Published: August 22, 2025 10:54 AM IST
1 minute Read
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്‌ക്കായി വാലറ്റത്ത് തകർപ്പൻ അർധസെഞ്ചറി പ്രകടനവുമായി മലയാളി താരം വി.ജെ. ജോഷിത. ബ്രിസ്ബെയ്‌നിലെ അലൻ ബോർഡർ ഫീൽഡിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനത്തിലാണ്, തകർപ്പൻ അർധസെഞ്ചറിയുമായി ജോഷിത കരുത്തുകാട്ടിയത്. വാലറ്റത്ത് ഒൻപതാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ ജോഷിത 51 റൺസെടുത്ത് പുറത്തായി. 72 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതമാണ് ജോഷിത 51 റൺസെടുത്തത്.
മറ്റൊരു മലയാളി താരം മിന്നു മണി 28 റൺസോടെയും മികവു കാട്ടിയതോടെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ വനിതകൾ നേടിയത് 89.1 ഓവറിൽ 299 റൺസ്. 93 റൺസെടുത്ത രാഘവി ബിഷ്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.
രാഘവി ബിഷ്ത് 153 പന്തിൽ 16 ഫോറുകളോടെയാണ് 93 റൺസെടുത്തത്. അർഹിച്ച സെഞ്ചറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന രാഘവി, ലക്ഷ്യത്തിന് ഏഴു റൺസ് അകലെ മെയ്‌റ്റ്‌ലൻ ബ്രൗണിന്റെ പന്തിലാണ് പുറത്തായത്. ജോഷിത 72 പന്തിൽ ഏഴു ഫോറുകളോടെ 51 റൺസെടുത്തു. ഒൻപതാം വിക്കറ്റിൽ ടൈറ്റസ് സന്ധുവിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ജോഷിത ഇന്ത്യയെ 300ന് തൊട്ടടുത്ത് എത്തിച്ചത്. ഒൻപതാം വിക്കറ്റിൽ ജോഷിത – സന്ധു കൂട്ടുകെട്ട് 75 റൺസ് കൂട്ടിച്ചേർത്തു.
എട്ടാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ മിന്നു മണിയും മികച്ച പ്രകടനവുമായി കയ്യടി നേടി. മിന്നു മണി 89 പന്തിൽ നാലു ഫോറുകൾ സഹിതം 28 റൺസെടുത്ത് പുറത്തായി. ഓപ്പണർ ഷെഫാലി വർമ (38 പന്തിൽ 35), ക്യാപ്റ്റൻ രാധാ യാദവ് (69 പന്തിൽ 33), ടൈറ്റസ് സന്ധു (58 പന്തിൽ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസ്ട്രേലിയയ്‌ക്കായി മെയ്‌റ്റ്‌ലൻ ബ്രൗണ്‍ 19 ഓളറിൽ 65 റൺസ് വഴങ്ങിയും പ്രെസ്റ്റ്‌വിജ് 15 ഓവറിൽ 37 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സിയന്ന ജിൻജർ, ലില്ലി മിൽസ്, ആമി എഡ്ഗാർ, എല്ല ഹെയ്‌വാഡ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
English Summary:








English (US) ·