
ഹൈദരലിക്കൊപ്പം വി.കെ. ശ്രീരാമൻ തിരുനാരായണപുരത്തെ വീട്ടുമുറ്റത്ത്
പുലാമന്തോൾ: കൂട്ടുകാരന്റെ കൂട്ടുകാരനായിരുന്നു അന്ന് ഹൈദരലി, വി.കെ. ശ്രീരാമന്. ഇപ്പോഴും ഓർമകളിൽ പ്രസരിപ്പോടെ നിൽക്കുന്ന കുട്ടിത്തത്തിന്റെ വിരൽ പിടിച്ച് ശ്രീരാമൻ ഹൈദരലിയുടെ വീട്ടിലെത്തുമ്പോൾ കുന്തിപ്പുഴയ്ക്ക് പ്രായം 55 വയസ്സ് കൂടിയിരിക്കുന്നു. ചലച്ചിത്ര, സാംസ്കാരികപ്രവർത്തകൻ വി.കെ. ശ്രീരാമൻ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെത്തിയത് ആപഴയ സൗഹൃദം പുതുക്കാൻകൂടിയാണ്. ഹൈദരലിയുടെ വീട്ടിൽ ഉച്ചനേരത്തെത്തിയപ്പോൾ സ്വീകരിച്ചത് സ്നേഹസൗഹൃദത്തിന്റെ കുളിർമ്മ.
അരനൂറ്റാണ്ടിനുശേഷമുള്ള സ്നേഹസംഗമം. ചിത്രകാരനും ചലച്ചിത്ര കലാ സംവിധാനരംഗത്ത് എസ്. കൊങ്ങനാടിന്റെ സഹായിയുമായിരുന്ന പുലാമന്തോൾ തിരുനാരായണപുരം സ്വദേശി ഹൈദരലിയുടെയും ശ്രീരാമന്റെയും കുട്ടിക്കാല സൗഹൃദത്തിന് സിനിമയോളം പോന്നൊരു കഥയുണ്ട്. തൊഴിയൂർ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശ്രീരാമന്റെ സഹപാഠി മൊയ്തുട്ടി പുലാമന്തോൾ സ്കൂളിലെ യൂത്ത് ഫെസ്റ്റിവെലിന് പോകാമെന്ന് പറയുന്നത്.
സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനാ മത്സരവേദിയിൽവെച്ച് മൊയ്തുട്ടി പരിചയപ്പെട്ട പുലാമന്തോളുകാരൻ ഹൈദരലിയുടെ സ്കൂളിലേക്കാണ് ശ്രീരാമനെയും കൂട്ടിയുള്ള വരവ്. അന്ന് തിരുനാരായണപുരത്ത് ബസ്സിറങ്ങി ഹൈദരലിക്കൊപ്പം ഇടവഴിയിലൂടെ നടന്ന് തോണിയിൽ കുന്തിപ്പുഴ കടന്ന് നാട്യമംഗലത്തുള്ള വീട്ടിൽ ശ്രീരാമനും മൊയ്തുട്ടിയും എത്തി. കുന്തിപ്പുഴയിലെ ഒരു കുളിക്കും ഭക്ഷണത്തിനുംശേഷം അവർക്ക് മാറിയുടുക്കാനുള്ള മുണ്ടും ഷർട്ടും ഹൈദരലി കൊടുത്തു. വൈകീട്ട് പാലൂർ പാടത്തിലൂടെ നടന്ന് സ്കൂളിലെത്തി. യുവജനോത്സവം കണ്ട് രാത്രി വൈകി ഹൈദരലിയുടെ വീട്ടിലേക്ക് മടക്കം.
തട്ടിൻപുറത്ത് സുഖസുന്ദരമായ ഉറക്കം. പിറ്റേദിവസവും സ്കൂളിൽപ്പോയി പരിപാടികൾ ആസ്വദിച്ചു. മൂന്നു ദിവസത്തെ സഹവാസത്തിൽ മറക്കാൻ പറ്റാത്തതായിരുന്നു കുന്തിപ്പുഴയുടെ കുളിര്. പിന്നീട് പലപ്പോഴും മൂന്ന് പേരും കാണണമെന്നും ബന്ധം പുതുക്കണമെന്നുമാഗ്രഹിച്ചുവെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. ഹൈദരലി നാട്യമംഗലത്ത് നിന്ന് തിരുനാരായണപുരത്തേക്ക് താമസം മാറ്റിയിട്ട് 33 വർഷമായി. അൻപത് വർഷത്തിനുശേഷമാണ് സൗഹൃദം വീണ്ടും തളിർത്തത്.
രണ്ടാം ബാല്യത്തിലെ ഈ യാത്രയിൽ ഭാര്യയും ശ്രീരാമനൊപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിച്ച്, ബാല്യസ്മൃതികളിലൂടെയുള്ള യാത്ര. മുടികൊഴിഞ്ഞ്, നരച്ച് വയസ്സന്മാരായിരിക്കുന്നൂവെന്ന് പറഞ്ഞ് കൂട്ടുകാർ പരസ്പരം കളിയാക്കി. പോകാനൊരുങ്ങുമ്പോൾ ശ്രീരാമന്റെ കൈകളിൽ ഹൈദരലി മുറുകെപ്പിടിച്ചു. കണ്ണുകളിൽ നിഷ്കളങ്കമായ ചിരി. ആ പഴയ സൗഹൃദത്തിന്റെ തിളക്കത്തിന് ഇപ്പോൾ കൂടുതൽ തിളക്കം.
Content Highlights: heartwarming communicative 50-year-old relationship betwixt VK Sreeraman and Hyderali, reuniting aft decades
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·