
കണ്ണപ്പ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
വിഷ്ണു മഞ്ചു നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ 'കണ്ണപ്പ'യുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതായെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ഫിലിം നഗർ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. നായകനായ വിഷ്ണു മഞ്ചുവിന്റെ ഓഫീസ് ജീവനക്കാരനായ രഘു, ചരിത എന്ന യുവതി എന്നിവർക്കെതിരെയാണ് കേസ്. ഇരുവരേയും നിലവിൽ കാണാനില്ല.
ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെഡ്ഡി വിജയ് കുമാർ ആണ് പോലീസിൽ പരാതി നൽകിയത്. കണ്ണപ്പ എന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട വിഎഫ്എക്സ് ഡാറ്റകൾ അടങ്ങിയ ഹാർഡ് ഡിസ്ക് തങ്ങളുടെ ഓഫീസിൽ നിന്ന് ദുരുപയോഗം ചെയ്യപ്പെട്ടെന്നാണ് ഇദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത്.
മുംബൈ ആസ്ഥാനമായുള്ള വിഎഫ്എക്സ് വിതരണക്കാരായ ഹൈവ് സ്റ്റുഡിയോസിൽ നിന്ന് കണ്ണപ്പയുടെ ഉള്ളടക്കം അടങ്ങിയ ഹാർഡ് ഡ്രൈവ് ഫിലിംനഗറിലുള്ള തന്റെ ഓഫീസിലേക്ക് കൊറിയർ വഴി അയച്ചിരുന്നതായി റെഡ്ഡി വിജയ് കുമാർ പരാതിയിൽ പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഹൈവ് സ്റ്റുഡിയോസിനെ ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മാർച്ച് 25-ന് ഡിടിഡിസി കൊറിയർ വഴി ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിൽ ഹാർഡ് ഡിസ്ക് എത്തിച്ചിരുന്നുവെന്ന് ഹൈവ് സ്റ്റുഡിയോസ് മറുപടി നൽകി. തുടർന്ന് ഹാർഡ് ഡിസ്ക് സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ക്രാന്തി, കൊറിയർ ഏജൻസിയുമായി ബന്ധപ്പെട്ട് പാഴ്സൽ കൈപ്പറ്റിയ വ്യക്തിയുടെ വിവരങ്ങൾ ശേഖരിച്ചു.
"കൊറിയർ കമ്പനിയുടെ രേഖകൾ പ്രകാരം, രഘുവാണ് ഹാർഡ് ഡിസ്ക് ഞങ്ങളുടെ ഓഫീസിൽ എത്തിച്ചത്. പരിശോധനയിൽ, രഘു ഈ ഹാർഡ് ഡിസ്ക് ചരിത എന്നയാൾക്ക് കൈമാറിയെന്ന് കണ്ടെത്തി. കമ്പനിയുടെ അനുമതിയില്ലാതെയും അറിയിക്കാതെയും അവർ ഡിസ്ക് കൈക്കലാക്കി," പരാതിക്കാരൻ ആരോപിച്ചു. റെഡ്ഡി വിജയ് കുമാറും സംഘാംഗങ്ങളും ചരിതയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും, ഇവർ പ്രതികരിച്ചില്ലെന്നും ഒഴിഞ്ഞുമാറിയെന്നും, ഇത് ദുരുദ്ദേശ്യപരമായ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്നും പരാതിയിൽ പറയുന്നു. രഘുവിനേയും ചരിതയേയും ഇപ്പോൾ കാണാനില്ലെന്നാണ് വിവരം.
കണ്ണപ്പ എന്ന ചിത്രത്തിൽ അണിയറപ്രവർത്തകർ അതീവ രഹസ്യമായി വച്ചിരിക്കുന്ന രംഗങ്ങളാണ് കാണാതായ ഹാർഡ് ഡിസ്കിലുള്ളതെന്ന് റെഡ്ഡിയുടെ പരാതിയിലുണ്ട്. ഇത് മൊത്തം സിനിമയെത്തന്നെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. എന്തെങ്കിലും വീഴ്ച സംഭവിക്കുന്നത് കമ്പനിയെ സാമ്പത്തികമായി നഷ്ടത്തിലാക്കുന്നതും സൽപ്പേരിനെ ബാധിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
രഘുവിനും ചരിതയ്ക്കും എതിരെ ബിഎൻഎസിലെ സെക്ഷൻ 316(2) (വിശ്വാസലംഘനം) പ്രകാരം ഞായറാഴ്ച ഫിലിം നഗർ പോലീസ് കേസെടുത്തിരിക്കുകയാണ്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് മോഹൻ ബാബു നിർമ്മിക്കുന്ന ചിത്രമാണ് കണ്ണപ്പ. പരമ ശിവന്റെ ഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. ചിത്രത്തിൽ വിഷ്ണു മഞ്ചുവാണ് പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്. ട്വന്റി-ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് വിഷ്ണു മഞ്ചു.
Content Highlights: Criminal Case Filed Over Misappropriation of "Kannappa" Movie's Confidential VFX Data
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·