27 June 2025, 09:25 PM IST

പ്രതീകാത്മക ചിത്രം | Photo: X/ Hail Prabhas
വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിങ് സംവിധാനംചെയ്ത 'കണ്ണപ്പ' വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തില്‍ അതിഥിവേഷത്തിലുണ്ട്. ചിത്രത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ വിവിധ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിലെ നായകനും നിര്‍മാതാക്കളില്‍ ഒരാളുമായ വിഷ്ണു മഞ്ചുവിനെതിരേ കേസുകൊടുക്കുമെന്ന് പറയുകയാണ് ഒരു പ്രഭാസ് ആരാധകന്‍.
വിഷ്ണു മഞ്ചു തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രഭാസ് ആരാധകന്റെ ആരോപണം. പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണം രാജു അഭിനയിച്ച, 1976-ല്‍ പുറത്തിറങ്ങിയ 'ഭക്തകണ്ണപ്പ' പോലൊരു ചിത്രമെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മഞ്ചുവിനെതിരേ പ്രഭാസ് ആരാധകന്റെ ആരോപണം. ചിത്രത്തില്‍ ഭക്തിക്കുപകരം വിഷ്ണു മഞ്ചുവിന്റെ ഹീറോയിസമാണുള്ളതെന്നും പ്രഭാസ് ആരാധകന്‍ കുറ്റപ്പെടുത്തി. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്.
'തെറ്റായവിവരം പ്രചരിപ്പിച്ചതിന് ഞാന്‍ അയാള്‍ക്കെതിരേ കേസുകൊടുക്കും. അയാള്‍ വാര്‍ത്താസമ്മേളനത്തില്‍ എന്താണ് പറഞ്ഞത്? ആദ്യപകുതിയില്‍ ശിവ എവിടെ? ഞാന്‍ പ്രഭാസ് ആരാധകനാണ്. ഞാന്‍ 'ഭക്തകണ്ണപ്പ' സിനിമ കണ്ടശേഷമാണ് ഇവിടെ വന്നത്', പ്രഭാസ് ആരാധകന്‍ പറയുന്നു.
'അദ്ദേഹത്തിന്റെ കുടുംബം നിങ്ങള്‍ക്ക് ചിത്രം നിര്‍മിക്കാന്‍ അവകാശങ്ങള്‍ നല്‍കി. നിങ്ങളുടെ സ്വപ്‌നചിത്രമായിരിക്കാം, എന്നുകരുതി തോന്നിയപോലെ സിനിമ മാറ്റാന്‍ കഴിയില്ല. ട്രെയ്‌ലറിലും പത്രസമ്മേളനത്തിലും വ്യാജവിവരങ്ങളാണ് നല്‍കിയത്. 'ഭക്തകണ്ണപ്പ' പോലെ ഒരു ചിത്രം എന്ന് പ്രചരിപ്പിച്ചിട്ട് എന്തിനാണ് നിങ്ങളുടെ ഹീറോയിസം കാണിക്കുന്നത്? ഭക്തി കാണിക്കൂ. ഞങ്ങള്‍ പ്രഭാസിന് വേണ്ടിയാണ് വന്നത്. അദ്ദേഹത്തെ രണ്ടാം പകുതിയില്‍ 20 മിനിറ്റോളം കണ്ടു. അതുമതി'- ആരാധകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Prabhas Fan Wants To Sue Vishnu Manchu After Watching ‘Kannappa’
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·