2008ലാണ് ഈ യാത്രയുടെ തുടക്കം. തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്നതു കുറെ ചെറിയ ഓളങ്ങൾക്കിടയിലൂടെ കാറ്റിനൊപ്പം തെന്നിനീങ്ങുന്ന ഒരു കൊച്ചുവള്ളവും അതിൽ നിറഞ്ഞുനിന്ന സന്തോഷവുമാണ്. അന്നു ഞങ്ങൾക്ക് സെയ്‌ലിങ് എന്താണെന്ന് പോലും ശരിക്കറിയില്ലായിരുന്നു. മെഡലുകൾ, ചാംപ്യൻഷിപ്പുകൾ, വലിയ സ്വപ്നങ്ങൾ… ഒന്നുമില്ലായിരുന്നു. കാറ്റിനൊപ്പം തിരകളിലൂടെ തെന്നിനീങ്ങുക. കടലിന്റെ മടിത്തട്ടിൽ സമയം ചെലവഴിക്കുക. അത്രയേ ഉണ്ടായിരുന്നുള്ളൂ. ആ യാത്ര ഞങ്ങളെ എവിടെയെത്തിക്കുമെന്നും ദൈവം ഞങ്ങൾക്കായി എന്താണ് കരുതിവച്ചിരിക്കുന്നതെന്നും അന്ന് എനിക്കറിയില്ലായിരുന്നു.
പക്ഷേ, ആ ചെറിയ ഓളങ്ങൾക്കിടയിലൂടെ ഞങ്ങൾ ആത്മവിശ്വാസത്തോടെ സെയ്‌ലിങ് ചെയ്യുമ്പോൾ ഞങ്ങളുടെ മുഖത്തു നിറയുന്ന സന്തോഷം പപ്പ കാണുന്നുണ്ടായിരുന്നു. ആ കാഴ്ച പപ്പയ്ക്ക് അത്ര പുതുമയുള്ളതൊന്നുമായിരുന്നില്ല. ചെറുപ്പത്തിൽ, മൺസൂൺ കാലത്ത് മണിയൻ ചേട്ടനൊപ്പം പപ്പ മീൻ പിടിക്കാൻ കടലിൽ പോകുന്ന കഥകൾ പപ്പയുടെ കൂട്ടുകാർ പറഞ്ഞു തന്നത് ഓർമയുണ്ട്. ജീവൻപോലും കവർന്നെടുക്കാൻ പോന്നത്ര ഭയാനകമായ തിരകൾ. ആളുകൾ കടൽതീരത്തേക്ക് ഇറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന സമയം.
പക്ഷേ, പപ്പയും മണിയൻ ചേട്ടനും കടലിൽ പോകുമായിരുന്നു. വലിയ തിരകളെ മുറിച്ചുകടന്നു വലവിരിച്ചു മീൻപിടിച്ച് തിരികെ വരുമായിരുന്നു. അതു വെറുമൊരു മീൻപിടിത്തം മാത്രമായിരുന്നില്ല. ആ വലിയ തിരകളെ അറിഞ്ഞ്, അവയുടെ താളത്തിനൊപ്പം സഞ്ചരിച്ച്, അവയെ മറികടന്ന് കരയിലേക്ക് തിരിച്ചെത്തുന്നതിൽ അവർക്കൊരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.
കടലിനെ ഭയക്കാതെ, അതിനെ മനസ്സിലാക്കി, അതിന്റെ ശക്തിക്കൊപ്പം സഞ്ചരിക്കാൻ അവർക്കറിയാമായിരുന്നു. കുഞ്ഞായിരുന്ന എനിക്ക് പപ്പ പറഞ്ഞു തന്നിരുന്ന കാര്യങ്ങളുടെ ആഴമൊന്നും അന്നു മനസ്സിലായിരുന്നില്ല. തിരകളെക്കുറിച്ചു പപ്പാ പറയുമായിരുന്നു: ‘‘തിര നിന്റെ അടിയിലൂടെ വരുന്നത് അറിയുമ്പോൾ കാലുകൊണ്ട് വള്ളത്തെ നിയന്ത്രിക്കണം. വള്ളത്തിന്റെ മുൻഭാഗം താഴ്ത്തിക്കൊടുക്കണം. അപ്പോൾ ആ തിര നിന്നെയും കൊണ്ട് മുന്നോട്ട് പൊയ്ക്കോളും’’. അന്നതിന്റെ പൊരുൾ എനിക്കു മനസ്സിലായിരുന്നില്ല. പക്ഷേ, ഇപ്പോഴറിയാം.
ഒരു തിര കൃത്യമായി പിടിച്ച്, വള്ളം ഉയർന്ന്, കാറ്റിനൊപ്പം വെള്ളത്തിലൂടെ തെന്നിനീങ്ങുമ്പോൾ കിട്ടുന്ന ഒരു അനുഭവമുണ്ട്. ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും തേടിപ്പോകാൻ തോന്നുന്ന അനുഭവം. പപ്പയുടെ ആ വാക്കുകളിൽ നിന്നാണ് എന്റെ സെയ്‌ലിങ് യാത്ര ഞാൻ തുടങ്ങിയത്. ഒരു മെഡൽ നേടണമെന്ന ആഗ്രഹത്തിൽ നിന്നല്ല. ഒരു ചാംപ്യനാകണമെന്ന സ്വപ്നത്തിൽ നിന്നുമല്ല. വെറുതെ തിരകളിലൂടെ തെന്നിനീങ്ങാനുള്ള ആഗ്രഹത്തിൽ നിന്നാണു ഞാൻ സെയ്‌ലിങ് തുടങ്ങിയത്. കടൽ എന്നെ സെയിലിങ് പഠിപ്പിച്ചു. പക്ഷേ, തോറ്റാലും മുന്നോട്ടു പോകാൻ എന്നെ പഠിപ്പിച്ചത് എന്റെ പപ്പായായിരുന്നു. ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. എത്രയോ ചാംപ്യൻഷിപ്പുകൾ. എത്രയോ തോൽവികൾ. വിജയിക്കാമെന്ന പ്രതീക്ഷയോടെ പോയി ഒന്നും നേടാതെ മടങ്ങിയ എത്രയോ ദിവസങ്ങൾ.
ചില സമയങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചുനിന്നിട്ടുണ്ട്. അടുത്തതായി എങ്ങോട്ട് പോകണം, എങ്ങനെ മുന്നോട്ടുപോകണം എന്നുപോലും അറിയാത്ത നിമിഷങ്ങൾ. അതിനിടയിൽ പലരും ചോദിച്ചു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും വരെ: “എത്ര കാലമായി നീ സെയ്‌ലിങ് ചെയ്യുന്നു? ഇത്രയും കാലമായിട്ടും ഒരു ചാംപ്യൻഷിപ് പോലും ജയിക്കാതെ വീണ്ടും വീണ്ടും മത്സരിക്കാൻ പോകുമ്പോൾ നിനക്ക് നാണമില്ലേ? ഇതൊക്കെ നിർത്തി വേറെ എന്തെങ്കിലും ചെയ്തുകൂടേ?”
ആ വാക്കുകൾ എത്രയോ തവണ കേട്ടിരിക്കുന്നു. ഓരോ തോൽവിക്കും പിന്നാലെ പുതിയ ചോദ്യങ്ങൾ. ഓരോ നിരാശയ്ക്കും പിന്നാലെ ഉപദേശങ്ങൾ. എന്നിട്ടും ഓരോ തവണയും അവരെ നേരിടാനുള്ള ധൈര്യം എനിക്ക് എവിടെനിന്നോ കിട്ടി. അത് എന്റെ പപ്പയിൽ നിന്നായിരുന്നു. കൈയിൽ പണമില്ലാത്ത സമയത്തുപോലും, കടം വാങ്ങിയും ഇല്ലാത്ത പണം ചെലവഴിച്ചും പപ്പ എന്നെ മത്സരങ്ങൾക്ക് അയക്കുമായിരുന്നു. ഓരോ മത്സരത്തിലും വിജയിക്കണമെന്ന പ്രതീക്ഷയോടെയാണ് ഞാൻ പോയിരുന്നത്. പക്ഷേ, പലപ്പോഴും തോൽവിയുമായി, നിരാശയോടെ, സങ്കടത്തോടെ തിരിച്ചുവരേണ്ടിവന്നു.
അപ്പോൾ പപ്പ പറയുമായിരുന്നു: “മോനേ, ഒരു മത്സരമാകുമ്പോൾ അതിൽ ജയവും തോൽവിയും സാധാരണമാണ്. തോറ്റുപോയാൽ വിഷമിക്കാം. പക്ഷേ, എന്തുകൊണ്ടാണ് തോറ്റതെന്ന് മനസ്സിലാക്കണം. ആ തോൽവിയിൽനിന്ന് പഠിക്കണം. ജയിച്ചാലും അങ്ങനെതന്നെയാണ്. ജയിച്ചു എന്നതുകൊണ്ട് ഒരിക്കലും അഹങ്കരിക്കരുത്. വിജയം നൽകുന്നത് കർത്താവാണ്. അഹങ്കരിക്കുന്നവരോട് കർത്താവിന് വെറുപ്പാണ്.” പപ്പയുടെ വാക്കുകൾ എനിക്ക് ആദ്യം വെറും ഉപദേശങ്ങളായാണു തോന്നിയത്. പക്ഷേ, കാലം അവയുടെ അർഥം എന്നെ പഠിപ്പിച്ചു. വിജയിച്ചാൽ എളിമയോടെ നിൽക്കാനും തോറ്റാൽ തളർന്നുപോകാതെ വീണ്ടും ശ്രമിക്കാനും പപ്പ എന്നെ പഠിപ്പിച്ചു.
എല്ലാം തകിടംമറിയുമ്പോൾ, ഇനി മുന്നോട്ടുപോകാൻ കഴിയുമോ എന്നു സംശയിക്കുമ്പോൾ, പപ്പയെക്കുറിച്ചുള്ള ഓർമകൾ എന്നെ വീണ്ടും എഴുന്നേൽപ്പിച്ചു. കാരണം, ഒരു ചാംപ്യൻഷിപ്പ് ജയിക്കുന്നതിനേക്കാൾ ഞാൻ ആഗ്രഹിച്ചിരുന്നത്, കാത്തിരുന്നിരുന്നത് വീണ്ടും കടലിലേക്കു പോകാനുള്ള അവസരത്തിനായാണ്. ഒരിക്കൽക്കൂടി കാറ്റിനെ അറിയാൻ. ഒരിക്കൽക്കൂടി തിരകൾക്കിടയിലൂടെ തെന്നിനീങ്ങാൻ.സഒരിക്കൽക്കൂടി ആ കടലിന്റെ ഭാഗമാകാൻ.അത്രയേ വേണ്ടിയിരുന്നുള്ളൂ. അതുമാത്രം മതി, വീണ്ടും തുടങ്ങാൻ.
പക്ഷേ, ആ ധൈര്യം എനിക്ക് കിട്ടിയത് പപ്പയിൽ നിന്നാണ്. കുഞ്ഞായിരുന്നപ്പോൾ പപ്പയോടൊപ്പം മുനമ്പത്ത് ചീനവള്ളം വലിക്കാൻ പോകുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ആ ദിവസങ്ങൾ ഇപ്പോൾ ഞാൻ മിസ് ചെയ്യുന്നു. സ്കൂൾ ഫീസ് കൊടുക്കേണ്ട സമയമാകുമ്പോൾ, മീൻ പിടിക്കാൻ പോകുന്നതിനു മുൻപു പപ്പ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ കടവിലെ പള്ളിയിൽ പ്രാർഥിച്ചിരുന്നത് എനിക്ക് ഓർമയുണ്ട്. ‘‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ. സ്വർഗസ്ഥനായ പിതാവേ, ഞങ്ങളുടെ കുടുംബം പട്ടിണിയിലാകാതെ കഴിയാൻ അങ്ങ് ഞങ്ങൾക്കായി കരുതിവച്ചിരിക്കുന്നത് ഞങ്ങൾക്ക് നൽകണമേ.
ഒന്നും രണ്ടുമല്ല, നാല് മക്കളെയാണു നീ എനിക്കും ബിന്ദുവിനും തന്നിരിക്കുന്നത്. നാലുപേരുടെയും സ്കൂൾ ഫീസ് കൊടുക്കേണ്ട സമയമായി. അവരുടെ പഠനത്തിനുള്ള ഫീസ് കൊടുക്കാൻ ആവശ്യമായ മീൻ ഇന്ന് ഞങ്ങൾക്ക് തരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ. ആമേൻ.” ഇതേ പ്രാർത്ഥന പപ്പ ചീനവള്ളത്തിലും ചൊല്ലുമായിരുന്നു. പപ്പയുടെ പ്രാർഥന കേട്ട് ഞാനും എന്റേതായ ഒരു കൊച്ചുപ്രാർത്ഥന നടത്തും. “ദൈവമേ, ഇന്നു ഞങ്ങൾക്കു നല്ല വലിയ കാളാഞ്ചിയും തിരുതയും കിട്ടണേ.”
പപ്പ വലയിടും. കുറച്ചുകഴിഞ്ഞ് വല വലിക്കാൻ തുടങ്ങും. “പപ്പാ, ഞാനും വല വലിച്ചോട്ടെ?”– ഞാൻ ചോദിക്കും. പപ്പ എനിക്കും ഒരു കയർ തരും. ഞാൻ എന്റെ മുഴുവൻ ബലവും ഉപയോഗിച്ച് വല വലിക്കും. അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പപ്പയുടെ കൂടെ വല വലിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ വലയിൽ ഒന്നുമുണ്ടാകില്ല. ഒരു മീൻപോലും ഉണ്ടാകില്ല. അപ്പോൾ ഞാൻ പപ്പയോട് പറയും: “പപ്പാ, എനിക്ക് തോന്നുന്നു ദൈവം നമ്മുടെ പ്രാർത്ഥന കേട്ടില്ല.”പപ്പ എന്നോട് പറയും: “മോനേ, ദൈവത്തിന്റെ സമയമെന്താണെന്ന് നമുക്കറിയില്ലല്ലോ. കടലിൽ ഒരുപാട് മീനുകളുണ്ട്. നമുക്ക് കിട്ടേണ്ടത് ദൈവം നമ്മുടെ വലയിൽ എത്തിച്ചുതരും.”
അങ്ങനെ ഞങ്ങൾ കാത്തിരിക്കും. രണ്ടു മണിക്കൂർ, മൂന്ന് മണിക്കൂർ. വീണ്ടും വലയിടും. വീണ്ടും വല വലിക്കും. എന്നിട്ടും മീനില്ലെങ്കിൽ ഞാൻ ചോദിക്കും: “പപ്പാ, നമുക്ക് വീട്ടിൽ പോകാം. ഇന്ന് കടലിൽ മീനൊന്നുമില്ലെന്ന് തോന്നുന്നു”.അപ്പോൾ പപ്പാ പറയും: “മോനേ, ഒരു പ്രാവശ്യം കൂടി നോക്കാം. അടുത്ത വലയിൽ മീൻ കിട്ടിയാലോ?” അങ്ങനെ ഞങ്ങൾ വീണ്ടും കാത്തിരിക്കും. സമയം കടന്നുപോകും. വൈകുന്നേരത്തെ ഇളംതണുത്ത കാറ്റ് കടലിലൂടെ വീശിത്തുടങ്ങും. തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറും. അപ്പോൾ പപ്പ തന്റെ ഷർട്ടും മുണ്ടും എന്റെ ശരീരത്തിൽ പുതപ്പിക്കും. എന്നെ ചേർത്തുപിടിച്ചു തണുപ്പിൽനിന്ന് സംരക്ഷിക്കും. ആ കൈകളുടെ ചൂടിൽ, പപ്പയുടെ നെഞ്ചോട് ചേർന്ന്, ഞാനറിയാതെ ഉറങ്ങിപ്പോകും.
എത്ര നേരം ഉറങ്ങിയെന്ന് എനിക്കറിയില്ല. പക്ഷേ, അടുത്ത ദിവസം കണ്ണുതുറക്കുമ്പോൾ കാണുന്ന കാഴ്ച എനിക്ക് ഓർമയുണ്ട്: മീൻകൊട്ട നിറയെ മീൻ! വീട്ടിലെ ആവശ്യങ്ങൾക്കുള്ള മീൻ. കുടുംബത്തെ പട്ടിണിയില്ലാതെ നോക്കാനുള്ള മീൻ. സ്കൂൾ ഫീസ് കൊടുക്കാൻ ആവശ്യമായ മീൻ. ഞാൻ പപ്പയോട് ചോദിക്കും: “പപ്പാ, ഇത്രയും മീൻ എപ്പോഴാ കിട്ടിയത്?”. വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാനത്തെ വലയിലാണ് മീൻ കിട്ടിയതെന്നു പപ്പ പറയും. മടങ്ങിപ്പോകാൻ തീരുമാനിച്ചതിന് തൊട്ടുമുമ്പ്. അവസാനത്തെ വലയിൽ. ചന്തയിൽ കൊണ്ടുപോകാൻ പറ്റിയ കൃത്യസമയത്ത്.
തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. എത്ര തവണ പപ്പ ക്ഷീണിച്ചിട്ടുണ്ടാകും? എത്ര തവണ കുടുംബത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഓർത്ത് വിഷമിച്ചിട്ടുണ്ടാകും? എത്ര തവണ ആ മനസ്സിലും നിരാശ നിറഞ്ഞിട്ടുണ്ടാകും? പക്ഷേ, അന്നത്തെ ആ ചെറിയ കുട്ടി പപ്പയിൽ നിരാശയല്ല കണ്ടത്. വിശ്വാസമായിരുന്നു. പപ്പ കാത്തിരുന്നു. വിശ്വസിച്ചു. പ്രാർഥിച്ചാൽ ഉടനെ ഉത്തരം കിട്ടണമെന്നില്ലെന്നും, ഉത്തരം കിട്ടാൻ വൈകുന്നു എന്നതുകൊണ്ട് വിശ്വാസം ഉപേക്ഷിക്കരുതെന്നും പപ്പ എന്നെ പഠിപ്പിച്ചു.
വർഷങ്ങൾക്കുശേഷം, ഒരു സെയ്‌ലിങ് ചാംപ്യൻഷിപ്പിന്റെ സ്റ്റാർട്ടിങ് ലൈനിൽ നിൽക്കുമ്പോൾ ഞാൻ ആ പഴയ കുട്ടിയായിരുന്നില്ല. പക്ഷേ, എന്റെ ഉള്ളിൽ ആ കുട്ടി അപ്പോഴും ഉണ്ടായിരുന്നു. ഒഴിഞ്ഞ വല തിരിച്ചുവന്ന് നിറയുന്നത് കണ്ട കുട്ടി. ഒന്നും സംഭവിക്കുന്നില്ലെന്ന് കരുതി പിന്മാറരുതെന്ന് പഠിച്ച കുട്ടി. തണുപ്പുള്ള രാത്രിയിൽ പപ്പയുടെ കൈകളിൽ കിടന്ന്, അടുത്ത ദിവസം എന്താകുമെന്ന ആശങ്കയില്ലാതെ ഉറങ്ങിയ കുട്ടി. ഓരോ തവണ തോൽക്കുമ്പോഴും, എന്നെത്തന്നെ സംശയിക്കുമ്പോഴും, എന്തിനാണ് ഇപ്പോഴും സെയ്‌ലിങ് ചെയ്യുന്നതെന്ന് ആളുകൾ ചോദിക്കുമ്പോഴും ആ ഓർമകൾ എന്നോടൊപ്പമുണ്ടായിരുന്നു. അന്നു പറഞ്ഞു തന്ന പാഠങ്ങൾ ഒരിക്കൽ എന്റെ ജീവിതത്തിൽ ഇത്രയും
വിലപ്പെട്ടതാകുമെന്ന് ഒരുപക്ഷേ, പപ്പ പോലും കരുതിയിട്ടുണ്ടാകില്ല. ചിലപ്പോൾ കുറച്ചുകൂടി കാത്തിരിക്കണം. ചിലപ്പോൾ ഒരവസരം കൂടി ശ്രമിക്കണം. ചിലപ്പോൾ എല്ലാം ഉപേക്ഷിക്കാൻ തോന്നുന്ന നിമിഷത്തിന്റെ തൊട്ടുമുമ്പായിരിക്കും ഉത്തരം വരുന്നത്. ചിലപ്പോൾ നമ്മുടെ വല കാലിയായി തിരിച്ചുവന്നാലും ദൈവത്തിൽ വിശ്വസിച്ചുകൊണ്ടിരിക്കണം. ഇന്ന് എന്റെ ഏഷ്യൻ ഗെയിംസ് വെള്ളിമെഡലിലേക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത് ഒരു മെഡൽ മാത്രമല്ല. എന്റെ തോൽവികൾ ഞാൻ കാണുന്നു.വേദനിപ്പിച്ച നിരാശകൾ ഞാൻ കാണുന്നു.
ഓരോ തവണയും വീണ്ടും എഴുന്നേൽക്കാൻ കണ്ടെത്തിയ ധൈര്യം ഞാൻ കാണുന്നു. തിരകളിലൂടെ തെന്നിനീങ്ങാൻ മാത്രം ആഗ്രഹിച്ച ഒരു കൊച്ചുകുട്ടിയെ ഞാൻ കാണുന്നു. സ്വന്തം കുടുംബത്തെ പട്ടിണിയിലാക്കാതിരിക്കാനും മക്കളെ പഠിപ്പിക്കാനുമായി മൺസൂൺ കടലിനോട് പോരാടിയ ഒരു മത്സ്യത്തൊഴിലാളിയെ ഞാൻ കാണുന്നു. അവസാനത്തെ വലയിൽ മീൻ കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾ, തണുപ്പിൽ വിറച്ചുറങ്ങുന്ന മകനെ സ്വന്തം വസ്ത്രംകൊണ്ട് പുതപ്പിച്ച ഒരു പപ്പയെ ഞാൻ കാണുന്നു. 2008ൽ തുടങ്ങിയ ഈ യാത്ര എന്നെ എവിടെയെത്തിക്കുമെന്ന് അറിയാതെ മുന്നോട്ടുപോയപ്പോൾ, എന്നെ താങ്ങിനിർത്തിയ ആ വിശ്വാസത്തെയും ഞാൻ കാണുന്നു.
ഈ നിമിഷം കാണാൻ പപ്പാ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽക്കൂടി പപ്പായോടൊപ്പം മീൻപിടിക്കാൻ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽക്കൂടി പപ്പായുടെ അരികിലിരുന്ന് ആ പഴയ കാര്യങ്ങൾ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പപ്പാ, എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. എന്തുകൊണ്ടാണ് അന്ന് പപ്പ കാത്തിരുന്നതെന്ന്.എന്തുകൊണ്ടാണ് ഒരിക്കലും വിശ്വാസം കൈവിടാതിരുന്നതെന്ന്.കടൽ ശൂന്യമാണെന്ന് തോന്നിയപ്പോഴും എന്തുകൊണ്ടാണ് പ്രതീക്ഷയോടെ കടലിലേക്ക് നോക്കിയിരുന്നതെന്ന്. കാരണം, എനിക്ക് മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു കാര്യം പപ്പാക്ക് അറിയാമായിരുന്നു.കടലിന് അതിന്റേതായ സമയമുണ്ട്. ദൈവത്തിനും അവിടുത്തേതായ സമയമുണ്ട്.
ഇന്നും ആ കടലിലേക്ക് നോക്കുമ്പോൾ പപ്പയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നതുപോലെ തോന്നുന്നു. “കടലമ്മ തരും…” ദൈവം കനിഞ്ഞു. കടലമ്മ തന്നു.ഞാൻ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ തന്നു.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നായി തന്നു. ആ സമ്മാനം ലഭിക്കുന്നതിനു മുൻപ് എന്നെ വിശ്വസിക്കാൻ പഠിപ്പിച്ചത് എന്റെ പപ്പയായിരുന്നു. കടൽ എനിക്ക് വെള്ളിമെഡൽ തന്നു. പക്ഷേ, ആ മെഡലിലേക്കുള്ള യാത്രയിൽ തളരാതെ നിൽക്കാനുള്ള വിശ്വാസം എനിക്ക് തന്നത് എന്റെ പപ്പയാണ്.
English Summary:






English (US) ·