കടുത്ത പോരാട്ടത്തിൽ തോറ്റതിന്റെ കലിപ്പ്; ഹസ്തദാനത്തിനു ചെന്ന ഇന്ത്യൻ താരത്തിന്റെ കൈക്ക് അടിച്ച് പാക്ക് താരം, വ്യാപക വിമർശനം – വിഡിയോ

7 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 28 , 2025 09:35 PM IST Updated: May 28, 2025 09:55 PM IST

1 minute Read

ഹസ്‌തദാനത്തിനു കൈനീട്ടിയ ഇന്ത്യൻ താരത്തിന്റെ കൈകളിൽ അടിക്കുന്ന പാക്ക് താരം (വിഡിയോ ദൃശ്യം)
ഹസ്‌തദാനത്തിനു കൈനീട്ടിയ ഇന്ത്യൻ താരത്തിന്റെ കൈകളിൽ അടിക്കുന്ന പാക്ക് താരം (വിഡിയോ ദൃശ്യം)

ഷിംകെന്റ് (കസഖ്സ്ഥാൻ)∙ കസഖ്സ്ഥാനിൽ നടക്കുന്ന ജൂനിയർ ഡേവിസ് കപ്പിനിടെ വിവാദമായി ഇന്ത്യൻ താരത്തിനെതിരായ മത്സരത്തിൽ തോറ്റ പാക്കിസ്ഥാൻ താരത്തിന്റെ പെരുമാറ്റം. ഏഷ്യ–ഓഷ്യാനിയ അണ്ടർ 16 വിഭാഗത്തിലെ പ്ലേഓഫ് മാച്ചിൽ ഇന്ത്യൻ താരത്തോട് തോറ്റ പാക്ക് താരമാണ്, മത്സരശേഷം പതിവുള്ള ഹസ്തദാനത്തിനായി എത്തിയ ഇന്ത്യൻ താരത്തിന്റെ കൈക്ക് ശക്തിയായി അടിച്ചത്. അതിനുശേഷം മുന്നോട്ടു നടന്ന പാക്ക് താരം അടി ശരിക്കു കൊള്ളാത്തതിനെ തുടർന്ന് തിരിച്ചെത്തി വീണ്ടും ശക്തിയായി അടിക്കാൻ ശ്രമിക്കുന്നത് ക്യാമറയിൽ പതിഞ്ഞു.

മത്സരം നിയന്ത്രിച്ച ചെയർ അംപയർ ഉൾപ്പെടെ നോക്കിനിൽക്കുമ്പോഴാണ് സംഭവം. ഇക്കഴിഞ്ഞ 24നു നടന്ന മത്സരത്തിനു ശേഷമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക്ക് താരത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ പ്രകാശ് ശരൺ, ടാവിഷ് പാഹ്‌വ എന്നിവർ നയിച്ച ഇന്ത്യൻ ടീം കടുത്ത പോരാട്ടത്തിനൊടുവിൽ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. കടുത്ത പോരാട്ടം നടന്ന സിംഗിൾസ് മത്സരങ്ങളിൽ ടൈബ്രേക്കറിലാണ് ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ള എതിരാളികളെ വീഴ്ത്തിയത്. ഇതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങൾ ഉടലെടുത്തത്.

ഒരു സിംഗിൾസ് മത്സരത്തിനു ശേഷം പതിവുപോലെ നെറ്റിന് അടുത്തുചെന്ന് എതിരാളിക്ക് ഹസ്തദാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ താരത്തോടാണ് പാക്ക് താരം മോശമായി പെരുമാറിയത്. ഇന്ത്യൻ താരത്തിന്റെ നീട്ടിയ കരങ്ങളിലേക്ക് ക്രുദ്ധനായി ആഞ്ഞടിച്ച പാക്ക് താരം, അതു ശരിക്ക് കൊള്ളാത്തതിനെ തുടർന്ന് തിരിച്ചെത്തി വീണ്ടും അടിച്ചു. പാക്ക് താരത്തിന്റെ ഈ പെരുമാറ്റം മനഃപൂർവമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ രംഗത്തെത്തി.

അതേസമയം, പാക്ക് താരത്തിന്റെ പ്രകോപനത്തിൽ വീഴാതെ ശാന്തമായി പ്രതികരിച്ച ഇന്ത്യൻ താരം ഒന്നും മിണ്ടാതെ കോർട്ട് വിടുകയും ചെയ്തു. ഇത്തരമൊരു സന്ദർഭത്തിൽ മനഃസാന്നിധ്യം കൈവിടാതെ പ്രതികരിച്ച ഇന്ത്യൻ താരത്തിന് വലിയ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം മോശമായിരിക്കുന്ന ഘട്ടത്തിലാണ്, പാക്ക് താരത്തിന്റെ പ്രകോപനപരമായ പെരുമാറ്റവും ചർച്ചയാകുന്നത്. പാക്ക് പിന്തുണയുള്ള ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളെയും ഇത് ബാധിക്കുന്നതിനിടെയാണ് പാക്ക് താരം പ്രകോപനപരമായി പെരുമാറിയത്.

English Summary:

Pakistan Tennis Player's Rude Behaviour After Loss to India In U16 Davis Cup Sparks Outrage

Read Entire Article