Published: August 16, 2025 10:42 AM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സൻ അന്തരിച്ചു. 1990കളില്‍ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തിലേക്കു ടീമെത്തിയത് സിംപ്സണിന്റെ പരിശീലനത്തിന്‍ കീഴിലായിരുന്നു.1996 വരെ ബോബ് സിംപ്സൻ ഓസീസിന്റെ ഹെഡ് കോച്ച് സ്ഥാനത്തു പ്രവർത്തിച്ചു. 89–ാം വയസ്സിൽ സിഡ്നിയില്‍ വച്ചായിരുന്നു അന്ത്യം.
ക്രിക്കറ്റ് കരിയറില്‍ ലെഗ് സ്പിൻ ഓൾ റൗണ്ടറായും, ഓപ്പണിങ് ബാറ്ററായും, സ്‍ലിപ് ഫീൽഡറായും തിളങ്ങിയ സിംപ്സൻ, ഓസ്ട്രേലിയയ്ക്കായി 1957നും 1978നും ഇടയിൽ 62 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1957ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റിൽ 4869 റൺസ് നേടിയിട്ടുണ്ട്. പത്ത് സെഞ്ചറികൾ പൂർത്തിയാക്കിയ സിംപ്സൺ ഒരു തവണ ട്രിപ്പിൾ സെഞ്ചറിയും (311) നേടി. 71 വിക്കറ്റുകളും സ്വന്തമാക്കി.
1964ൽ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍വച്ചാണ് ഇംഗ്ലണ്ടിനെതിരെ സിംപ്സൻ ട്രിപ്പിൾ സെഞ്ചറി തികച്ചത്. ബിൽ ലോവ്‍റി– സിംപ്സൻ സഖ്യം 62 ടെസ്റ്റ് ഇന്നിങ്സുകളിൽനിന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 3596 റൺസാണ് ഓസീസിനായി അടിച്ചെടുത്തത്.
വിരമിച്ച ശേഷം 1977–78 ൽ 41–ാം വയസ്സിൽ വേൾഡ് സീരീസ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ നയിച്ച സിംപ്സൻ, രണ്ട് സെഞ്ചറികൾ കൂടി സ്വന്തമാക്കി. ഇന്നു നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയൻ താരങ്ങള്‍ കറുത്ത ആം ബാൻഡ് ധരിച്ചായിരിക്കും കളിക്കാനിറങ്ങുക.
English Summary:








English (US) ·