.jpg?%24p=39f0602&f=16x10&w=852&q=0.8)
സംവിധായകന്റെ കത്ത്, പ്രതീകാത്മക ചിത്രം | Photo: Instagram/ Azadi Movie
അപ്രതീക്ഷിത സിനിമാനുഭവമെന്ന ടാഗ് സ്വന്തമാക്കി തീയേറ്ററുകളിലെത്തിയ 'ആസാദി'യുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അഭ്യര്‍ഥനയുമായി ആശുപത്രി വരാന്തയില്‍നിന്ന് സംവിധായകന്റെ ഹൃദയംതൊടുന്ന കത്ത്. നവാഗത സംവിധായകന്‍ ജോ ജോര്‍ജാണ് സിനിമയ്ക്ക് പിന്നിലെ പിരിമുറുക്കമടക്കം പറഞ്ഞ് സമൂഹമാധ്യമത്തില്‍ കത്ത് പോസ്റ്റ് ചെയ്തത്. സിനിമ കണ്ടവരെല്ലാം ഈ സിനിമ വിജയിക്കണമെന്ന് പറയുന്നുണ്ടെന്നും അതിന് പ്രേക്ഷകര്‍ സഹകരിക്കണമെന്നും ജോ ജോര്‍ജ് പറയുന്നു.
'ഒരു ഘട്ടത്തില്‍ ഈ സിനിമ റിലീസ് അനന്തമായി നീളുമോ എന്ന ആധിയിലും ആകാംക്ഷയിലുമായിരുന്നു ഞങ്ങള്‍. 'ആസാദി'യിലെ കഥാപാത്രങ്ങഴളുടെ അതേ പിരിമുറുക്കം. അങ്ങനെയിരിക്കെ സിനിമ ഇന്‍ഡസ്ട്രിയിലെ ചിലര്‍ കാണാനിടയായത് ഞങ്ങളുടെ ജാതകം തിരുത്തി. അങ്ങനെ സെന്‍ട്രല് പിക്‌ച്ചേഴ്‌സിനെപ്പോലെ വലിയൊരു ബാനര്‍ 'ആലപ്പുഴ ജിംഖാന'യ്ക്ക് ശേഷം 'ആസാദി' തീയേറ്ററിലെത്തിക്കാം എന്ന് വാക്കുതന്നു. പിന്നാലെ മഴവില്‍ മനോരമയും മനോരമമാക്‌സും സിനിമയുടെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ നിങ്ങളും ഈ സിനിമയെ നെഞ്ചിലേക്ക് എടുത്തുവയ്ക്കുന്നു.'- ജോ ജോര്‍ജ് എഴുതുന്നു.
ശ്രീനാഥ് ഭാസി നായകനായ 'ആസാദി' അടിമുടി സസ്‌പെന്‍സ് ത്രില്ലറാണ്. ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീര്‍ത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സത്യനായി ലാലും അതിശക്തമായ വേഷങ്ങളിലെത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു.
കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ, എന്റെ ആദ്യസിനിമ പുറത്തിറങ്ങി ഇന്ന് മൂന്നാം ദിവസമാണ്. ഞാനിപ്പോള്‍ പ്രിയപ്പെട്ട ഒരാളുടെ ചികിത്സയ്ക്കായി ആശുപത്രി വരാന്തയിലിരിക്കുമ്പോള്‍ മനസ്സില്‍ ചെറിയ പിരിമുറുക്കമുണ്ട്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടി പറയുന്നതല്ല എന്നുകൂടി പറയട്ടെ. ഈ വരാന്തയില്‍ മഴ കണ്ട്, കൂടുതല്‍ പേരിലേക്ക് ഈ ചെറിയ സിനിമ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. 'ആസാദി' കണ്ട ശേഷം നിങ്ങളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണെന്ന് പലരും എന്നോട് പറഞ്ഞു. അത്രയ്ക്ക് ഈ സിനിമ നിങ്ങളുടെ ഹൃദയത്തില് തൊട്ടു എന്നറിയുന്നതില്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്.
ഒരുഘട്ടത്തില്‍ ഈ സിനിമ റിലീസ് അനന്തമായി നീളുമോ എന്ന ആധിയിലും ആകാംക്ഷയിലുമായിരുന്നു ഞങ്ങള്‍. 'ആസാദി'യിലെ കഥാപാത്രങ്ങളുടെ അതേ പിരിമുറുക്കം. അങ്ങനെയിരിക്കെ സിനിമ ഇന്‍ഡസ്ട്രിയിലെ ചിലര്‍ കാണാനിടയായത് ഞങ്ങളുടെ ജാതകം തിരുത്തി. അങ്ങനെ സെന്‍ട്രല് പിക്‌ച്ചേഴ്‌സിനെപ്പോലെ വലിയൊരു ബാനര്‍ 'ആലപ്പുഴ ജിംഖാന'യ്ക്ക് ശേഷം 'ആസാദി' തീയേറ്ററിലെത്തിക്കാം എന്ന് വാക്കുതന്നു. പിന്നാലെ മഴവില്‍ മനോരമയും മനോരമമാക്‌സും സിനിമയുടെ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ നിങ്ങളും ഈ സിനിമയെ നെഞ്ചിലേക്ക് എടുത്തുവയ്ക്കുന്നു.
ഈ മഴയത്തും സിനിമ കാണാനെത്തുന്ന നിങ്ങളോടൊരു വാക്ക് കൂടി. സിനിമ ഇഷ്ടമായെങ്കില്‍ അത് തന്ന ഫീല്‍ നിങ്ങള്‍ നിങ്ങളുടെ ഉറ്റവരോടും സുഹൃത്തുക്കളോടും പറയണം. അവരെക്കൂടി ഈ ലോകത്തേക്ക് പറഞ്ഞുവിടണം. കണ്ടവരെല്ലാം പറയുന്നുണ്ട്, ഈ സിനിമ വിജയിക്കണം എന്ന്. ആ വിജയത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ കൂടി കൈപിടിക്കണം. ഊണും ഉറക്കവും നീട്ടിവച്ച് ഈ സിനിമയ്‌ക്കൊപ്പം നിന്ന അനേകം പേരുടെ കൂടി സ്വപ്‌നമാണിത്.
കണ്ടും പറഞ്ഞും അറിഞ്ഞും ഈ സിനിമയെ വലുതാക്കുന്നവരോട് കടപ്പാടോടെ,
ജോ.
Content Highlights: Director of Azadi Jo George shares a heartwarming connection from the hospital
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·