കണക്കിലും കളിയിലും ഓസീസ് തന്നെ മാസ്, പക്ഷേ ഒരുങ്ങിയിറങ്ങി ഇന്ത്യ; കമോൺ ഗേൾസ്!

2 months ago 4

നവി മുംബൈ∙ ജയിച്ചാലും തോറ്റാലും പിഴവുകളില്ലാതെ പോരാടുക; വനിതാ ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുമ്പോൾ ടീം ഇന്ത്യയുടെ നയം ലളിതമാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീം, ഈ ടൂർണമെന്റിൽ അപരാജിത കുതിപ്പു തുടരുന്ന ഏക ടീം തുടങ്ങി കണക്കിലും കളിയിലും ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ് ഓസ്ട്രേലിയ.

ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേ‍ർ വന്നപ്പോഴും ഇന്ത്യയ്ക്കെതിരെ റെക്കോർഡ് ജയവുമായാണ് ഓസീസ് മടങ്ങിയത്. എന്നാൽ ഭൂതകാലം നൽകിയ ഭീതിയിൽ കുടുങ്ങിക്കിടക്കാതെ, ആത്മവിശ്വാസത്തോടെ അവസാന പന്തുവരെ പൊരുതാൻ ഉറച്ചാണ് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങുക. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ഒരുങ്ങി ഇന്ത്യആശിച്ച തുടക്കമാണ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നാലെയേറ്റ തുടർ തോൽവികൾ ഒരു ഘട്ടത്തിൽ ടീമിന് ടൂർണമെന്റിന് പുറത്തേക്കുള്ള വഴിതുറക്കുമെന്നു വരെ ആരാധകർ കരുതി. അവിടെനിന്നാണ് നിർണായക മത്സരങ്ങളിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് ഇറങ്ങുമ്പോഴും ഇതേ പോർവീര്യമാണ് ടീം ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നതും. അസാധ്യ ഫോമിലുള്ള വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, ജെമിമ റോഡ്രിഗ്സ്, അമൻജോത് കൗർ എന്നിവർ കൂടി ചേരുന്നതോടെ ബാറ്റിങ് സുശക്തം. അവസാന ഗ്രൂപ്പ് മത്സരത്തിൽ പരുക്കേറ്റ ഓപ്പണർ പ്രതിക റാവലിനു പകരം ഷെഫാലി വർമയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെഫാലി നൽകുന്ന വെടിക്കെട്ട് തുടക്കം ടീമിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ബോളിങ്ങിൽ പേസർ ക്രാന്തി ഗൗഡും രേണുക സിങ് ഠാക്കൂറും മികച്ച ഫോമിലാണ്.

മൂന്നാം പേസറായി അമൻജോതും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. ദീപ്തി ശർമ നയിക്കുന്ന സ്പിൻ നിരയിൽ ശ്രീചരണി, സ്നേഹ് റാണ, രാധ യാദവ് തുടങ്ങി പ്രതിഭകൾക്ക് പഞ്ഞമില്ല. എന്നാൽ കരുത്തുറ്റ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്നതിൽ ഗ്രൂപ്പ് മത്സരത്തിൽ വരുത്തിയ വീഴ്ച സെമിയിൽ ആവർത്തിക്കാതെ നോക്കേണ്ട ചുമതല ബോളിങ് നിരയ്ക്കുണ്ട്.

മാസ് ഓസീസ്എട്ടാം ലോകകിരീടം മോഹിച്ചെത്തിയ ഓസീസിന് ടൂർണമെന്റിൽ ഇതുവരെ കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ആധികാരിക ജയങ്ങളുമായാണ് ടീം  സെമി വരെ എത്തിയത്. ക്യാപ്റ്റൻ അലീസ ഹീലി നയിക്കുന്ന ബാറ്റിങ് നിരയിൽ എലിസ് പെറി, ഫീബി ലിച്ച്ഫീൽഡ്, ആഷ്‌ലി ഗാർഡ്നർ, അന്നബെൽ സതർലൻഡ് തുടങ്ങി താര പ്രമുഖർ അനേകം. 

ബോളിങ്ങിൽ മേഗൻ ഷൂട്ട്, താഹ്‌ലിയ മഗ്രോ, കിം ഗാർത് പേസ് ത്രയത്തിലാണ് ഓസീസിന്റെ പ്രതീക്ഷ. സോഫി മൊലിനു, അലാന കിങ് എന്നീ സ്പിന്നർമാരും മികച്ച ഫോമിലാണ്.

മഴ പെയ്താൽ ‌‌റിസർവ് ഡേനവി മുംബൈയിൽ ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മഴമൂലം മത്സരം മുടങ്ങിയാൽ സെമിഫൈനലിന് നാളെ റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. നാളെയും മത്സരം നടന്നില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടും.

English Summary:

Women's World Cup Semi-Final: India Takes connected Unbeaten Australia successful Navi Mumbai Showdown

Read Entire Article