സുധി കോഴിക്കോട് | എസ്.ആർ. അനശ്വര
26 August 2025, 08:05 AM IST

സുധി കോഴിക്കോട് | Photo: Facebook/ Sudhi Kozhikode
“കണഴ്‌ത്തുമത്സരം എന്ന് കേട്ടിട്ടുണ്ടോ. ഓണക്കാലത്ത് ഞങ്ങളുടെ നാട്ടിലുള്ള അമ്പെയ്ത്തുമത്സരത്തിന് നാട്ടുകാർ പറയുന്ന പേരാണത്. ‘വില്ലുകുലച്ച്’ സമ്മാനം കിട്ടിയതിന്റെ കുഞ്ഞോർമ്മയുണ്ട് എന്റെ മനസ്സുനിറയെ.” -സിനിമാനടൻ സുധി കോഴിക്കോട്ടിന്റെ മനസ്സിൽ ഓണത്തിന്റെ ഓർമ്മകൾ പൂവിട്ടു.
ബാലുശ്ശേരിക്കു സമീപമുള്ള പനങ്ങാട് പഞ്ചായത്തിലെ രാരോത്ത് തറവാടും അവിടെയുണ്ടായിരുന്ന കൂട്ടുകുടുംബജീവിതവുമാണ് അദ്ദേഹത്തിന്റെ മനോഹരമായ ഓണക്കാലത്തിന്റെ മങ്ങാത്ത ഓർമ്മകൾ. “ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അമ്പെയ്ത്തുമത്സരം കാണുന്നത്. അത് കാണാൻപോയപ്പോൾ അന്നൊരു വില്ല് കിട്ടി. മത്സരത്തിൽ പങ്കെടുത്തു. രണ്ട് തോർത്തുമുണ്ടുകൾ സമ്മാനമായി ലഭിച്ചു. അത് ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓണസമ്മാനമാണ്” -സുധി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനി രാരോത്ത് മാധവൻ നായരുടെ കൊച്ചുമകനായാണ് സുധി വളർന്നത്. ഓണമെന്നാൽ കൂട്ടുകുടുംബവ്യവസ്ഥിതിയിലെ വലിയ ആഘോഷമായിരുന്നു. “അത്തം ഒന്നിന് തുടങ്ങുന്ന ഓണത്തിന്റെ ആവേശം തിരുവോണനാൾവരെ ഉണ്ടാകും. പൂവിളിയും പൂക്കൊട്ടയുമായി രാവിലെ എഴുന്നേറ്റ് പൂക്കൾ പറിക്കാനായി തറവാടിനു സമീപത്തെ കണ്ണാടിപ്പൊയിൽ ഭാഗത്തോ വാഴോറമലയിലോ പോകും. വേലിയേരിപ്പൂവും അരിപ്പൂവും തൊട്ടാവാടിപ്പൂവും മത്സരിച്ച് ശേഖരിക്കും. ചാണകം മെഴുകി ശുദ്ധീകരിച്ച തറവാട്ടുമുറ്റവും പൂത്തറയും തൃക്കാക്കരപ്പനും പൂക്കളവുമൊക്കെയായി ആരവങ്ങളുയർന്നിരുന്ന ആഘോഷകാലം. നാടിന്റെ ഇന്നലെകളെ ഓർമ്മപ്പെടുത്തലാണ് ഓണം. എന്നുപറഞ്ഞാൽ എന്റെ നാടാണ് എനിക്കോണം” -സുധിയുടെ ഓർമ്മകളിൽ നാടിനോടുള്ള സ്നേഹം നിറഞ്ഞു.
തന്റെ അഭിനയപരിശീലനക്കളരിയും തറവാടുതന്നെയായിരുന്നു. ഇന്നെത്തിച്ചേർന്ന സ്ഥിതിയിലേക്ക് കൈപിടിച്ചുയർത്തിയതും ആ നാടും ഗ്രാമീണ നാടകവേദികളുമായിരുന്നെന്നും സുധി കോഴിക്കോട് പറഞ്ഞു.
Content Highlights: Actor Sudhi Kozhikode shares cherished Onam memories from his childhood
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·