‘ഓസ്ട്രേലിയയുടെ അതിർത്തി കടത്തിവിടുമോയെന്ന് ഭയന്നു’: ലോകകപ്പിനു പിന്നാലെ ബിഗ്ബാഷ് കളിച്ച് ജമിമ

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 10, 2025 08:28 AM IST

1 minute Read

 Insta@jamimahRodrigues
ജമിമ റോഡ്രിഗസ്. Photo: Insta@jamimahRodrigues

ബ്രിസ്ബെയ്ൻ∙ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ വനിതാ ബിഗ് ബാഷ് ലീഗ് കളിക്കാൻ ഓസ്ട്രേലിയയിലേക്കു പോയി ഇന്ത്യൻ താരം ജമിമ റോഡ്രിഗസ്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ടീമിന്റെ താരമാണ് ജമിമ. ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. സെമിയിൽ സെഞ്ചറി നേടി ഓസീസിനെതിരെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചതും ജമിമയായിരുന്നു.

ലോകകപ്പ് നേടി ഒരാഴ്ച മാത്രം പിന്നിടുമ്പോൾ ഓസ്ട്രേലിയയിലേക്കു പറന്ന ജമിമ, ബ്രിസ്ബെയ്ൻ ഹീറ്റ്സിനു വേണ്ടി മെൽബൺ റെനഗേഡ്സിനെതിരെ കളിക്കുകയും ചെയ്തു. ലോകകപ്പ് നേടിയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് ബിഗ് ബാഷ് ലീഗിന്റെ ബ്രോ‍ഡ്കാസ്റ്റർമാർ ജമിമയോടു ചോദിക്കുകയും ചെയ്തു. ‘ഓസ്ട്രേലിയയുടെ അതിർത്തി കടക്കാൻ തന്നെ അനുവദിക്കുമോയെന്നു ഭയമുണ്ടായിരുന്നെന്ന്’ ജമിമ അഭിമുഖത്തിനിടെ തമാശ രൂപേണ പ്രതികരിച്ചു. 

‘‘ഓസ്ട്രേലിയയിലേക്കു വരാന്‍ അനുവദിക്കുമോയെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എല്ലാവരും എന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ അവർക്കു സന്തോഷമുണ്ട്. ഇന്ത്യയുടെ വിജയത്തിലൂടെ ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ വനിതാ ക്രിക്കറ്റ് വളരുന്നതിൽ സന്തോഷമുണ്ട്.’’– ജമിമ പറഞ്ഞു. ജമിമ കളിക്കാനിറങ്ങിയെങ്കിലും സീസണിലെ ആദ്യ മത്സരത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സ് തോൽവി വഴങ്ങിയിരുന്നു. മൂന്നാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങിയ ജമിമയ്ക്കും തിളങ്ങാനായില്ല. ഒൻപതു പന്തുകൾ നേരിട്ട താരം ആറു റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. 

ആദ്യം ബാറ്റു ചെയ്ത് ബ്രിസ്ബെയ്ൻ 20 ഓവറിൽ 133 റൺസാണെടുത്തത്. മഴയെത്തിയതോടെ ഡിഎൽഎസ് നിയമപ്രകാരം റെനഗേഡ്സിന്റെ വിജയലക്ഷ്യം എട്ടോവറിൽ 66 റൺസായി വെട്ടിച്ചുരുക്കി. കോർട്‍നി വെബും (34), ക്യാപ്റ്റൻ ജോർജിയ വെയർഹാമും (16) തിളങ്ങിയതോടെ റെനഗേഡ്സ് വിജയത്തിലെത്തുകയായിരുന്നു.

English Summary:

Jemimah Rodrigues Joins Brisbane Heat After World Cup Win

Read Entire Article