Published: April 22 , 2025 10:39 PM IST
1 minute Read
മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഒരുകാലത്ത് മിന്നും താരമായും പിന്നീട് കമന്റേറ്ററായും ആരാധകരുടെ മനം കവർന്ന സൂപ്പർതാരം മൈക്കൽ സ്ലേറ്ററിന് നാലു വർഷത്തെ തടവുശിക്ഷ. ഗാർഹിക പീഡനം ഉൾപ്പെടെ താരത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഓസ്ട്രേലിയൻ കോടതിയിലെ ജസ്റ്റിസ് ഗ്ലെൻ ക്യാഷ് ശിക്ഷ വിധിച്ചത്. അൻപത്തഞ്ചുകാരനായ സ്ലേറ്റർ, 2021ലും സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് 2024ൽ വീണ്ടും അറസ്റ്റിലായത്.
1993 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ഓസ്ട്രേലിയയ്‌ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ച താരമാണ് സ്ലേറ്റർ. 74 ടെസ്റ്റുകളിൽനിന്ന് 14 സെഞ്ചറികൾ ഉൾപ്പെടെ 5312 റൺസ് നേടി. 2004ൽ സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച സ്ലേറ്റർ പിന്നീട് പേരുകേട്ട ടെലിവിഷൻ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു.
അതേസമയം, ഇതുവരെ ഒരു വർഷത്തിലധികം കസ്റ്റഡിയിൽ കഴിഞ്ഞ സാഹചര്യത്തിൽ സ്ലേറ്റർ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോർട്ട്. ഗാർഹിക പീഡനം ഉൾപ്പെടെ സ്ലേറ്റർക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയാണ് നാലു വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സ്ലേറ്റർ കുഴഞ്ഞുവീണിരുന്നു.
ഗാർഹിക പീഡനം, ശാരീരിക മർദ്ദനം, വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സ്ലേറ്റർക്കെതിരെ തെളിഞ്ഞത്. മദ്യപാനമാണ് സ്ലേറ്ററുടെ അടിസ്ഥാന പ്രശ്നമെന്ന് ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കി. മദ്യപാന ശീലം സ്ലേറ്ററിന്റെ പ്രഫഷനൽ കരിയർ പോലും നശിപ്പിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഏപ്രിലിൽ വീണ്ടും അറസ്റ്റിലായ സ്ലേറ്റർ, അന്നുമുതൽ കസ്റ്റഡിയിലായിരുന്നു. ഇതിനു മുൻപ് 2021ൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് അറസ്റ്റിലായ സ്ലേറ്റർ, കേസിൽ കുറ്റക്കാരനാണെന്ന് 2022ൽ കോടതി വിധിച്ചിരുന്നു. തുടർന്ന് രണ്ടു വർഷത്തെ നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് 2024ൽ 19 കുറ്റങ്ങൾ ചുമത്തി സ്ലേറ്ററിനെ അറസ്റ്റ് ചെയ്തത്. ക്വീൻസ്‌ലാൻഡിലെ സൺഷൈൻ കോസ്റ്റിൽവച്ചാണ് സ്ലേറ്റർ ഈ കുറ്റങ്ങൾ ചെയ്തത് എന്നാണ് ആരോപണം.
English Summary:








English (US) ·