കണ്ണീരോടെ മെസ്സി എത്തി, അവസാന ഹോം മാച്ചില്‍ ഇരട്ടഗോള്‍; അര്‍ജന്റീനയ്ക്ക് ഗംഭീരവിജയം

4 months ago 6

messi

മത്സര ശേഷം ലയണൽ മെസ്സി |ഫോട്ടോ:AP

ബ്യൂണസ് ഐറിസ്: അര്‍ജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരത്തില്‍ ഇരട്ടഗോള്‍ നേടി ഇതിഹാസതാരം ലയണല്‍ മെസ്സി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന്‌ അര്‍ജന്റീന പരാജയപ്പെടുത്തി.

സ്വന്തം മണ്ണില്‍ അവസാനമായി കളിക്കാനിറങ്ങിയപ്പോള്‍ കണ്ണീരോടെയാണ് മുപ്പത്തെട്ടുകാരനായ മെസ്സി കളിക്കളത്തിലേക്ക് എത്തിയത്. 80,000 ത്തിലധികം ആരാധകര്‍ കരഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു. അവര്‍ക്ക് മുന്നില്‍ രണ്ട് തകര്‍പ്പന്‍ ഗോളുകളും സ്വന്തമാക്കി നാട്ടിലെ വിടവാങ്ങൽ മത്സരം മെസ്സി ഗംഭീരമാക്കുകയും ചെയ്തു. 39, 80 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. മാര്‍ട്ടിനസ്സാണ് അര്‍ജന്റീനയ്ക്കായി മറ്റൊരു ഗോള്‍ നേടിയത്.

ആദ്യ ഗോള്‍ 39-ാം മിനിറ്റിലാണ് പിറന്നത്. ജൂലിയന്‍ അല്‍വാരസ് വെനിസ്വേലന്‍ പെനാല്‍റ്റി ഏരിയയിലേക്ക് കയറി, പക്ഷേ ഷൂട്ട് ചെയ്യുന്നതിന് പകരം പന്ത് ഗോള്‍ മുഖത്തേക്ക് സ്‌ക്വയര്‍ ചെയ്തു. ക്യാപ്റ്റനെ അരികില്‍ കണ്ട അല്‍വാരസ് മെസ്സിക്കായി പന്ത് ഒരുക്കി നല്‍കി. മെസ്സി തന്റെ പ്രശസ്തമായ ഇടതുകാല്‍ കൊണ്ട് ശാന്തമായി ലക്ഷ്യത്തിലേക്ക് പന്തെത്തിച്ചു.

മെസ്സി മക്കള്‍ക്കൊപ്പം

76-ാം മിനിറ്റിലായിരുന്നു മാര്‍ട്ടിനസ്സിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. മെസ്സി ആരംഭിച്ച വേഗത്തിലുള്ള ആക്രമണം നിക്കോ ഗൊണ്‍സാലസ് ബോക്‌സിലേക്ക് ഉറച്ച ക്രോസ് നല്‍കിയതോടെ അവസാനിച്ചു. കൃത്യമായ സ്ഥാനത്ത് കാത്തുനില്‍ക്കുകയായിരുന്ന മാര്‍ട്ടിനെസ് പന്ത് ഗോളിലേക്ക് ഹെഡ് ചെയ്തുകൊണ്ട് അര്‍ജന്റീനയ്ക്ക് 2-0 എന്ന സ്‌കോര്‍ നേടിക്കൊടുത്തു. 80-ാം മിനിറ്റില്‍ മറ്റൊരു മനോഹര നീക്കത്തിലൂടെ അല്‍മാഡയുടെ പാസില്‍നിന്ന് ഇതിഹാസ താരം ലക്ഷ്യത്തിലേക്ക് കൃത്യതയോടെ തൊടുത്തുവിട്ടു.

വിരമിക്കല്‍ സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇനി നാട്ടില്‍ കളിക്കാന്‍ മെസ്സിക്ക് അവസരം ലഭിക്കാനിടയില്ല. വെനസ്വേലയ്‌ക്കെതിരായ മത്സരം ഏറെ പ്രധാനപ്പെട്ടതാണെന്ന് മെസ്സിയും പ്രഖ്യാപിരുന്നു. ഭാര്യയും കുട്ടികളും ബന്ധുക്കളും മത്സരം കാണാനെത്തിയിരുന്നു. യോഗ്യതാ റൗണ്ടില്‍ അടുത്ത മത്സരം ഇക്വഡോറിനെതിരേ അവരുടെ നാട്ടിലാണ്. അതു കഴിഞ്ഞാല്‍ അര്‍ജന്റീനയുടെ സൗഹൃദമത്സരങ്ങള്‍ അധികവും വിദേശത്താണ്. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനുശേഷം മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

Content Highlights: Lionel Messi Scores Twice In Possible Farewell Game As Argentina Beat Venezuela

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article