ന്യൂഡല്‍ഹി: 2006 മാര്‍ച്ച് 12-ാം തീയതിയിലെ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 434 റണ്‍സെന്ന റണ്‍മല കെട്ടിപ്പടുത്ത ഓസീസ്. ആ റണ്‍മല 50-ാം ഓവറിലെ അഞ്ചാം പന്തില്‍ കീഴടക്കിയ ദക്ഷിണാഫ്രിക്ക. ക്രിക്കറ്റ് ചരിത്രത്തില്‍ ഈ മത്സരത്തോളം പോന്ന ആവേശം ജനിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ വനിതകളും ഓസീസ് വനിതകളും തമ്മില്‍ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 412 റണ്‍സടിച്ചപ്പോള്‍ മറുപടിയായി ഇന്ത്യന്‍ പോരാട്ടം 369 റണ്‍സിലൊതുങ്ങി.
ഇതോടെ ഏകദിനത്തില്‍ ഓസീസ് വനിതാ ടീമിനെതിരേ 300 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമെന്ന നേട്ടവും ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരേ ഒരു വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ഇംഗ്ലീഷ് വനിതാ ടീമിന്റെ പേരിലായിരുന്നു. 2022 മാര്‍ച്ച് അഞ്ചിന് ഹാമില്‍ട്ടണില്‍ നടന്ന ഏകദിനത്തില്‍ ഓസീസിനെതിരേ എട്ടിന് 298 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത്. ഈ റെക്കോഡ് ശനിയാഴ്ചത്തെ മത്സരത്തോടെ ഇന്ത്യന്‍ സംഘം സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ വനിതാ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍
369/10 (47) ഇന്ത്യ, ഡല്‍ഹി, സെപ്റ്റംബര്‍ 20, 2025
298/8 (50) ഇംഗ്ലണ്ട്, ഹാമില്‍ട്ടണ്‍, മാര്‍ച്ച് 5, 2022
292/10 (49.5) ഇന്ത്യ, മുള്ളന്‍പുര്‍, സെപ്റ്റംബര്‍ 17, 2025
288/6 (50) ന്യൂസീലന്‍ഡ്, നോര്‍ത്ത് സിഡ്‌നി ഡിസംബര്‍ 14, 2012
285/10 (43.4) ഇംഗ്ലണ്ട്, ക്രൈസ്റ്റ്ചര്‍ച്ച് ഏപ്രില്‍ 3, 2022
285/9 (50) ഇംഗ്ലണ്ട്, ടൗണ്ടണ്‍, ജൂലൈ 18, 2023.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 47.5 ഓവറില്‍ 412 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ മറുപടി 47 ഓവറില്‍ 369 റണ്‍സില്‍ അവസാനിച്ചു. ഓസീസിന് 43 റണ്‍സ് ജയം. ഇതോടെ 2-1ന് പരമ്പര ഓസ്ട്രേലിയക്ക് സ്വന്തം. വനിതാ ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറിന് ഒപ്പമെത്താനും ഓസ്ട്രേലിയക്കായി.
138 റണ്‍സ് നേടി ഓസീസ് വിജയത്തില്‍ ശക്തമായി പങ്കുവഹിച്ച ബെത്ത് മൂണിയാണ് കളിയിലെ താരം. 75 പന്തുകള്‍ നേരിട്ട മൂണി, 23 ഫോറും ഒരു സിക്‌സും നേടി. 81 റണ്‍സുമായി ജോര്‍ജിയ വോളും 68 റണ്‍സോടെ എല്ലിസെ പെറിയും ശക്തമായ പിന്തുണ നല്‍കി. അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യക്ക് സ്മൃതി മന്ദാന, വിസ്മയിപ്പിക്കുന്ന തുടക്കമാണ് നല്‍കിയത്. 63 പന്തുകളില്‍ 125 റണ്‍സുമായി സ്മൃതി വെടിക്കെട്ട് തീര്‍ത്തെങ്കിലും ഓസീസിന്റെ വലിയ സ്‌കോറിനെ ഭേദിക്കാന്‍ ഇന്ത്യക്കായില്ല. കേവലം 50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. നേരത്തേ 52 പന്തില്‍ സെഞ്ചുറി നേടിയിരുന്ന വിരാട് കോലിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.
അഞ്ച് സിക്‌സും 17 ബൗണ്ടറിയും ചേര്‍ന്നതാണ് സ്മൃതിയുടെ ഇന്നിങ്‌സ്. 22-ാം ഓവറില്‍ സ്മൃതി പുറത്താകുമ്പോള്‍ ടീം, നാലിന് 216 എന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (35 പന്തില്‍ 52), ദീപ്തി ശര്‍മ (58 പന്തില്‍ 72) എന്നിവരും തിളങ്ങിയെങ്കിലും ഇന്ത്യക്ക് വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഇന്ത്യക്കായി അരുന്ധതി റെഡ്ഢിയും ഓസ്‌ട്രേലിയക്കായി കിം ഗാര്‍ത്തും മൂന്നുവീതം വിക്കറ്റുകള്‍ നേടി. ദീപ്തി ശര്‍മ, രേണുക സിങ്, ഓസീസ് താരം മേഗന്‍ ഷട്ട് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: Indian women`s cricket squad creates history, scoring 369 against Australia, the highest ever full a








English (US) ·