'കഠിനം, തീവ്രം'; ഭീകരലുക്കില്‍ രശ്മിക; 'മൈസ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

6 months ago 6

Rashmika Mandanna mysaa

പ്രതീകാത്മക ചിത്രം, രശ്മിക മന്ദാന | Photo: Special Arrangement, AFP

വെള്ളിത്തിരയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. 'നാഷണല്‍ ക്രഷ്' എന്ന് ആരാധകര്‍ വിളിക്കുന്ന രശ്മിക തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍നിന്ന് വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. 'മൈസ' എന്നാണ് ചിത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാനാണ് 'മൈസ'യുടെ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തതത്. വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെന്‍ഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. 'ഹണ്ടഡ്, വൂണ്ടഡ്, അണ്‍ബ്രോക്കണ്‍' എന്ന ടാഗ്ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അണ്‍ഫോര്‍മുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. 'പുഷ്പ 2: ദി റൂള്‍', 'ഛാവ', 'സിക്കന്ദര്‍', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനുശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് 'മൈസ'. നൂറ് കോടിയിലധികം കളക്ഷന്‍ നേടി ധനുഷ് നായകനായി എത്തിയ 'കുബേര'യാണ് രശ്മികയുടെ ഇപ്പോള്‍ പ്രദര്‍ശനത്തിലുള്ള ചിത്രം.

ഇതുവരെ താന്‍ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പറഞ്ഞു. 'ഞാന്‍ എപ്പോഴും നിങ്ങള്‍ക്ക് പുതിയ, വ്യത്യസ്തമായ, ആവേശകരമായ എന്തെങ്കിലും നല്‍കാന്‍ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്, ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് കാണാന്‍ ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രം', എന്നാണ് രശ്മിക കുറിച്ചത്.

സഹനിര്‍മ്മാണം: സായി ഗോപ, ബാനര്‍: ആണ്‍ഫോര്‍മുല ഫിലിംസ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: ‘Mysaa’: First look from Rashmika Mandanna’s upcoming movie out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article