
മോഹൻലാലും സംഗീത് പ്രതാപും | Photo: Instagram/ Sangeeth Prathap
ആശിര്‍വാദ് സിനിമാസിന്റെ നിര്‍മാണത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഹൃദയപൂര്‍വ്വം'. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോമ്പിനേഷനുവേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലാലു അലക്‌സ്, സംഗീത, സിദ്ധിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോംബോ പഴയ ശ്രീനിവാസന്‍- മോഹന്‍ലാല്‍ കോമ്പിനേഷന്‍ പോലെയാണെന്ന സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സംഗീത് പ്രതാപിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
'ഹൃദയപൂര്‍വ്വം' ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളാണ് സംഗീത് പ്രതാപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പമുള്ള സൗഹൃദനിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങളേക്കാളേറെ സംഗീത് പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
'ഞാന്‍ കണ്ടുവളര്‍ന്ന ഇതിഹാസം തന്നെയാണോ അതോ കാലങ്ങളായി അറിയുന്നവരെപ്പോലെ തമ്മില്‍ ചിരിക്കുന്ന കൂട്ടുകാരാനാണോ ഇദ്ദേഹമെന്ന് ഒരുപാട് തവണ ഞാന്‍ ആലോചിച്ചു. ഇതാണെന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മചിത്രങ്ങള്‍. ഈ ചിരികള്‍ക്ക് ഒരുപാട് നന്ദി ലാലേട്ടാ', എന്നാണ് സംഗീത് പ്രതാപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അഖില്‍ സത്യന്റെ കഥയില്‍ നവാഗതനായ ടി.പി. സോനുവാണ് 'ഹൃദയപൂര്‍വ്വ'ത്തിന് തിരക്കഥ ഒരുക്കിയത്. അനൂപ് സത്യനാണ് പ്രധാനസംവിധാന സഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ പ്രഭാകറിന്റേതാണ് സംഗീതം.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന 20-ാമത്തെ ചിത്രം എന്ന പ്രത്യേകത 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന്റെ കൈയ്യക്ഷരത്തിലാണ് 'ഹൃദയപൂര്‍വ്വ'ത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Content Highlights: Mohanlal & Sangeeth`s heartwarming collaboration successful Sathyan Anthikad's `Hridayapoorvam`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·