Published: April 19 , 2025 02:36 PM IST
1 minute Read
കറാച്ചി∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ അബ്രാർ അഹമ്മദിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ‘കയറിപ്പോ’ ആഘോഷവുമായി പാക്ക് പേസർ ഹസൻ അലി. പിഎസ്എലിലെ കറാച്ചി കിങ്സ്– ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് പോരാട്ടത്തിനിടെയായിരുന്നു ചാംപ്യൻസ് ട്രോഫിയിൽ ഏറെ വിവാദമായ അബ്രാറിന്റെ ആഘോഷ പ്രകടനം ഹസൻ അലി ഗ്രൗണ്ടിൽ അനുകരിച്ചത്. ക്വെറ്റ ഇന്നിങ്സിന്റെ 19–ാം ഓവറിലായിരുന്നു സംഭവം.
ഹസൻ അലിയുടെ സ്ലോ ബോളിൽ ബൗണ്ടറിക്കു ശ്രമിച്ച ക്വെറ്റ ബാറ്റർ അബ്രാർ അഹമ്മദിനു പന്ത് കണക്ട് ചെയ്യാൻ പറ്റിയില്ല. ഇതോടെ താരത്തിന്റെ വിക്കറ്റു തെറിച്ചു. അബ്രാർ നിരാശയോടെ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നതിനിടെയാണ് ഹസൻ അലി താരത്തെ വിളിച്ചത്. ക്വെറ്റ ബാറ്റർ തിരിഞ്ഞുനോക്കിയപ്പോള്‍ കറാച്ചി ബോളർ തല കൊണ്ട് കയറിപ്പോയെന്ന് ആംഗ്യവും കാണിച്ചു. ഇതു കണ്ട് ചിരിച്ചുകൊണ്ടാണ് അബ്രാർ ഗ്രൗണ്ട് വിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ കറാച്ചി കിങ്സ് 56 റൺസ് വിജയം സ്വന്തമാക്കിയിരുന്നു.
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– പാക്ക് മത്സരത്തിനിടെ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു അബ്രാറിന്റെ വിവാദ ആഘോഷ പ്രകടനം. 52 പന്തിൽ 46 റൺസെടുത്താണ് ശുഭ്മൻ ഗിൽ മടങ്ങിയത്. മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റതോടെ, അബ്രാറിന്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗില്ലിന്റെ വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി പാക്ക് താരം പിന്നീട് പരസ്യമായി പ്രതികരിച്ചിരുന്നു.
English Summary:








English (US) ·