്ഷ്യം... ഉജ്വല പ്രകടനത്തിലൂടെ ബാറ്റർമാർ നേടിയതെല്ലാം ഇന്ത്യൻ ബോളർമാർ എറിഞ്ഞു തുലച്ചു. ലോകകപ്പിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 330 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ, നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് ജയം. സെഞ്ചറി നേടിയ ക്യാപ്റ്റൻ അലിസ ഹീലിയുടെ ഇന്നിങ്സാണ് (142) വനിതാ ഏകദിന ചരിത്രത്തിലെ റെക്കോർഡ് റൺചേസിലേക്ക് ഓസീസിനെ നയിച്ചത്. സ്കോർ: ഇന്ത്യ–48.5 ഓവറിൽ 330 ഓൾഔട്ട്. ഓസ്ട്രേലിയ– 49 ഓവറിൽ 7ന് 331.
ലോകകപ്പിൽ രണ്ടാം തോൽവി വഴങ്ങിയതോടെ ആതിഥേയരായ ഇന്ത്യയുടെ നില പരുങ്ങലിലായി. സെമിയിൽ സ്ഥാനമുറപ്പിക്കാൻ ഇനിയുള്ള 3 മത്സരങ്ങളും ഇന്ത്യയ്ക്ക് നിർണായകമാണ്. 7 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ 4 പോയിന്റുമായി ഇന്ത്യ നാലാംസ്ഥാനത്താണ്.
ഓപ്പണർമാരായ സ്മൃതി മന്ഥനയുടെയും (66 പന്തിൽ 80) പ്രതിക റാവലിന്റെയും (96 പന്തിൽ 75) അർധ സെഞ്ചറിക്കരുത്തിൽ മികച്ച സ്കോർ നേടിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ അലിസയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ഓസ്ട്രേലിയ മറുപടി നൽകിയത്. ഇടയ്ക്കിടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ പ്രതിരോധം തീർത്തെങ്കിലും ഓപ്പണറായി ഇറങ്ങി 39–ാം ഓവർ വരെ ക്രീസിൽ തുടർന്ന അലിസയുടെ ആക്രമണ ബാറ്റിങ് (107 പന്തിൽ 142) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഫീബി ലിച്ച്ഫീൽഡ് (40), എലിസ് പെറി (47*), ആഷ്‍ലി ഗാർഡ്നർ (45) എന്നിവരുടെ ഇന്നിങ്സുകളും ഓസീസിന് തുണയായി.
ഗ്രാൻഡ് ഓപ്പണിങ് പാഴായി
കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് നിരയുടെ ഉജ്വല തിരിച്ചുവരവിനാണ് വിശാഖപട്ടണം സ്റ്റേഡിയം ഇന്നലെ സാക്ഷ്യംവഹിച്ചത്. മത്സരം ഓസ്ട്രേലിയയ്ക്കെതിരെയാണെങ്കിൽ ബാറ്റിങ്ങിൽ തകർത്താടുന്ന പതിവ് സ്മൃതി മന്ഥന വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ 3 മത്സരങ്ങളിലും പരാജയപ്പെട്ട സ്മൃതി, ഈ ലോകകപ്പിലെ തന്റെ കന്നി അർധ സെഞ്ചറിയുമായി ഫോമിലേക്കു തിരിച്ചെത്തി.
സഹ ഓപ്പണർ പ്രതിക റാവലും (75) തിളങ്ങിയതോടെ ഒന്നാം വിക്കറ്റിൽ ഇന്ത്യ നേടിയത് 155 റൺസ്. ഓസ്ട്രേലിയയ്ക്കെതിരെ ഏകദിനത്തിൽ തന്റെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചറിയാണ് സ്മൃതി ഇന്നലെ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 55 റൺസായിരുന്നു ഈ ലോകകപ്പിൽ ഇതിനു മുൻപുവരെ ഇന്ത്യൻ ഓപ്പണർമാരുടെ മികച്ച കൂട്ടുകെട്ട്.
ഹർലീൻ ഡിയോൾ (38), ഹർമൻപ്രീത് കൗർ (22) ജെമിമ റോഡ്രിഗ്സ് (33), റിച്ച ഘോഷ് (32) എന്നിവരും അവസരത്തിനൊത്തുയർന്നതോടെ മധ്യനിരയിലും ഇന്ത്യൻ ബാറ്റിങ്ങിന് കിതപ്പുണ്ടായില്ല. അഞ്ചാം വിക്കറ്റിൽ 34 പന്തിൽ 54 റൺസ് നേടിയ റിച്ച– ജെമിമ കൂട്ടുകെട്ട് സ്കോറിങ്ങിന്റെ വേഗം കൂട്ടുകയും ചെയ്തു. 43–ാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 294 എന്ന നിലയിലായിരുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഡെത്ത് ഓവറിൽ പക്ഷേ താളം നഷ്ടമായി. അവസാന 6 ഓവറിനിടെ 6 വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ 330ന് ഓൾഔട്ടാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി പേസർ അന്നബെൽ സതർലൻഡ് 5 വിക്കറ്റ് വീഴ്ത്തി.
English Summary:








English (US) ·