ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പിന്മാറ്റം;സൂപ്പർതാരങ്ങൾക്ക് വൻതിരിച്ചടി,200 കോടിയോളം രൂപ നഷ്‍ടം,റിപ്പോർട്ട്

4 months ago 5

virat kohli rohit sharma

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിനിടെ രോഹിത് ശർമയും വിരാട് കോലിയും | ഫോട്ടോ: പി.ടി.ഐ.

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കുന്നതായുള്ള ഡ്രീം ഇലവന്റെ തീരുമാനത്തിന് പിന്നാലെ പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. സെപ്റ്റംബർ ഒൻപതിന് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നതിനാൽ ഉടൻ തന്നെ ക്രിക്കറ്റ് ബോർഡിന് സ്പോൺസർമാരെ കണ്ടെത്തേണ്ടതുണ്ട്. അതിന് സാധിക്കാത്തപക്ഷം സ്പോൺസർ ഇല്ലാതെ മത്സരിക്കാൻ ഇറങ്ങേണ്ടതായും വരും. ഓട്ടോമൊബൈല്‍ നിര്‍മാണകമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്നീ കമ്പനികളാണ് സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടെന്നാണ് വിവരം.

ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് ഡ്രീം 11 ബിസിസിഐയുമായുള്ള കരാർ അവസാനിപ്പിച്ചത്. അതേസമയം ക്രിക്കറ്റ് ബോര്‍ഡിന് മാത്രമല്ല, ഇന്ത്യന്‍ താരങ്ങളെയടക്കം ഡ്രീം 11 ന്റെ പിന്മാറ്റം ബാധിച്ചതായാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ നഷ്ടപ്പെടും. ഇത് സാമ്പത്തികമായി വലിയ നഷ്ടമാണ് സൃഷ്ടിക്കുക. ഏകദേശം 200 കോടിയോളം രൂപയുടെ നഷ്ടം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് ഡ്രീം ഇലവനുമായി കരാറുകളുണ്ട്. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് മൈ 11 സര്‍ക്കിളുമായും. സൂപ്പര്‍താരം വിരാട് കോലിക്ക് എംപിഎല്ലുമായും മുന്‍ താരം മഹേന്ദ്ര സിങ് ധോനിക്ക് വിന്‍സോയുമായും കരാറുകളുണ്ട്. ഈ കരാറുകള്‍ റദ്ദാകുന്നത് താരങ്ങള്‍ക്ക് വൻ തിരിച്ചടിയാകും.

ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം വിരാട് കോലിക്ക് 10-12 കോടിവരെയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. രോഹിത് ശര്‍മ, ധോനി എന്നിവര്‍ക്ക് 7 കോടിയോളം രൂപ ലഭിക്കുന്നു. മറ്റുചില താരങ്ങള്‍ക്ക് ഏകദേശം ഒരു കോടിയോളം രൂപയുമാണ് ലഭിക്കുന്നത്. ഈ കരാറുകള്‍ റദ്ദാകുന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടാകുന്ന ആകെ നഷ്ടം 150 കോടി മുതല്‍ 200 കോടി വരെയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ കാലാവധി തീരും മുന്‍പേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല. കരാറില്‍ ഇതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം.

Content Highlights: online gaming measure amerind players loss

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article