
ആർ.എസ്. പ്രഭു | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി
കൊച്ചി: കടം കൊടുത്ത പൈസ തിരികെ വാങ്ങാൻ പോയി സിനിമക്കാരനായ ആളാണ് ആർ.എസ്. പ്രഭു. 1985-ൽ ഇന്ത്യൻ ഫിലിം വ്യവസായം പ്ലാറ്റിനം ജൂബിലി ആഘോഷിക്കവേ ഇന്ത്യയിലെ 75 സിനിമാ പ്രതിഭകളെ തിരഞ്ഞെടുത്തപ്പോൾ ഒരാൾ പ്രഭുവായിരുന്നു. തിങ്കളാഴ്ച 96-ാം പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വൈകീട്ട് അഞ്ചിന് പിറന്നാൾ ആഘോഷങ്ങൾ തുടങ്ങും.
പരീക്കുട്ടിക്കുവേണ്ടി പിശുക്ക്
ഞാൻ സിനിമ പിടിക്കാൻ പോകുന്നു, ഇതാണ് കടം വാങ്ങിയ ആളെ അന്വേഷിച്ചെത്തിയ പ്രഭുവിനു കിട്ടിയ മറുപടി. കടം വാങ്ങാൻ വന്ന കാര്യം മറന്ന് അഭിനയമോഹം അറിയിച്ചപ്പോൾ അദ്ദേഹം പ്രഭുവിനെ ഒപ്പംകൂട്ടി. മുഖം കാണിച്ച ആദ്യ ചിത്രം ‘രക്തബന്ധ’ത്തിൽ തന്നെ നിർമാണ മേൽനോട്ടവും പ്രഭു ഏറ്റെടുത്തു. പിന്നീട് എറണാകുളത്ത് ബർജാത്യ സഹോദരന്മാർ നടത്തിയിരുന്ന രാജശ്രീ പിക്ചേഴ്‌സിൽ ജോലി കിട്ടി. അവിടെ വെച്ച് മദ്രാസിലേക്ക് ഒന്നു ഫോൺ ചെയ്യാൻ ഓഫീസിൽ വന്ന ടി.കെ. പരീക്കുട്ടിയെ പരിചയപ്പെട്ടു. മദ്രാസിൽ ആരംഭിച്ച പരീക്കുട്ടിയുടെ ചന്ദ്രതാരാ പ്രൊഡക്ഷൻസിൽ പ്രതിമാസം 80 രൂപ ശമ്പളത്തിൽ എക്സിക്യുട്ടീവായി 1954-ൽ ചേർന്നു.
ചന്ദ്രതാര 10 ചിത്രങ്ങൾ നിർമിച്ചതിൽ നാലെണ്ണം ദേശീയ അവാർഡുകൾ നേടി. നീലക്കുയിൽ, മുടിയനായ പുത്രൻ, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ എന്നിവയാണവ. പരീക്കുട്ടി എന്ന നിർമാതാവ് ചോര നീരാക്കി ഉണ്ടാക്കിയ പണം അതീവ സൂക്ഷ്മതയോടെ ചെലവാക്കിയ പ്രഭുവിന് പിശുക്കൻ എന്ന പേരും വീണു. ടി.കെ. പരീക്കുട്ടിയുടെ ആകസ്മിക മരണത്തോടെ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ ചന്ദ്രതാരയുടെ പ്രവർത്തനം അവസാനിപ്പിച്ചു.
മദിരാശിയിലെ കൊച്ചിക്കാരൻ
1966-ൽ രാജമല്ലി എന്ന സിനിമ നിർമിച്ച് സംവിധാനം ചെയ്തു. ശ്രീരാജേഷ് ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ സ്ഥാപനവും ആരംഭിച്ചു. പിന്നീട് അനവധി ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളും കളർ ചിത്രങ്ങളും നിർമിച്ചു. ഭീഷ്മാചാര്യ ആണ് അവസാനം നിർമിച്ച ചിത്രം.
മദിരാശിയിൽ മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്ഥാപിതമായപ്പൾ പ്രഭു പ്രഥമ സെക്രട്ടറിയായി. മദിരാശിയിൽ ആരംഭിച്ച മലയാള ചലച്ചിത്ര പരിഷത്തിന്റെ പ്രഥമ ട്രഷറർ കൂടിയായിരുന്നു പ്രഭു. തിരുവനന്തപുരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി 1977-79 ൽ പ്രഭു പ്രവർത്തിച്ചു.
ഭാര്യ ശാരദയോടൊപ്പം ആർ.എസ്. പ്രഭു ഇപ്പോൾ കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്നു. മൂത്തമകൻ രാജഗോപാൽ (റിട്ട. കാനറ ബാങ്ക് ഡിവിഷണൽ മാനേജർ) മദിരാശിയിലും ഇളയ മകൻ രമേഷ് അമേരിക്കയിൽ കംപ്യൂട്ടർ അനലിസ്റ്റുമാണ്.
Content Highlights: RS Prabhu, a Kochi-based movie shaper celebrates his 96th birthday
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·