ഇന്ത്യയിലെ ചെസ് നക്ഷത്രങ്ങൾ മുൻപൊന്നുമില്ലാത്തവിധം തിളങ്ങുന്ന കാലമാണിത്. പത്തോ പതിനഞ്ചോ വർഷം മുൻപ് നമ്മുടെ വിദൂരസ്വപ്നങ്ങളിൽ പോലും കാണാറില്ലാത്ത ആ കൽപനാ ലോകമാണ് ഇന്നു കൂടുതൽ മികവോടെ തെളിഞ്ഞു വരുന്നത്. വിശ്വനാഥൻ ആനന്ദ് എന്ന ഒറ്റ നക്ഷത്രമായിരുന്നു ഇന്ത്യയുടെ ചെസ് നേട്ടങ്ങൾക്കു വെളിച്ചം വീശിനിന്നത്. അതിനുശേഷം ഡി. ഗുകേഷിലൂടെ ഇന്ത്യയിൽനിന്നു വേറൊരു ലോക ചാംപ്യൻ പിറക്കാൻ കാലമേറെയെടുത്തു.
പത്തൊൻപതുകാരനായ ദൊമ്മരാജു ഗുകേഷ് ആ നേട്ടം കൈവരിച്ച് അധികകാലം ആകും മുൻപാണ് അതേ പ്രായമുള്ള ദിവ്യയിലൂടെ ലോകകപ്പ് നേട്ടവും ഇന്ത്യയിലെത്തുന്നത്. ദിവ്യ ചെസിലെ ആ കൊടുമുടി കീഴടക്കുമ്പോൾ എതിരാളിയായി ഉണ്ടായിരുന്നത് മറ്റൊരു ഇന്ത്യക്കാരിയാണെന്നതും ചരിത്രം.ബുഡാപെസ്റ്റ് ഒളിംപ്യാഡിൽ ഇന്ത്യ ചരിത്രം തിരുത്തിയത് കഴിഞ്ഞ വർഷമാണ്.
ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടി. ഡി.ഗുകേഷ്, ആർ.പ്രഗ്നാനന്ദ, അർജുൻ എരിഗെയ്സി, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവരടങ്ങിയ ടീം ഓപ്പൺ വിഭാഗത്തിലും ഡി.ഹരിക, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, താനിയ സച്ദേവ്, വാന്തിക അഗർവാൾ എന്നിവരടങ്ങിയ ടീം വനിതാ വിഭാഗത്തിലും ജേതാക്കളായി.
ഒരു നക്ഷത്രത്തിന്റെ ശോഭയിൽ മറ്റൊരു നക്ഷത്രം മങ്ങിക്കാണുന്നതാണ് പതിവ്. എന്നാൽ, ഇന്ത്യൻ ചെസിൽ ആ അവസ്ഥ മാറി. ഗുകേഷ് ലോക ചാംപ്യനായിരിക്കെത്തന്നെ റേറ്റിങ്ങിലും കളിയിലും ഒപ്പവും പലപ്പോഴും മുന്നിലുമാണ് പ്രഗ്നാനന്ദയും അർജുൻ എരിഗെയ്സിയും. ആരാണു മുന്നിൽ എന്നു വിലയിരുത്താൻ ബുദ്ധിമുട്ടുള്ള പ്രതിഭാ ധാരാളിത്തം. വനിതകളിലും ആ സ്ഥിതി വന്നിരിക്കുന്നു.
ഇന്ത്യയിലെ ചെസ് വിജയഗാഥകൾ ഇവരിലൊതുങ്ങില്ല. മികച്ച പ്രകടനവുമായി ലോകത്തെ ആദ്യ പത്തിലേക്കു കുതിക്കുന്ന ഏറെപ്പേരുണ്ട് ഇവിടെ. തമിഴ്നാട്ടിൽനിന്നുള്ള ഗ്രാൻഡ്മാസ്റ്റർ അരവിന്ദ് ചിദംബരമാണ് അവരിൽ പ്രധാനി. എലീറ്റ് ചെസ് ഗ്രൂപ്പായി അറിയപ്പെടുന്ന 2700 ഇലോ റേറ്റിങ്ങിനു തൊട്ടടുത്താണ് മലയാളിയായ നിഹാൽ സരിൻ.
പരിചിതമായ ഈ പേരുകളിലൊതുങ്ങുന്നില്ല പുതുതാരങ്ങളുടെ എണ്ണം. ഒരു ഓൺലൈൻ ചെസ് മത്സരത്തിൽ മാഗ്നസ് കാൾസനെ ആരിത് കപിൽ എന്ന ഒൻപതുകാരൻ പയ്യൻ സമനിലയിൽ പിടിച്ചത് അടുത്തകാലത്താണ്. കഴിഞ്ഞ ദിവസം വനിതാ ഗ്രാൻഡ്മാസ്റ്റർ നോം നേടിയ ഇന്ത്യൻ വംശജ ബോധന ശിവാനന്ദനു പത്തുവയസ്സേയുള്ളൂ!
2000 ഡിസംബർ 24നാണ് വിശ്വനാഥൻ ആനന്ദ് ആദ്യം ലോക കിരീടം നേടുന്നത്. സ്വയം പഠിച്ചു മുന്നേറിയ ഒറ്റയാൾ പോരാളിയുടെ ജയമായി അതു വിലയിരുത്തപ്പെട്ടു. ഇന്ത്യൻ ചെസിന് ഓർമയിൽ സൂക്ഷിക്കാൻ മറ്റൊരു ദിനം കൂടി ആഗതമായിരിക്കുന്നു: 28. 7. 2025.
English Summary:








English (US) ·